അഷിത ഇനി ചിരസ്മരണ

മുത്തശ്ശിയും പതിനേഴു വയസ്സുള്ള അഷിതയും മാത്രം തനിച്ചൊരു തറവാട്ടിൽ ആഘോഷിച്ച വിഷു. ''തങ്ങളേക്കാൾ ഏകാന്തതയിൽ തങ്ങളുടെ നിഴലുകൾ മാത്രം''-എന്നവരെഴുതുന്നു

അഷിത ഇനി ചിരസ്മരണ

ഷിജു ആർ

ഒരു തിരക്കിട്ട ട്രെയിൻ യാത്രയിൽ, അല്ലെങ്കിൽ ഒരു നഗരത്തിലെ ഏതെങ്കിലും സ്ഥാപനത്തിൽ വച്ച് നിങ്ങളൊരാളെ പരിചയപ്പെടുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകൾ കൊണ്ട് അവ/യാൾ നിങ്ങളുടെ ഉള്ളിൽ വല്ലാതെ വേരു പടർത്തുന്നു. നിങ്ങൾക്ക് നിങ്ങളെത്തന്നെ കാണിച്ചു തരുന്ന കണ്ണാടി പോലെ സംസാരിച്ച്, ജന്മാന്തര ബന്ധത്തിന്റെ ഉള്ളുലച്ചിൽ പകർന്ന്, പോവരുതേ എന്ന് നിങ്ങളാഗ്രഹിക്കുന്ന നേരത്ത്, പൊടുന്നന്നെ അവ/യാൾ അപ്രത്യക്ഷയാവുന്നു .

പരിമിതമായ വായനയിൽ ഇങ്ങനെ തോന്നിയവരാണ് അഷിതയുടെ കഥാപാത്രങ്ങൾ. പറഞ്ഞതിലേറെ പറയാൻ ബാക്കി വച്ച് അവരങ്ങു പോവും. തീവ്രമായ വായനാനുഭവത്തിൽ നാം ഏകാന്തത്തടവുകാരാവും.

ആത്മഹത്യാശ്രമത്തെത്തുടർന്ന് ആശുപത്രിയിലായ പെൺകുട്ടിയെ സന്ദർശിക്കുന്ന ഒരു കൂട്ടുകാരിയുണ്ട് ഒരു കഥയിൽ. ചുരുങ്ങിയ ഭാഷണങ്ങളിൽ താനാണ് ആത്മാഹുതി ചെയ്യേണ്ടിയിരുന്നതെന്നും തനിക്കു വേണ്ടിയാണിവൾ അങ്ങനെ ചെയ്തതെന്നുമുള്ള ബോദ്ധ്യത്തിന്റെ കയത്തിലേക്കവൾ വലിച്ചെറിയപ്പെടുന്നു. ആ ഭാരത്തോടെയവൾ ആശുപത്രി വിടുന്നു.

നമ്മുടെ കാപട്യങ്ങൾക്കും കാമനകൾക്കും വേണ്ടി പീഡയേറ്റു വാങ്ങുന്ന കഥാപാത്രങ്ങളെ കാണുമ്പോൾ ഇതേ ഭാരം നമ്മളുമേറ്റു വാങ്ങുന്നുവെന്നു തോന്നിയിട്ടുണ്ട്.

'' സ്നേഹം അങ്കുരിക്കുമ്പോഴേ തൃപ്തമാണ്. അതിനൊന്നും തന്നെ ആവശ്യമില്ല. സ്നേഹിക്കപ്പെടണമെന്നുപോലുമില്ല. ഒരു നക്ഷത്രം മതി അതിനു രാവു കഴിച്ചുകൂട്ടാൻ. കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓർമ മതി, അതിന് ഒരു ജൻമം കഴിച്ചുകൂട്ടാൻ.''

ഏറ്റുവാങ്ങാൻ ആരെങ്കിലുമുണ്ടോ എന്നു പോലും ആകുലപ്പെടാതെ പ്രണയത്തിന്റെ തടവറയിൽ കഴിയുന്നവരുടെ മാനിഫെസ്റ്റോ ആവുന്നുണ്ടീ വാചകം .

''ഇല്ല സിസ്റ്റർ ലൊറേറ്റയെപ്പോലുള്ളവർക്ക് ഒരിക്കലും മനസ്സിലാവുകയില്ല'' എന്ന് കുട്ടികളുടെ മനസ്സിനെ മുൻനിർത്തി അഷിത 'കല്ലുവച്ച നുണകളി'ൽ എഴുതുന്നുണ്ട് . പ്ലസ് ടുവിന് പഠിപ്പിക്കുമ്പോൾ, ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട്, അധമമായ ഒരു ധ്വനിയിൽ വ്യാഖ്യാനിക്കപ്പെട്ട ഒരു സന്ദർഭമാണിത്. വിവാഹിതരും ഗർഭം ധരിക്കാത്തവരും മക്കളെ പെറ്റുപോറ്റാത്തവരുമായ കന്യാസ്ത്രീകൾക്ക് കുട്ടികളുടെ മനസ്സ് മനസ്സിലാവില്ല എന്ന് അലസമായി വായിച്ച കുട്ടികൾ മാത്രമല്ല, അദ്ധ്യാപകർ പോലുമുണ്ട്. അഷിതയെന്ന എഴുത്തുകാരിയെ, നിത്യചൈതന്യ യതിയിലും ശ്രീരാമകൃഷ്ണ പരമഹംസരിലും ജലാലുദ്ദീൻ റൂമിയിലും ഒക്കെയായി പടർന്നു വികസിക്കുന്ന അവരുടെ ആത്മീയനിറവിനെ(മതം ഒരു ഊന്നുവടി മാത്രമാണെന്ന് അവർ മാധവിക്കുട്ടിക്ക് എഴുതിയിട്ടുണ്ടല്ലോ) തിരിച്ചറിയാത്തതുകൊണ്ട് നടത്തുന്ന ദുർവ്യാഖ്യാനമാണത്.

ക്ലാസിൽ ഈ വിഷയം വേറെത്തന്നെ ചർച്ച ചെയ്യാറുണ്ട്. ലൊറേറ്റ കന്യാസ്ത്രീയായതുകൊണ്ടല്ല, നഗരപ്പൊങ്ങച്ചങ്ങളുടെ യാന്ത്രിക വിദ്യാഭ്യാസത്തിന്റെ കാവൽക്കാരിയായതു കൊണ്ടാണ് അവർക്ക് കുഞ്ഞുങ്ങളുടെ മനസ്സ് കാണാനാവാത്തത്.

ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ അഷിതയുമായുള്ള അഭിമുഖം പോലെ ഉള്ളുപൊള്ളിച്ച വായനാനുഭവം അതേസമയത്ത് തന്നെ വന്ന എച്ചുമുക്കുട്ടിയുടെ ജീവിതമെഴുത്താണ്. കാലം കാത്തുവച്ചതു പോലെ. ശിഹാബുദ്ധീന് നന്ദി. ഏതെങ്കിലും തിരക്കുകൾ കൊണ്ട് ആ ഭാഷണം നീട്ടിവയ്ക്കേണ്ടി വന്നിരുന്നെങ്കിൽ, ഓർമ്മകളുടെ എത്ര വലിയ കനൽക്കൂനയുമായാണ് അവരിന്ന് കണ്ണടച്ചിട്ടുണ്ടാവുക. അങ്ങേയറ്റം ആത്മാനുഭവങ്ങളായിരിക്കുമ്പോഴും അതൊരു കാലത്തെ പെൺകുട്ടികളുടെ ജീവചരിത്രം കൂടിയാണ്. അതിന്റെ സാമൂഹ്യ രാഷ്ട്രീയ രേഖയും.

അതിനൊരാമുഖമെന്ന പോലെ അഷിതയെഴുതിയ ഒരു വിഷുസ്മരണയുണ്ട്. അന്നതു വായിക്കുമ്പോൾ ഇത്ര തീവ്രമായ പീഡകളുടെയും ഏകാന്തതയുടെയും അടയാളങ്ങൾ അതിൽ കണ്ടെടുക്കാനായിരുന്നില്ല. ഇന്ന് തിരിച്ചു വായിക്കുമ്പോൾ നമുക്കത് ലഭിക്കും. മുത്തശ്ശിയും പതിനേഴു വയസ്സുള്ള അഷിതയും മാത്രം തനിച്ചൊരു തറവാട്ടിൽ ആഘോഷിച്ച വിഷു. ''തങ്ങളേക്കാൾ ഏകാന്തതയിൽ തങ്ങളുടെ നിഴലുകൾ മാത്രം''-എന്നവരെഴുതുന്നു.

''കിട്ടേണ്ടതെല്ലാം കിട്ടേണ്ട സമയത്തുതന്നെ കിട്ടുന്നതാണ് അതിന് ചാരുത നൽകുന്നത്, മുപ്പതുകളിൽ കിട്ടിയ കൈനീട്ടത്തിന് ബാല്യത്തിലെ നാണയത്തുട്ടുകൾതന്ന സന്തോഷം വാങ്ങിത്തരാൻപോലും ആവുന്നില്ലല്ലോ!

'' എന്നൊരു വ്യർത്ഥതാ ബോധം കുറിച്ചുവയ്ക്കുന്നുണ്ടതിൽ.ആ ഓർമ്മയുടെ ആമുഖത്തിൽ 'ഇന്റേണൽ ഡയസ്പോറ' എന്നൊരു പ്രയോഗമുണ്ട്. അതെ, ആന്തരികവും ആത്മാവിൽ നടക്കുന്നതുമായ ഒരു അഭയാർത്ഥിത്വത്തിനാണ് ഇന്നലെ ഒടുക്കമായിരിക്കുന്നത്.

Read More >>