നിള ഒഴുകുകയാണ് നൃത്തത്തോടൊപ്പം

നിളയുടെ കുഞ്ഞിക്കാലുകളിലെ താളം കണ്ടെത്തിയപ്പോൾ അവളെ വലിയ നർത്തകിയാക്കണമെന്ന മോഹം ആദ്യമുദിച്ചത് അമ്മ ഷീബയുടെ മനസ്സിലായിരുന്നു. പക്ഷേ, ഒരു ഗുരുവിനെ കണ്ടെത്തും മുമ്പേ അമ്മ യാത്രയായി.

നിള ഒഴുകുകയാണ്   നൃത്തത്തോടൊപ്പം

ശ്രീവിദ്യ മോഹന്‍

അമ്മ നഷ്ടപ്പെടുമ്പോൾ നിളയ്ക്കു മൂന്നൂ വയസ്സാണ്. അമ്മയില്ലാത്ത ആ കുഞ്ഞിന്റെ ജീവിതത്തിനു നൃത്തം പുതിയ താളമായി. അതു യാദൃച്ഛികമല്ല. നിളയുടെ കുഞ്ഞിക്കാലുകളിലെ താളം കണ്ടെത്തിയപ്പോൾ അവളെ വലിയ നർത്തകിയാക്കണമെന്ന മോഹം ആദ്യമുദിച്ചത് അമ്മ ഷീബയുടെ മനസ്സിലായിരുന്നു. പക്ഷേ, ഒരു ഗുരുവിനെ കണ്ടെത്തും മുമ്പേ അമ്മ യാത്രയായി.

ഭാര്യയുടെ മരണം മാധ്യമ പ്രവർത്തകനായ ബിജുനാഥിനു താങ്ങാവുന്ന ദുരന്തമായിരുന്നില്ല. അമ്മയില്ലാത്ത മകൾ അതിലും വലിയ വേദനയായി. ആ ര്ണ്ടു വേദനകളെ മറികടക്കാൻ അമ്മയുടെ ആഗ്രഹം പോലെ മകളെ വലിയ നർത്തകിയാക്കാൻ ബിജുനാഥ് ജീവിതം ഉഴിഞ്ഞു വച്ചു.

അതു കൊണ്ടു തന്നെ നിളയ്ക്ക് നൃത്തം ഒരു കുട്ടിക്കളിയല്ല. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് ഈ കൊച്ചു കലാകാരി. മൂന്ന് വയസ്സുമുതലാണ് നിള നൃത്തം അഭ്യസിച്ചു തുടങ്ങിയത്. എന്നാൽ നൃത്തം പഠിച്ച് തുടങ്ങി ആറ് വർഷം കൊണ്ടുതന്നെ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം കുറിച്ചു നിള.

കോഴിക്കോട് കക്കോടി സ്വദേശിയായ നിള സദനം ശശിധരന്റെ കീഴിലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് കലാമണ്ഡലം സത്യവ്രതന്റെ കീഴിലും നൃത്തം പരിശീലിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ മൂന്നിനങ്ങളിലും മികവാർന്ന പ്രകടനമാണ് നിള കാഴ്ചവെയ്ക്കുന്നത്. ഈ മികവിന് കൂട്ടായി 2018 ലെ ചൈൽഡ് ആർട്ടിസ്റ്റ് പുരസ്‌കാരവും, ബാല ഓജസി പുരസ്‌കാരവും നിളയേത്തേടിയെത്തി. ഇന്ന് ദേശീയ ശ്രദ്ധ നേടിയ കലാകാരിയാണ് നിള.

ഇന്ത്യയ്ക്ക് അകത്തുതന്നെ വിവിധ സംസ്ഥാനങ്ങളിലായി നാൽപതോളം സ്‌റ്റേജുകളിൽ നിള നൃത്തം അവതരിപ്പിച്ചു കഴിഞ്ഞു. കൂടാതെ ദുബൈയിൽ നാദം നൃത്യകലാകേളി നൃത്തോൽസവത്തിൽ പ്രഗല്ഭരായ നൃത്ത കലാകാരന്മാർക്കൊപ്പം ചുവടുവെയ്ക്കാനും നിളയ്ക്ക് കഴിഞ്ഞു.

പല ദേശീയ മാദ്ധ്യമങ്ങളിലും നിളയുടെ നൃത്തത്തെക്കുറിച്ച് ലേഖനങ്ങളും, റിപ്പോർട്ടുകളും വന്നിട്ടുണ്ട്. നർത്തകിയാവണമെന്നുതന്നെയാണ് നിളയുടെ ആഗ്രഹം. ദിവസവും ചിട്ടയോടുകൂടിയുള്ള നൃത്തപരിശീലനമാണ് തന്റെ വിജയത്തിന് ആധാരമെന്ന് നിള പറയുന്നു. ചേളന്നൂർ എ.കെ.കെ ആർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിള. ചിന്മയ വിദ്യാലത്തിൽ പ്‌സ്ടു വിദ്യാർഥിയായ അനേഷ് ബദരീനാഥ് സഹോദരനാണ്.ഒരു മണിക്കൂർ നീളുന്ന ഭരതനാട്യ കച്ചേരി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഈ കലാകാരി. കൂടുതൽ പരീക്ഷണങ്ങളും, കലാപ്രകടനങ്ങളും നടത്തുവാനാണ് നിളയുടെ ആഗ്രഹം. പ്രശസ്ത നർത്തകികളാ പല്ലവി കൃഷ്ണന്റെയും ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയുടെയും കീഴിൽ വിദഗ്ധ പരിശീലനം നേടുന്നുണ്ട്.

Read More >>