ഇതാ ഒരു നവമാദ്ധ്യമപ്രവര്‍ത്തകന്‍

ഇത് ബാബു. എം ബി ബാബു മാളയെന്ന് എഫ് ബി പ്രൊഫൈല്‍. തൃശ്ശൂര്‍ ജില്ലയിലെ മാളയിലാണു വീട്. ഒരു ദേശത്തെ എങ്ങനെ ഡിജിറ്റലായി അടയാളപ്പെടുത്താമെന്ന് ബാബുവിന്റെ പ്രൊഫൈല്‍ പറയും. ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ ബിരുദങ്ങളൊന്നും ബാബുവിനില്ല. ഈ നവമാദ്ധ്യമപ്രവര്‍ത്തകന്‍ ചിത്രീകരിച്ച പ്രളയകാലത്തെ മാള നാളെ വെളിച്ചപ്പെടുകയാണു.മാള ഗ്രാമപഞ്ചായത്ത് ഹാളിനടുത്ത് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണു ബാബു നടത്തിയ പ്രളയകാലത്തെ പരിശ്രമങ്ങളുടെ മുദ്രണം

ഇതാ ഒരു നവമാദ്ധ്യമപ്രവര്‍ത്തകന്‍എം ബി ബാബു മാള

മാള : തൃശ്ശൂർ ജില്ലയിലെ മാള സ്വദേശിയാണു ബാബുവെന്ന എം ബി ബാബു മാള. കൊടുങ്ങല്ലൂര്‍, നെടുമ്പാശ്ശേരി, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങള്‍ക്കിടയിലെ ചരിത്രവും രാഷ്ട്രീയവും സംസ്ക്കാരവും ഒക്കെ പ്രതിഫലിക്കുന്ന നാട് കൂടിയാണിത്. ഈ ദേശത്തിന്റെ പൂര്‍വ്വകാലങ്ങളിലേക്ക് ഒരു യാത്ര നടത്തണമെങ്കില്‍ നിങ്ങള്‍ക്ക് ബാബുവിനെ സമീപിക്കാം. കഴിഞ്ഞ 5 വര്‍ഷത്തെ സമീപചരിത്രമാണെങ്കില്‍ എളുപ്പമായി. അതിനു അദ്ദേഹത്തെ നേരില്‍ കാണണമെന്ന് പോലുമില്ല. ഇതാ ഈ ഫേസ് ബുക്ക് വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെയും ഒന്ന് യാത്ര ചെയ്താല്‍ മതി.

കൊടുങ്ങല്ലൂരമ്മയുടെ തിരുനടയിൽ നിന്ന് തിരുമേനിയും സംഘവും പുഴ കടന്ന് കോഴിക്കുളങ്ങര ഭഗവതിയുടെ സന്നിധിയിലേയ്ക്ക്

വട്ടക്കോട്ട ശ്രീ രുദ്ര ഭുവനേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം 2018 താലം വരവ്

പ്രളയകാലത്തെ ഒരു ബാബു ചിത്രം


ബാബുവിലെ മാദ്ധ്യമപ്രവര്‍ത്തകനു വലുപ്പ-ചെറുപ്പങ്ങളില്ല. ജാതിമത-കക്ഷിരാഷ്ട്രീയ പരിഗണനകളില്ല. നല്ലത് എന്ത് കണ്ടാലും അത് പകര്‍ത്തും. അത് സ്വന്തം സമയവും പണവും മുടക്കി പൊതുജനങ്ങളിലെത്തിക്കും. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹങ്ങള്‍, മരണം, ഉദ്ഘാടനങ്ങള്‍ എന്ന് വേണ്ട മാളയിലെ ചെറുചലനങ്ങള്‍ പോലും ഈ 45 കാരന്റെ ക്യാമറയില്‍ പതിയും. ഫോട്ടോഗ്രാഫിയില്‍ ബാബുവിനുള്ള കമ്പം കണ്ട് ഒരു നല്ല മനുഷ്യന്‍ സമ്മാനിച്ചതാണു ഇപ്പോള്‍ കയ്യിലുള്ള ക്യാമറ.

പ്രളയകാലത്ത് ബാബുവിനും കൂടെയുള്ള ക്യാമറക്കും മൊബൈല്‍ ഫോണിനും പണിയോട് പണിയായിരുന്നു. എത്ര പടങ്ങളും വീഡിയോകളുമാണു എടുത്തതെന്ന് ബാബുവിനു തന്നെ തിട്ടമില്ല. അതില്‍ ചിലത് പ്രദര്‍ശിപ്പിക്കുകയാണു മാള നഗരത്തില്‍ ഈ ചെറുപ്പക്കാരന്‍ നാളെ. അതെ എം ബി ബാബു മാളയുടെ പ്രളയചിത്രങ്ങളുടെ പ്രദര്‍ശനം നാളെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ നടക്കും. സ്ഥലം : മാള ഗ്രാമപഞ്ചായത്ത് ഹാളിനു സമീപം .

പ്രദര്‍ശനങ്ങളുടെ സ്ഥലത്ത് ഒരു ചെറിയ പെട്ടി വയ്ക്കുമെന്നും, മനസ്സുള്ളവര്‍ അതിലിടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും ബാബു തത്സമയത്തോട് പറഞ്ഞു. മാളയിലുള്ള പൊതുപ്രവര്‍ത്തകരും ബാബുവിനു പിന്തുണയുമായുണ്ട്.

പുത്തന്‍ ചിറയാണു ഈ നവമാദ്ധ്യമപ്രവര്‍ത്തകന്റെ ജന്മനാട്. പക്ഷേ, കുറച്ചധിക കാലം വളര്‍ന്നത് അമ്മവീടായ മാളപള്ളിപ്പുറത്താണു. ബാബുവിനു 15 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഭാസ്ക്കരന്‍ മരിച്ചു. ഇപ്പോള്‍ അമ്മയോടൊപ്പം പുത്തന്‍ ചിറയില്‍ താമസിക്കുന്നു. മാളയിലെ ഒരു ഹെല്‍ത്ത് ക്ലബ്ബിലാണു ജോലി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പീഡിഗ്രി പൂര്‍ത്തിയാക്കിയ ബാബുവിന്റെ ജീവിതസഖി ക്യാമറയാണു. എന്തേ വിവാഹം കഴിച്ചില്ല എന്ന പതിവ് ചോദ്യം ചോദിച്ചപ്പോള്‍ നിഷ്കളങ്കമായ ആ ചിരിയോടെ മറുപടി വന്നു. എന്നാല്‍ ഇതിനൊക്കെ പറ്റുമോ ?

എന്തായാലും കര്‍മ്മം കൊണ്ട് ഒന്നാംതരം നവമാദ്ധ്യമപ്രവര്‍ത്തകനായി മാറിയ എം ബി ബാബു മാളയുടെ പ്രളയചിത്രങ്ങളുടെ പ്രദര്‍ശനം നാളെയാണ്. ബാബുച്ചേട്ടൻ, മാളക്കാരുടെ മൂന്നാം കണ്ണ് എന്നാണു നിഖില്‍ പി വിയെന്ന മാളക്കാരന്‍ ബാബുവിനെ വിശേഷിപ്പിക്കുന്നത്. വലിയപറമ്പില്‍ ഹോളിവുഡ് സ്റ്റുഡിയോ നാളത്തെ പ്രദര്‍ശനത്തിനായി സഹകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ബാബു പറഞ്ഞു. മറ്റൊരു നല്ല മനസ്സിന്റെ ഉടമ രണ്ടായിരം രൂപ സംഭാവന ചെയ്തതായും.

ഈ പോസ്റ്റ് കൂടി വായിച്ചിട്ട് നമുക്ക് ബാബുവിന്റെ പ്രളയചിത്രങ്ങള്‍ കാണാന്‍ പോകാം. ബാബുവിന്റെ കൂട്ടുകാരനും, മേഖലയിലെ സാംസ്ക്കാരികപ്രവര്‍ത്തകനും പൊലീസ് ഉദ്യോഗസ്ഥനുമായ രാജീവ് നമ്പീശന്റെ വരികളാണത്.

പ്രിയരെ,

ഇത് ബാബു

മാളയിലാണ് വീട്:

ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി

പ്രധാന വിനോദം ഫോട്ടോഗ്രാഫി

മാളയിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടുമിക്ക പൊതുപരിപാടികളിലും ഓടിയെത്തി ചിത്രങ്ങളെടുക്കുകയും അവയെല്ലാം നവ മാധ്യമങ്ങളിലൂടെ ലോകത്തിനു മുൻപിൽ എത്തിയ്ക്കുകയും ചെയ്യുന്ന സഹൃദയൻ

ബാബുവിന്റെ ക്യാമറക്കണ്ണിൽ ഒറ്റയ്ക്കലെങ്കിലും പെടാത്തവർ

മാളയിൽ കുറവാകും

ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം ഞാനക്കമുള്ള സുഹൃത്തുക്കളുടെ ഏറെക്കാലമുള്ള സ്വപ്നമാണ്

ആ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് നാളെ നടക്കുന്നത്

ബാബു കണ്ട മാളയിലേയും പരിസര പ്രദേശങ്ങളിലേയും പ്രളയ ദിനകാഴ്ച്ചകളും അതിജീവനത്തിന്റെ നല്ല നിമിഷങ്ങളും കോർത്തിണക്കിയ നൂറിലേറെ ഫോട്ടോകളുടെ ഒരു പ്രദർശനം 28-9-2018 മാള ഗ്രാമ പഞ്ചായത്ത് ഹാളിന് സമീപം രാവിലെ 10 മുതൽ 5 വരെ

ലൈക്കും കമന്റും മാത്രം പോരാട്ടോ..

എല്ലാരും വരണം

നമുക്ക് ഗംഭീരമാക്കണം

സ്നേഹപൂർവ്വം


Read More >>