റെയിന്‍ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം മൂന്നാറില്‍

കാടുകള്‍ പൂക്കട്ടെ, പക്ഷികള്‍ പാടട്ടെ - ഭൂമുഖത്ത് അവശേഷിക്കുന്ന പച്ചപ്പുകൾ സംരക്ഷിച്ച് നിർത്തേണ്ടതിന്റെ ആവശ്യകത വരുംതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്നതാണ് മേളയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. 25, 26, 27 തീയതികളിൽ മൂന്നാർ സിൽവർടിപ്‌സ് ഹോട്ടലിൽ നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഫീച്ചർ, ഷോർട്ട് ഫിക്ഷൻ വിഭാഗങ്ങളിലായി ഇന്ത്യക്ക് പുറമേ ഫ്രാൻസ്, നോർവേ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതോളം സിനിമകളും കുട്ടികളുടെ വിഭാഗത്തിൽ അറുപതിലധികം ചിത്രങ്ങളും പ്രദർശിപ്പിക്കും

റെയിന്‍ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം മൂന്നാറില്‍

ഇടുക്കി: ഇടുക്കിയുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രമേളയ്ക്ക് വേദിയാകാൻ മൂന്നാർ ഒരുങ്ങുന്നു.സിനിമ സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന ബേർഡ്‌സ് ക്ലബ് ഇന്റർനാഷണൽ എന്ന സംഘടനയാണ് വിദ്യാഭ്യാസം, വനം, ടൂറിസം വകുപ്പുകളുടെയും വ്യാപാരി വ്യവസായികൾ, വിനോദസഞ്ചരംഗത്തെ സംരംഭകർ എന്നിവരുടെയും സഹകരണത്തോടെ പ്രകൃതി സംരക്ഷണത്തിനൊപ്പം വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ട് ആദ്യത്തെ 'റെയിൻ ഇന്റർനാഷണൽ നേച്ചർഫിലിം ഫെസ്റ്റിവൽ' നടത്തുന്നത്. കാടുകൾ പൂക്കട്ടെ, പക്ഷികൾ പാടട്ടേ... എന്നതാണ് ഇടുക്കിയുടെ പ്രഥമ ചലച്ചിത്രമേള ലോകത്തിന് നൽകുന്ന സന്ദേശം.

ഭൂമുഖത്ത് അവശേഷിക്കുന്ന പച്ചപ്പുകൾ സംരക്ഷിച്ച് നിർത്തേണ്ടതിന്റെ ആവശ്യകത വരുംതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്നതാണ് മേളയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. 25, 26, 27 തീയതികളിൽ മൂന്നാർ സിൽവർടിപ്‌സ് ഹോട്ടലിൽ നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഫീച്ചർ, ഷോർട്ട് ഫിക്ഷൻ വിഭാഗങ്ങളിലായി ഇന്ത്യക്ക് പുറമേ ഫ്രാൻസ്, നോർവേ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതോളം സിനിമകളും കുട്ടികളുടെ വിഭാഗത്തിൽ അറുപതിലധികം ചിത്രങ്ങളും പ്രദർശിപ്പിക്കും. റയാൻ പാട്രിക് കില്ലേക്കി എന്ന അമേരിക്കൻ സംവിധായകൻ ആമസോൺ കാടുകളിൽ ഒരുവർഷം നീണ്ട പരിശ്രമത്തിലൂടെ ചിത്രീകരണം പൂർത്തിയാക്കിയ 'യാസുനി മാൻ' എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്.

സംവിധായകൻ റയാൻ പാട്രക്ക്, എ ലൈഫ് ലൈൻ എന്ന ജപ്പാൻ സിനിമയുടെ സംവിധായകൻ യിമാസു ഹിദേകൂനി, കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളി, ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ, രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാത്രജ്ഞർ തുടങ്ങി നിരവധി പ്രതിഭകൾ മൂന്നുദിവസവും മേളയിൽ പങ്കെടുക്കും. സംസ്ഥാനത്തെ സ്‌കൂൾ കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ബേർഡ്‌സ് ക്ലബുകളിൽ നിന്നുള്ള 250 വിദ്യാർത്ഥികൾ സ്ഥിരം ഡെലിഗേറ്റുകളായുണ്ടാകും.

ഇതിന് പുറമേ വിനോദസഞ്ചാരികൾക്കും തദ്ദേശവാസികൾക്കും സിനിമകൾ കാണാൻ അവസരമുണ്ട്. വിദ്യാർത്ഥികളുടെ താമസം, യാത്ര, ഭക്ഷണം തുടങ്ങിയ മുഴുവൻ ചെലവുകളും സംഘാടകരാണ് വഹിക്കുന്നത്.

25ന് വൈകിട്ട് 5.30ന് മേളയുടെ വിളമ്പരം കുറിച്ചുകൊണ്ട് മൂന്നാർ ടൗണിൽ ഡി.ടി.പി.സി യുടെ നേതൃത്വത്തിൽ വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. 25നും 26നും വൈകിട്ട് വിവിധ കലാപരിപാടികൾ നാടൻ കലാരൂപങ്ങൾ എന്നിവ അരങ്ങേറും. ഡെലിഗേറ്റ്‌സുകളായി എത്തുന്ന വിദ്യാർത്ഥികൾക്ക് ഇരവികുളം ദേശിയോദ്യാനത്തിൽ ട്രക്കിംഗിനും പക്ഷിനിരീക്ഷണത്തിനും അവസരമൊരുക്കിയിട്ടുണ്ട്. ഈ വർഷം മൂന്നാറിൽ തുടക്കം കുറിക്കുന്ന മേള എല്ലാവർഷവും മുടങ്ങാതെ നടക്കുമെന്നും അതിന് വനവും വിനോദസഞ്ചാരവുമെല്ലാമുള്ള ഏതെങ്കിലുമൊരു സ്ഥലം സ്ഥിരംവേദിയുണ്ടാകുമെന്നും സംവിധായകൻ ജയരാജ് പറഞ്ഞു.

Read More >>