കൊച്ചു ഗള്ളന്‍... ഞങ്ങള്‍ക്ക് സര്‍പ്രൈസ് തന്നതാ ല്ലേ?; മഴയവധി അറിയിപ്പ് ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍

കളക്ടര്‍ അവധി നല്‍കുന്നതിന് മുമ്പുതന്നെ വാട്‌സ്ആപ്പിലൂടെ ചിലര്‍ അവധി പ്രഖ്യാപിച്ച് ആഘോഷം തുടങ്ങിയിരുന്നു.

കൊച്ചു ഗള്ളന്‍... ഞങ്ങള്‍ക്ക് സര്‍പ്രൈസ് തന്നതാ ല്ലേ?; മഴയവധി അറിയിപ്പ് ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍

ശ്രീനാഥ് അഭിമന്യു

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സമീപ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചതോടെ അവധിക്കായി ജില്ലയിലെ വിദ്യാര്‍ത്ഥികളും കാത്തിരിപ്പായിരുന്നു. വിദ്യാര്‍ത്ഥികളെ ഏറെനേരം ആകാംക്ഷയില്‍ നിര്‍ത്തി രാത്രി 10 മണിക്കു ശേഷമാണ് ഫെയ്‌സ്ബൂക്കിലൂടെ കളക്ടര്‍ ജില്ലയില്‍ അവധി പ്രഖ്യാപിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് അങ്കണവാടികള്‍ക്കും പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായായിരുന്നു കളക്ടറുടെ പോസ്റ്റ്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ എന്നിവയും അവധി പ്രഖ്യാപിച്ചു.

ആകാംക്ഷകള്‍ക്കൊടുവില്‍ ലഭിച്ച അവധി പ്രഖ്യാപന പോസ്റ്റ് ലൗവ് റിയാക്ഷനും ലൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ വരവേറ്റു. അയ്യായിരത്തോളം റിയാക്ഷനുകളും 640 ഷെയറുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. പലപ്പോഴും കളക്ടറുടെ പേജില്‍ വരുന്ന പോസ്റ്റുകളോട് 500ല്‍ താഴെ ആളുകള്‍ മാത്രമാണ് പ്രതികരിക്കാറുള്ളത്. എന്നാല്‍ കോളേജുകള്‍ക്ക് അവധി നല്‍കാത്തത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നീരസമുണ്ടാക്കി. ഇതോടെ പോസ്റ്റിന് താഴെ കമന്റായി ഇക്കൂട്ടര്‍ കാര്യമായും കളിയായും പ്രതിഷേധവും ആരഭിച്ചു. കോളേജിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ എന്ന രീതിയില്‍ നീന്തല്‍ മത്സരത്തിന്റെ ചിത്രമുള്‍പ്പെടെ കമന്റായി നല്‍കി ചിലര്‍ കളക്ടറെ ട്രോളി. കേളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നീതി നല്‍കുകയെന്ന പേരില്‍ ഹാഷ് ടാ?ഗ് ക്യാംപയ്ന്‍ വരെ കമന്റുകളായി വന്നുതുടങ്ങി. എല്ലാ വിദ്യാര്‍ത്ഥികളും തുല്ല്യരാണെന്നും വീടിനു മുന്നിലെത്തുന്ന സ്‌കൂള്‍ ബസില്‍ കയറി സ്‌കൂളിന്റെ പടിവരെ എത്തുന്നവരാണ് ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം സ്‌കൂള്‍ കുട്ടികളെന്നും കോളേജ് കുമാരന്മാര്‍ ചൂണ്ടിക്കാട്ടി. കോളേജ് വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലും പ്രൈവറ്റ് ബസിലെ ശകാരവും ചവിട്ടു പടിയിലും കമ്പിയിലും തൂങ്ങിയാണ് കോളേജില്‍ ഓടി പിടഞ്ഞെത്താറുള്ളത്. ഈ സാഹചര്യത്തില്‍ കോളേജിനും അവധി നല്‍കണം. അവധി കിട്ടിയാല്‍ വീട്ടിലിരുന്നു സുഖിക്കാമെന്നുള്ള അതിമോഹത്താല്‍ പറയുന്നതൊന്നുമല്ല. അവസ്ഥ ഇതായത് കൊണ്ടൊണ്, ചിലര്‍ വിതുമ്പി. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കോളേജുകള്‍ക്ക് അവധി നല്‍കരുത് എന്ന് കമന്റിട്ട വിരുതന് പറയാനുള്ളതാവട്ടെ 'എനിക്ക് ഒരുത്തി സെറ്റ് ആയി വരുന്നുണ്ട്, നാളെയാണ് മറുപടി തരാമെന്ന് പറഞ്ഞത്. അവസാനത്തെ കഞ്ഞിയാണ് പാറ്റ ഇടരുത് പ്ലീസ്' എന്നാണ്. 310ലേറെ പേരാണ് ഈ കമന്റിനോട് പ്രതികരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ കോളേജുകള്‍ക്കും അവധി നല്‍കുന്നതായി കളകടര്‍ അറിയിപ്പ് നല്‍കിയതോടെയാണ് ഇവരുടെ പ്രതിഷേധം അവസാനിച്ചത്. ഈ പോസ്റ്റിനും ആയ്യായിരത്തിന് അടുത്ത് ആളുകള്‍ പ്രതികരണം രേഖപ്പെടുത്തി. ഇതോടെ വൈകിയാണെങ്കിലും കോളേജ് വിദ്യാര്‍ത്ഥികളുടെ മനസ്സ് അറിഞ്ഞു പ്രവര്‍ത്തിച്ച കളക്ടര്‍ക്ക് നന്ദി രേഖപ്പെടുത്തി കമന്റുകളും വന്നു തുടങ്ങി. 'കൊച്ചു ഗള്ളന്‍... ഞങ്ങള്‍ക്ക് സര്‍പ്രൈസ് തന്നതാ ല്ലേ?' എന്നായിരുന്നു ഒരുത്തന്റെ പ്രതികരണം. എന്നാല്‍ കളക്ടര്‍ അവധി നല്‍കുന്നതിന് മുമ്പുതന്നെ വാട്‌സ്ആപ്പിലൂടെ ചിലര്‍ അവധി പ്രഖ്യാപിച്ച് ആഘോഷം തുടങ്ങിയിരുന്നു.

Read More >>