മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങോ?

ഭീഷണിക്ക് വഴങ്ങാത്ത മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. ജമ്മുകശ്മീരിൽ മാദ്ധ്യമങ്ങൾക്കും ആശയവിനിമയ മാർഗ്ഗങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഈ വിഷയത്തിലെ സമീപകാല സംഭവം.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങോ?

വർത്തമാനകാല ഇന്ത്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം പലവിധ ഭീഷണികൾ നേരിടുകയാണ്. തങ്ങളുടെ ചൊല്പടിക്ക് നില്ക്കാത്ത മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുവെക്കൽ, അറസ്റ്റ്, ജീവപര്യന്തം തടവു പോലും ലഭിക്കാവുന്ന ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് ചുമത്തി നിശ്ശബ്ദമാക്കൽ തുടങ്ങിയ പീഡനമുറകൾക്കാണ് ഇരയാക്കുന്നത്. ഭീഷണിക്ക് വഴങ്ങാത്ത മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. ജമ്മുകശ്മീരിൽ മാദ്ധ്യമങ്ങൾക്കും ആശയവിനിമയ മാർഗ്ഗങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഈ വിഷയത്തിലെ സമീപകാല സംഭവം. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാക്കൾക്കൊപ്പം ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയ മാദ്ധ്യമപ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു. പ്രതിപക്ഷ സംഘം സഞ്ചരിച്ച വിമാനത്തിൽ ശ്രീനഗറിൽ എത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേതാക്കളെ ഇരുത്തിയ വി.ഐ.പി ലോഞ്ചിലേക്ക് പ്രവേശനം നിഷേധിച്ചു. അക്രഡിറ്റേഷനുള്ള മാദ്ധ്യമ പ്രവർത്തകരെ പോലും വിലക്കി. പ്രതിപക്ഷസംഘത്തിനൊപ്പം മടങ്ങാൻ കഴിയാതെ വെവ്വേറെ വിമാനങ്ങളിലാണ് അവർ പിന്നീട് ഡൽഹിയിൽ തിരിച്ചെത്തിയത്.

ആഗോളതലത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.ഡബ്ലിയു. ബി) ഓരോ വർഷവും ലോക മാദ്ധ്യമ സ്വാതന്ത്ര്യ സൂചിക (വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. 2019 ലെ സൂചികയിൽ 180 രാഷ്ട്രങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്. അതിൽ ഇന്ത്യയുടെ സ്ഥാനം 140 ആണ്! മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ മറ്റു 139 രാഷ്ട്രങ്ങളുടെ പിന്നിലാണെന്നർത്ഥം. മാദ്ധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ നോർവേക്കാണ് പ്രഥമ സ്ഥാനം. ഫിൻലന്റ്, സ്വീഡൻ എന്നിവക്കാണ് സൂചികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ. 2013 ലും ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. 2017 ൽ അത് 136 ആയി ഉയർന്നു. 2019 ൽ അത് 140 ലേക്ക് താഴ്ന്നിരിക്കുകയാണ്. നിഷ്പക്ഷമാദ്ധ്യമപ്രവർത്തനം ദുഷ്‌കരമായ രാജ്യങ്ങളിലൊന്നായാണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഇന്ത്യയെ പരിഗണിക്കുന്നത്. പൊലിസ് അതിക്രമം, ഭരണകൂട ഭീകരത, മാവോവാദികളുടെ ആക്രമണം, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ക്രിമിനൽ സംഘങ്ങളുടെയും പ്രതികാര നടപടികൾ തുടങ്ങിയവയാണ് നിഷ്പക്ഷ മാദ്ധ്യമപ്രവർത്തനം ഇന്ത്യയിൽ നേരിടുന്ന വെല്ലുവിളികൾ. ഇതിനു പുറമേ വനിത മാദ്ധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നു. അവർക്കെതിരെ ബലാൽസംഗ-കൊലപാതക ഭീഷണിപോലും ഉയരുന്നുണ്ട്-ആർ.ഡബ്ലിയു.ബി റിപ്പോർട്ട് പറയുന്നു. ഈ വിധ സാഹചര്യങ്ങളിൽ ഇന്ത്യയിൽ ജനാധിപത്യം തന്നെ അപകടത്തിലാവുമെന്ന് ആർ.ഡബ്ലിയു.ബി സെക്രട്ടറി ജനറൽ ക്രിസ്റ്റഫെ ഡെലോയർ ആശങ്കിക്കുന്നു. 2018 ൽ ആറ് പത്രപ്രവർത്തകരാണ് ജോലിക്കിടയിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത്. ഗ്രാമീണ മേഖലയിലെ അഴിമതിയും അതിക്രമവും വെളിച്ചത്തുകൊണ്ടുവരുന്ന മാദ്ധ്യമ പ്രവർത്തകരാണ് ഇന്ത്യയിൽ ഏറെയും ഭീഷണി നേരിടുന്നത്.

മാദ്ധ്യമങ്ങളെ പൊറുതിമുട്ടിക്കുന്നതിലും അവഗണിക്കുന്നതിലും മുൻപന്തിയിൽ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടമത്രെ. നരേന്ദ്രമോദി 2014 ൽ ആദ്യം അധികാരത്തിൽ വന്നപ്പോൾ തന്നെ മാദ്ധ്യമങ്ങളെ അകറ്റി നിർത്തി. കേന്ദ്രമന്ത്രിസഭയെടുക്കുന്ന പ്രധാന തീരൂമാനങ്ങൾ മാദ്ധ്യമങ്ങൾ വഴി അറിയിക്കുന്നതിനു പകരം 'മൻകി ബാത്ത്' എന്ന പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിലൂടെയും ട്വിറ്റർവഴിയുമാണ് ജനങ്ങളെ അറിയിച്ചത്. ജനപക്ഷത്തുനില്ക്കുന്ന മാദ്ധ്യമങ്ങളെ സമ്മർദ്ദത്തിലാക്കുകയെന്ന തന്ത്രം ബി.ജെ.പി മുമ്പും പ്രയോഗിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ മകൻ ജെയ്ഷ 'ദ വയറി'നെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ടെമ്പിൾ എന്റർ പ്രൈസ് എന്ന ജെയ്ഷായുടെ കമ്പനിയുടെ ആസ്തി ബി.ജെ.പി ഭരണത്തിനിടെയിലെ ഒരു വർഷത്തിനിടെ 50000 രൂപയിൽ നിന്ന് 80 കോടിയായി വർദ്ധിച്ചതിലെ ദുരൂഹത ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് അമിതഷായുടെയും ജെയ്ഷയുടെയും അനിഷ്ടം സമ്പാദിച്ചത്. ഭരണകൂട താല്പര്യം സംരക്ഷിക്കാത്ത മാദ്ധ്യമങ്ങൾക്ക് പരസ്യം നിഷേധിക്കുന്നുമുണ്ട് ബി.ജെ.പി. ദ ടെലഗ്രാഫ്, ദ ഹിന്ദു എന്നിവക്ക് കേന്ദ്രസർക്കാർ പരസ്യം തടഞ്ഞിരിക്കുകയാണ്. ബി.ജെ.പിയുടെ ജനദ്രോഹ നടപടികളെയോ ബി.ജെ.പി രാഷ്ട്രീയത്തേയോ വിമർശിച്ചാൽ അത് ദേശവിരുദ്ധതയായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരികയാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാദ്ധ്യമങ്ങൾ പരിഗണിക്കപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യമനുസരിച്ചാണ് ഇവിടെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി സ്വതന്ത്രമാദ്ധ്യമ പ്രവർത്തനം തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യം തന്നെ തടയുന്നതിന് തുല്യമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് മാദ്ധ്യമങ്ങളിലൂടെയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങളെപ്പറ്റിയുമൊക്കെ ജനങ്ങളെ ബോധവല്ക്കരിക്കേണ്ടത് മാദ്ധ്യമങ്ങളാണ്. ആ ഉത്തരവാദിത്തം സാർത്ഥകമായി ചെയ്യാനുള്ള സാഹചര്യം മാദ്ധ്യമങ്ങൾക്ക് ലഭ്യമാക്കണം. ഏതൊരു രാജ്യത്തിന്റെയും സാമൂഹിക പുരോഗതിയുടെ സൂചകങ്ങളിൽ പ്രധാനപ്പെട്ടതാണ് മാദ്ധ്യമ സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ അത് ഹനിക്കപ്പെടാൻ അനുവദിച്ചുകൂടാ. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തെ തടയുന്ന ഏത് നീക്കത്തിനെതിരെയും ജനാധിപത്യ വിശ്വാസികളുടെ പ്രതിരോധമുയരണം.

Next Story
Read More >>