ഉംലുജിന്റെ സ്വർ​ഗ്ഗതീരങ്ങൾ

മനോഹരമായ നൂറിലധികം ദ്വീപുകളുണ്ട് ഈ തീരത്തോടു ചേർന്ന്. ഇതിലെ 50 ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് സൗദി അറേബ്യ 'റെഡ് സീ' ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

ഉംലുജിന്റെ സ്വർ​ഗ്ഗതീരങ്ങൾ

കെ.എം ഇർഷാദ്

ഉംലുജ് സൗദിഅറേബ്യയിലെ മാലിദ്വീപ് എന്നാണറിയപ്പെടുന്നത്. ടൂറിസത്തിന് പേരുകേട്ട ആ പവിഴ ദ്വീപുകൾ പോലെ മനോഹരമാണ് ചെങ്കടൽ തീരത്തെ ഈ ചെറുപട്ടണവും. മനോഹരമായ നൂറിലധികം ദ്വീപുകളുണ്ട് ഈ തീരത്തോടു ചേർന്ന്. ഇതിലെ 50 ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് സൗദി അറേബ്യ 'റെഡ് സീ' ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതായത് 34000 ചതുരശ്ര കിലോമീറ്റർ തീരപ്രദേശവും ഈ പറഞ്ഞ ദ്വീപുകളും ചേർന്ന ഒരു വമ്പൻ പദ്ധതി. വിസ്തൃതിയിൽ ബെൽജിയം എന്ന യൂറോപ്യൻ രാജ്യത്തെക്കാളും ലോകത്തെ മറ്റു അറുപതിലധികം ചെറു രാജ്യങ്ങളെക്കാളും വലിപ്പമുണ്ടാകും റെഡ് സീയുടെ ഈ സ്‌പെഷ്യൽ ടൂറിസം സോണിന്.

യാമ്പുവിൽ നിന്ന് 150 കിലോമീറ്റർ അകലെ ഉംലുജ് അൽവജ് പട്ടണങ്ങൾക്കിടയിലൂടെയാണ് ഈ പദ്ധതി പ്രദേശം വരുന്നത്. പുരാതന നാഗരികതയുടെ അവശിഷ്ടങ്ങളുള്ള മദാഇൻ സ്വാലിഹ് ഉൾക്കൊള്ളുന്ന അൽ ഉലയും ഇതിന്റെ ഭാഗമായിത്തീരും. തണുപ്പുകാലത്തെ ഒരു പ്രഭാതം ഈ തീരത്ത് ചിലവിടുക എന്നത് അത്യാനന്ദകരമാണ്. തണുപ്പിനെ വകഞ്ഞുമാറ്റി വെളിച്ചം കടന്നുവരുന്നുണ്ട്. ഹരിത നീലിമ ആകാശത്തിലെ ഇളം നീലിമയോട് ചേർന്നുനിൽക്കുന്നു. കരയിലെ വെള്ളിമണലിന് ഇളക്കം തട്ടരുത് എന്ന മട്ടിൽ കരുതലോടെ തീരത്തേക്ക് കടന്നുവരുന്ന ചെറുതിരകൾ. ഉറക്കമുണർന്ന് പൊത്തിൽ നിന്ന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ഞണ്ടുകൾ. മനോഹരമായ ഒരു ഒരു അനുഭവം തന്നെയാണ്ഈ പ്രഭാതം സമ്മാനിക്കുന്നത്.

നശിപ്പിക്കപ്പെട്ടിറ്റില്ലാത്ത, അധികം മനുഷ്യർ കടന്നു ചെന്നിട്ടില്ലാത്ത നിരവധി തീരങ്ങളുണ്ട് ഇവിടെ. വെള്ളത്തിന്റെ വൈഢൂര്യനിറം തന്നെയാണ് ഈ ബീച്ചുകളെ ഏറ്റവും മനോഹരമാക്കുന്നത്. തീരത്ത് ദേശാടനക്കിളികൾ താഴ്ന്നു പറക്കുന്നുണ്ട്. മനുഷ്യരുടെ കാലൊച്ച കേൾക്കുമ്പോൾ ഓടിമറയുന്ന ഞണ്ടിൻ കൂട്ടങ്ങൾ എല്ലാ ബീച്ചുകളിലുമുണ്ട്.

ലോകത്തെ ഏറ്റവും നിർമ്മലമായ കടൽത്തീരങ്ങളായാണ് ഇവ എണ്ണപ്പെടുന്നത്. വലിയ ബോട്ടുകൾ ഈ തീരത്ത് അടുപ്പിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിലെ മത്സ്യബന്ധനത്തിനുള്ള ഹാർബറിന്റെ അത്ര വലിപ്പത്തിലുള്ള ഒരു പോർട്ടാണ് ഇവിടെയുള്ളത്. നിരവധി മത്സ്യബന്ധന നൗകകൾ നിരനിരയായി ഇട്ടിരിക്കുന്നു. നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായി നിരയായി നിരവധി കാറുകൾ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. കാർ പാർക്ക് ചെയ്തു മീൻ പിടിക്കാൻ പോയിരിക്കുകയാണ് ആളുകൾ. ഇവിടെ നിന്ന് ഇത്തരമൊരു ബോട്ടിൽ കയറി ദ്വീപുകളിലെ കാഴ്ചകൾ കാണാൻ പോവാം. തൊട്ടടുത്തുള്ള ലയാന ഉമ്മു-സഹർ, ജബൽ ഹസ്സൻ ദ്വീപുകൾ വിനോദ സഞ്ചാരികൾക്കും പക്ഷി നിരീക്ഷകരുടെയും ഇഷ്ട സങ്കേതങ്ങളാണ്.

ലഗൂണുകളെയും പവിഴപ്പുറ്റുകളുയും അവയുടെ ആവാസവ്യവസ്ഥയിൽ കൺനിറയെ കാണാം. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും. നീന്തലിനും സ്നോർക്കലിങ്ങിനും ഡൈവിങ്ങിനുമൊക്കെ പറ്റിയ ഇടം. കിഴക്കുനിന്നും പടിഞ്ഞാറു നിന്നും എത്തിച്ചേരാൻ എളുപ്പമാണ് എന്നത് തന്നെയായിരിക്കും അധികൃതരെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളെ കൊണ്ടുവന്ന് ഇത്ര വലിയ പദ്ധതികൾ ഈ ഭാഗത്ത് നടപ്പിലാക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.

ഉംലുജിൽ നിന്ന് വടക്കോട്ട് പോവുമ്പോൾ ചെങ്കടൽ പിന്നീട് ശോഷിച്ച് അഖബ കടലിടുക്കായി മാറുകയാണ്. തൊട്ടടുത്ത പട്ടണത്തിൽ എത്തുമ്പോൾ ഈ കടൽ അഖബയാണ്. നേരിയ ആ കടലിടുക്കിനു അപ്പുറത്താണ് ആഫ്രിക്കൻ വൻകരയിൽ ഉൾപ്പെടുന്ന ഈജിപ്ത്, യൂറോപ്യൻ രാജ്യങ്ങളായ സൈപ്രസും തുർക്കിയുമൊന്നും ദൂരത്തല്ല.

തീരങ്ങളിൽ പവിഴപ്പുറ്റുകൾ, മുത്തുച്ചിപ്പികൾ, വ്യത്യസ്ത ആകൃതിയിലും രൂപത്തിലുമുള്ള നിറത്തിലുമുള്ള കടൽ വസ്തുക്കൾ വാരിയെടുക്കാവുന്നത്ര ലഭ്യമാണ്. കൈയ്യിലെടുക്കുമ്പോഴാണറിയുന്നത് പലതിനും ജീവനുണ്ടെന്ന്. ഇത്തരം ചെറുജീവികളുടെ വലിയ നിക്ഷേപം തന്നെയുണ്ട് ഈ ഭാഗങ്ങളിൽ.

മല മുകളിലെ ഉറവകളിൽ നിന്നെത്തുന്ന ജലസേചന മാർഗ്ഗങ്ങളുപയോഗിച്ച് വളരുന്ന ഈന്തപ്പന തോട്ടങ്ങൾ. കിഴക്ക് മാറി മരുഭൂമിയിൽ സാഹസിക വിനോദങ്ങൾക്കുള്ള സ്വർണ്ണ മണലുകളുള്ള മണൽകുന്നുകൾ. മഞ്ഞുകാലത്ത് ജലം നിറയുന്ന അരുവികളും പാറക്കൂട്ടങ്ങളും. പേരുകേട്ട 'കോഫ്' ഉറവ ഇവിടെയാണ്. മാമ്പഴ തോട്ടങ്ങൾ, നിർജീവമായ അഗ്‌നിപർവ്വതങ്ങൾ എന്നിവയൊക്കെ ചേർന്നതാണ് ഉംലുജ്.

Read More >>