ഥക ടെയുനന്ദന ന്നയുറപ ച്ചുരിതിലത ള്‍കക്കുവാ തുഇ

(ഇതു വാക്കുകള്‍ തലതിരിച്ചു പറയുന്ന നന്ദനയുടെ കഥ)

ഥക ടെയുനന്ദന ന്നയുറപ   ച്ചുരിതിലത ള്‍കക്കുവാ തുഇNandana

ജമാൽ ചേന്നര

തിരൂര്‍: തലക്കെട്ട് തിരിച്ചു എഴുതിയാൽ വായിക്കാനാവുമോ..? അൽപ്പം ബുദ്ധിമുട്ടേണ്ടി വരുമെന്നാവും ഉത്തരം. എന്നാൽ കേൾക്കുന്ന വാക്കുകളും ഗാനങ്ങളുടെ വരികളുമെല്ലാം രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ തല തിരിച്ചു പറയാനും പാടാനും സാധിച്ചാലോ... അങ്ങിനെയൊരു പ്രതിഭയുണ്ട് തിരൂരില്‍. ബി.പി അങ്ങാടി ഗ്രീൻവില്ലയിൽ ജയപ്രകാശിന്റേയും സജിനയുടേയും ഇളയ മകൾ നന്ദനയെന്ന പതിമൂന്നുകാരി. വാക്കോ വാക്യങ്ങളോ നീണ്ട വരികളോ ആവട്ടെ. നന്ദനയോട് പറഞ്ഞാൽ ഉടൻ മറുപടി ലഭിക്കും- അവരോഹണ ക്രമത്തിൽ.

ബി.പി അങ്ങാടി ഗവ ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദന. നാലാം ക്ലാസ്സില്‍ പഠിക്കുന്നതിനിടെ അദ്ധ്യാപകരാണ് ഈ പ്രതിഭയെ തിരിച്ചറിഞ്ഞത്. കളികൾക്കിടെ വികൃതിയായി ഈ വിദ്യ പ്രയോഗിക്കുമ്പോൾ ചേച്ചി നയന വീട്ടിൽ പറഞ്ഞിരുന്നെങ്കിലും അവരത് കാര്യമാക്കിയിരുന്നില്ല. വാക്കുകൾ തലതിരിച്ചു പറഞ്ഞ് സഹപാഠികളെ കുഴക്കിയതോടെ നന്ദന അദ്ധ്യാപകരുടെ 'നോട്ടപ്പുള്ളി'യായി. അതോടെ വീട്ടുകാരും ശ്രദ്ധിച്ചു തുടങ്ങി.

ആദ്യ കാലത്ത് ചെറിയ വാക്കുകൾ മാത്രമാണ് തലതിരിച്ചു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ എത്ര വലിയ വരികൾ പോലും തലതിരിച്ചു പറയാൻ മകൾക്ക് നിമിഷ നേരം മതിയെന്ന് അച്ഛൻ ജയപ്രകാശ് പറയുന്നു. ഭാഷയും പ്രശ്‌നമല്ല. ഹിന്ദിയും ഇംഗ്ലീഷും തമിഴുമെല്ലാം നന്ദനക്ക് ഒരുപോലെ വഴങ്ങുന്നു. ചൊല്ലുന്നയാൾ നിർത്തി ശ്വാസം വിടുന്നതിന് മുമ്പേ അവരോഹണ ക്രമത്തിൽ നന്ദന ചൊല്ലിത്തുടങ്ങും. വിശ്വസിക്കാൻ പ്രയാസം തോന്നിയ പലരും എഴുതിത്തയ്യാറാക്കി വന്നുവരെ പരീക്ഷിച്ചിട്ടുണ്ട്. ഒന്നു മുട്ടുകുത്തിക്കാനായി പല പരീക്ഷണങ്ങളുമായും എത്തിയവരെല്ലാം സുല്ലിട്ടാണ് മടങ്ങിയിട്ടുള്ളത്. പ്രത്യേക പരിശീലനമോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് പ്രകടനമെന്നത് അതിശയമേറ്റുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുതൽ ജില്ലാ കളക്ടർ അമിത് മീണ വരെ നന്ദനയെ പരീക്ഷിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി ജലീൽ തൊട്ട് സാഹിത്യകാരൻ പി സുരേന്ദ്രൻ വരെയുള്ളവരും വിവിധ വേദികളിൽ നിന്ന് നന്ദനയുടെ കഴിവ് ആസ്വദിച്ചവരിലുൾപ്പെടുന്നു. കഴിഞ്ഞ മാസം മികച്ച ബാല പ്രതിഭകൾക്കായി സർക്കാർ പ്രഖ്യാപിച്ച ഉഗ്ര ഉജ്ജ്വല പുരസ്‌ക്കാരത്തിനുള്ള അവസാന പട്ടികയിൽ നന്ദന ഇടംപിടിച്ചിരുന്നു. പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ട അവസാന രണ്ടുപേരിൽ ഒരാൾ ഈ മിടുക്കിയായിരുന്നു. ഇതിനുള്ള അഭിമുഖത്തിനിടെയാണ് നന്ദന ജില്ലാ കളക്ടർ അമിത് മീണക്കു മുന്നിൽ തന്റെ പ്രകടനം പുറത്തെടുത്തത്.

ഇക്കാലത്തിനിടക്ക് ഈ മിടുക്കി പരാജയപ്പെട്ടത് സ്വന്തം പേരിനോടു മാത്രമാണ്. തലതിരിച്ചു പറഞ്ഞാലും തിരിയാത്ത പേരായിപ്പോയി. മറ്റൊരു കൗതുക അഭ്യാസം കൂടി നന്ദനക്ക് വശമാണ്. ചുമരിൽ അള്ളിപ്പിടിച്ചു കയറാനും വാതിൽ കട്ടിളയിൽ ചവിട്ടിക്കയറാനും നിഷ്പ്രയാസം സാധിക്കും.

വാതിൽക്കട്ടിളയിലൂടെ മുകളിലേക്ക് കയറിയാൻ തല കീഴായി നിന്ന് അഭ്യാസം കാണിക്കുകയും ചെയ്യും. ഇതും നന്ദന സ്വയം പരിശീലിച്ചെടുത്തതാണ്. ഈ കഴിവുകൾ കേട്ടറിഞ്ഞ് പല സ്‌കൂളുകളും സ്ഥാപനങ്ങളും കലോത്സവ ഉൽഘാടനത്തിനും മറ്റും നന്ദനയെ അതിഥിയാക്കുന്നുണ്ട്.

നഗരത്തിൽ ഓട്ടോ ഡ്രൈവറാണ് ജയപ്രകാശ്. ജയസീന തിരൂരിലെ സിറ്റി ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനും. സഹോദരി നയന ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൂവരുടേയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് നന്ദനക്ക് ആത്മവിശ്വാസം പകരുന്നത്.