കവിതയുടെ കാര്‍ണിവല്‍

കേരളം - കവിത- ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകള്‍ - " ഷുക്കൂർ പെടയങ്ങോട് എന്ന ചായക്കച്ചവടക്കാരൻ കവി - വായനക്കാരൻ കാണുന്നീല്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്ന പൊയ്കയിൽ അപ്പച്ചന്റെ കവിത തന്റെ ജീവിതത്തിന്റെ ഉപ്പു ചേർത്ത് പഠിപ്പിച്ചുകൊണ്ട് കവിതയുടെ കാർണിവൽ നാലാം സംഗമം അവസാനിച്ചു.ഏറെ വ്യത്യസ്തമായ ആഴമുള്ള ഉള്ളടക്കം കൊണ്ട് വൈവിധ്യപൂർണമായ അക്കാദമിക് ഗൗരവവും ആഴത്തിലുള്ള ചിന്തയും അതോടൊപ്പം ഉത്സവച്ചായ നിലനിർത്തിയുമുള്ള ഒരു കാർണിവൽ കവിതയ്ക്കൊപ്പം ചിത്രകലയും നാടകവും സിനിമയുമൊക്കെ സഞ്ചരിച്ച ദിനങ്ങൾ പല തലമുറകളുടെ സംഗമങ്ങൾ കവിതയിലെ കൗമാരം നവകവിത അടയാളപ്പെടുത്തിയ ദിനങ്ങൾ അതിനേക്കാളൊക്കെ ഈ കാർണിവൽ ചർത്രമാവുന്നത് ഇനി മുതൽ മലയാളകവിത എന്നല്ല കേരളകവിത എന്ന് തിരുത്തിപ്പറയേണ്ടതാണെന്ന് ഏഴു ഗോത്രഭാഷാകവികൾ തങ്ങളുടെ തനിഭാഷയിൽ കവിത ചൊല്ലി ഈ കാർണിവൽ പ്രഖ്യാപിച്ചു എന്നതുകൊണ്ടാണ്. "

കവിതയുടെ കാര്‍ണിവല്‍

പട്ടാമ്പി :കവിതയുടെ കാര്‍ണിവലിന്റെ നാലാമത് എഡിഷനു പട്ടാമ്പിയില്‍ വിജയകരമായ പരിസമാപ്തി. കേരളം - കവിത- ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകള്‍ എന്ന തലക്കെട്ടില്‍ നടന്ന കാവ്യോത്സവത്തിനു വന്‍ ജനപങ്കാളിത്തമാണു ഉണ്ടായത്.കവികളായ പി പി രാമചന്ദ്രന്‍, പി .രാമന്‍, എം.ആര്‍. അനില്‍ കുമാര്‍ തുടങ്ങിയവരാണു കവിതാ കാര്‍ണിവലിന്റെ നാലാമത് ലക്കത്തിനു നേതൃത്വം നല്‍കിയത്.

കവിതയുടെ കാര്‍ണിവലിന്റെ അസൂത്രകരില്‍ പ്രധാനിയായ പട്ടാമ്പി നീലകണ്ഠ സംസ്‌കൃത കോളേജിലെ അദ്ധ്യാപകന്‍ സന്തോഷ് ഋഷികേശ് കാര്‍ണിവലിന്റെ നാലാം എഡിഷനെക്കുറിച്ച് എഴുതുന്നു.

" ഷുക്കൂർ പെടയങ്ങോട് എന്ന ചായക്കച്ചവടക്കാരൻ കവി - വായനക്കാരൻ കാണുന്നീല്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എ ന്ന പൊയ്കയിൽ അപ്പച്ചന്റെ കവിത തന്റെ ജീവിതത്തിന്റെ ഉപ്പു ചേർത്ത് പഠിപ്പിച്ചുകൊണ്ട് കവിതയുടെ കാർണിവൽ നാലാം സംഗമം അവസാനിച്ചു.ഏറെ വ്യത്യസ്തമായ ആഴമുള്ള ഉള്ളടക്കം കൊണ്ട് വൈവിധ്യപൂർണമായ അക്കാദമിക് ഗൗരവവും ആഴത്തിലുള്ള ചിന്തയും അതോടൊപ്പം ഉത്സവച്ചായ നിലനിർത്തിയുമുള്ള ഒരു കാർണിവൽ കവിതയ്ക്കൊപ്പം ചിത്രകലയും നാടകവും സിനിമയുമൊക്കെ സഞ്ചരിച്ച ദിനങ്ങൾ പല തലമുറകളുടെ സംഗമങ്ങൾ കവിതയിലെ കൗമാരം നവകവിത അടയാളപ്പെടുത്തിയ ദിനങ്ങൾ അതിനേക്കാളൊക്കെ ഈ കാർണിവൽ ചർത്രമാവുന്നത് ഇനി മുതൽ മലയാളകവിത എന്നല്ല കേരളകവിത എന്ന് തിരുത്തിപ്പറയേണ്ടതാണെന്ന് ഏഴു ഗോത്രഭാഷാകവികൾ തങ്ങളുടെ തനിഭാഷയിൽ കവിത ചൊല്ലി ഈ കാർണിവൽ പ്രഖ്യാപിച്ചു എന്നതുകൊണ്ടാണ്. എഴുത്തിന്റെയും വായനയുടെയും ലോകത്ത് അംഗപരിമിതരുടെ ഇടം സ്ഥാപിച്ചെടുത്തു എന്നതുകൊണ്ടാണ്. ഈ കാർണിവലോളം സംതൃപ്തി നൽകിയ കാർണിവൽ മുന്നില്ല. കേരളകവിത ജീവിതം കൂടുതൽ ജനാധിപത്യപൂർണമാവട്ടെ ബഹുസ്വരമാവട്ടെ ..ഈ കാർണിവലിന്റെ രാഷ്ട്രീയം നെഞ്ചോടുചേർത്ത എല്ലാവർക്കും സ്നേഹം..

ഓരോ കാർണിവൽ കഴിയുമ്പോഴും കാർണിവൽ വലുതാവുന്നു. കൂടുതൽ പേരെത്തുന്നു. കൂടുതൽ പേരിലെക്കെത്തുന്നു. സംഘാടനം കൂടുതൽ ചിട്ടപ്പെടുന്നു. ഒരു ചെറുകൂട്ടായ്മയുടെ ഞങ്ങൾ കുറച്ച് അധ്യാപകരുടെയും കുട്ടികളുടെയും ജീവിതം കൊണ്ടാണ് അത്യധ്വാനം കൊണ്ടാണ് കാർണിവൽ സംഭവിക്കുന്നത്.അതിന് ഡിപ്പാർട്മെന്റുകളുടെ അതിരുകളില്ല. ഉപാധികളില്ലാതെ ഞങ്ങൾക്കൊപ്പംകൂടിയ ചില അപകടമേഖലയിലെ സഞ്ചാരികളുടെയും പി. രാമനെയും പി പി രാമചന്ദ്രനെയും പോലുള്ള കവികളുടെയും മലയാളനാട് കൂട്ടായ്മയുടെയും പിന്തുണയും നേതൃത്വവും പ്രധാനമാണ്. ഒരു ഫണ്ടിങ്ങ് ഏജൻസിയുടെയും സഹായമില്ലാതെ പണപ്പിരിവില്ലാതെ, രജിസ്റ്റ്രേഷൻ ഫീസുപോലും വാങ്ങാതെ, സ്റ്റാൾകൾക്ക് പണം ഈടാക്കാതെ എല്ലാവർക്കും ഭക്ഷണവും പരമാവധിപേർക്ക് താമസവും ക്ഷണിതാക്കൾക്കൊക്ക സാധ്യമായ പ്രതിഫലവും നൽകി ഓരോ പരാതിക്കും ചെവികൊടുത്ത് കാർണിവൽ മുന്നോട്ടുപോകുന്നു. കാർണിവൽ വളരുന്തോറും ഓരോ കാർണിവലും സാമ്പത്തികചെലവിൽ തൊട്ടടുത്ത ലക്ഷത്തിലേക്ക് വളരുന്നുണ്ട്. എന്നാലും മറ്റാരു നടത്തിയാലും മറ്റെവിടെ നടത്തിയാലും നാലോ അഞ്ചോ ലക്ഷം രൂപ ബജറ്റിൽ സ്വാഭാവികമായും കൂടും എന്നുറപ്പാണ് ലാഭിക്കുന്ന ആ പണം ഞങ്ങളുടെ കുട്ടികളുടെ അധ്യാപകരുടെ ഇപ്പോഴും പട്ടാമ്പി കോളേജിനെ തങ്ങളുടെ കോളേജായും ഞങ്ങളെ മാഷന്മാരായും കാണുന്ന ഒരു ചെറുസംഘം പഴയകുട്ടികളുടെ പഴകിയിട്ടില്ലാത്ത സ്നേഹത്തിന്റെ വിയർപ്പിന്റെ വിലയാണ്. ഒരു കൂട്ടം കവിതാസ്നേഹികളുടെ ഐക്യപ്പെടലിന്റെ കാർണിവലിനെ കാർണിവലായി നിലനിർത്തണം എന്ന ആഗ്രഹത്തിന്റെ ഫലമാണ്. നന്ദി പറഞ്ഞുകൊണ്ട് അതിന്റെ വിലകെടുത്തുന്നില്ല. നിങ്ങളൊക്കെക്കൂടിയാണല്ലോ കാർണിവൽ കാർണിവലായത്ഇന്നലെ ഓരോ കാർണിവലും ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങളെപ്പറ്റി കടങ്ങളെപ്പറ്റി അനിലുമായി സംസാരിച്ചപ്പോൾ പറഞ്ഞത് "അത് നഷ്ടമല്ല ലാഭമാണ് നമുക്കോരോരുത്തർക്കും വ്യക്തിപരമായും മലയാളവിഭാഗത്തിനും പട്ടാമ്പി കോളേജിനും ഉള്ള ഒരു സ്ഥിര നിക്ഷേപമാണ്. നമ്മുടെ കൾച്ചറൽ ക്യാപിറ്റലാണ്. അതിന്റെ പലിശ നമ്മുടെ പിന്മുറക്കാർക്കുപോലും കിട്ടിക്കൊണ്ടിരിക്കും.. നമ്മുടെ കുട്ടികളിൽ സൃഷ്ടിക്കുന്ന ആത്മാഭിമാനം, ആർജ്ജവം അതിന്റെ വിലയോളം വലുതെന്ത്? നമ്മൾ നഷ്ടപ്പെടുന്നവരല്ല, നേടിക്കൊണ്ടേയിരിക്കുന്നു.. "

പോസ്റ്റിന്റെ മൂലരൂപം ഇവിടെ വായിക്കാം