ഖത്തറിലെ കടല്‍വിരുന്ന്‌

പ്രകൃതിഭംഗി കൊണ്ട് ഏറെ അനുഗ്രഹിക്കപ്പെട്ട സ്ഥലമാണ് ബനാന ഐലൻഡ്.

ഖത്തറിലെ കടല്‍വിരുന്ന്‌

സിന്ധു രാമചന്ദ്രൻ

ആകാശത്തിലൂടെയും വെള്ളത്തിലൂടെയുമുള്ള യാത്രകൾ നമുക്ക് തരുന്ന ദൂരസങ്കൽപങ്ങൾ കൂടുതലായതുകൊണ്ടാകാം ദോഹയിൽനിന്ന് 20 മിനുട്ട് ദൂരം മാത്രമുള്ള ബനാന ഐലൻഡിലേക്ക് പോകാൻ ഏറെ കാത്തിരിക്കേണ്ടി വന്നത്. പ്രകൃതിഭംഗി കൊണ്ട് ഏറെ അനുഗ്രഹിക്കപ്പെട്ട സ്ഥലമാണ് ബനാന ഐലൻഡ്. കോർണിഷിലെ ബനാന ഐലൻഡ് ഓഫീസിൽനിന്ന് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പലരീതിയിലുള്ള പാക്കേജുകളുണ്ട്. ഒരാൾക്ക് 350 റിയാലിന്റെ പാക്കേജാണ് ഞങ്ങൾ എടുത്തത്. അതിൽ ഐലൻഡിലേക്കും തിരിച്ചുമുള്ള യാത്രയും 200 റിയാലിന്റെ ഭക്ഷണ കൂപ്പണും സൗജന്യ സ്വിമ്മിങ് പൂൾ ബീച്ചും വിനോദപരിപാടികളും ഉൾപ്പെടും. എട്ടു മണിക്കാണ് ആദ്യത്തെ ബോട്ട് പുറപ്പെടുക.

അര മണിക്കൂർ മുമ്പ് അവിടെ എത്തണം. ഓഫീസിൽ ഐ.ഡി കാർഡ് കാണിക്കണം. കുറച്ച് സീറ്റുകൾ മാത്രമുള്ള ആഡംബരബോട്ടിലാണ് യാത്ര. ബോട്ടിലെ സ്‌ക്രീനിൽ അനന്ത്ര റിസോർട്ടിനെക്കുറിച്ചും ഹോട്ടലുകളെക്കുറിച്ചും അവിടെ ലഭിക്കുന്ന സ്പാ അടക്കമുള്ള സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചിരുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ പറയുന്ന പോലെയുള്ള സുരക്ഷാ മുന്നറിയിപ്പുകൾ ബോട്ടിലും ഉണ്ടായിരുന്നു.

20 മിനുട്ട് നീണ്ട യാത്ര കഴിഞ്ഞ് ഐലൻഡിലെ ഓഫീസിലെത്തുമ്പോൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ തരാനും ജീവനക്കാർ സജ്ജമാണ്. നമ്മൾ ആവശ്യപ്പെടുന്നതനുസരിച്ച് അവർ ഭക്ഷണശാലയിലേക്കോ വിനോദ ക്ലബ്ബിലേക്കോ ചെറിയ വണ്ടികളിൽ എത്തിക്കും. ഭക്ഷണ കൂപ്പൺ ഉള്ളതുകൊണ്ട് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പ്രത്യേകം തുക നൽകേണ്ടതില്ല.

സാധാരണ ചായയ്ക്ക് 35 റിയാലും ചിക്കൻ ബിരിയാണിക്ക് 150 റിയാലും ബുഫെക്ക് 350 റിയാലും ബ്രെക്ക് ഫാസ്റ്റ് ബുഫെക്ക് 140 റിയാലുമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് വാട്ടർ സ്‌ളൈഡുകളും സ്വിമ്മിങ് പൂളും. വളരെ ശുചിയോടെയാണ് ഇവിടെ ഇതെല്ലാം പരിപാലിക്കുന്നത്. വില അധികമായതിനാൽ നീന്താനുള്ള വസ്ത്രം കൈയിൽ കരുതുന്നതാണ് ലാഭം.

സ്വിമ്മിങ് പൂളും കടലും തമ്മിൽ വലിയ അകലമില്ല. പൂളിനെ അപേക്ഷിച്ച് കടലിൽ കുളിക്കാൻ ആളുകൾ കുറവായിരുന്നു. കൂടുതൽ പേരും ബീച്ചിൽ കാറ്റ് കൊണ്ടിരിക്കാനും കടലിൽ ബോട്ടിൽ കറങ്ങാനുമാണ് ഇഷ്ടപ്പെടുന്നതെന്ന് തോന്നിപ്പോകും. സൗജന്യ കൂപ്പൺ ഉപയോഗിച്ച് കയാക്കിങും പെഡൽ ബോട്ടും ഞങ്ങളെടുത്തു.

അര മണിക്കൂർ കടലിലൂടെ യാത്ര ചെയ്തു. കുറച്ചൊക്കെ ക്ഷീണിക്കുമ്പോഴും മടുപ്പിക്കാത്ത സുന്ദരമായ അനുഭവം തരാൻ കടൽ യാത്രക്ക് കഴിയും. കടൽക്കരയിൽ ഒരുക്കിയ ഊഞ്ഞാലിൽ ആടിയും തെളിഞ്ഞ് വരുന്ന വെയിലിലും ചെറുതണുപ്പിലും ശാന്തമായൊഴുകുന്ന കടൽ നോക്കി ബീച്ചിലിരുന്ന് കാറ്റ് കൊള്ളുമ്പോഴും സമയം പോകുന്നത് അറിയില്ല. വിനോദ ക്ലബ്ബിലെ ബൗളിങ്ങായിരുന്നു മറ്റൊരു ആകർഷണീയത്. വിനോദ ക്ലബ്ബിൽ സിനിമ കാണാം. മനോഹരവും ശുചിത്വവുമുള്ള കടൽത്തീരവും പരിസരവും ബനാന ഐലൻഡിലെ പ്രത്യേകതയാണ്.

വീണ്ടും തിരിച്ചുവരണമെന്ന് ഓരോ യാത്രക്കാരനെയും തോന്നിപ്പിക്കാൻ കഴിയുന്നു എന്നതാണ് പ്രത്യേകത. മടക്കയാത്രക്ക് തയ്യാറായി നിൽക്കുന്ന ബോട്ടിൽ കയറുമ്പോഴും ഇനിയെന്നാണ് ഇങ്ങോട്ട് വരാൻ കഴിയുക എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്.

Read More >>