മനഃശാസ്ത്രപഠനവും തൊഴിലവസരങ്ങളും

സൈക്കോളജി കഴിഞ്ഞവർക്ക് നിരവധി മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്‌. സൈക്കോളജിയിൽ ബിരുദമെടുക്കുന്നവർക്കാണ്‌ ഈ രംഗത്തെ മികച്ച അവസരങ്ങൾ ലഭ്യമാവുന്നത്‌

മനഃശാസ്ത്രപഠനവും   തൊഴിലവസരങ്ങളും

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്തിൽ മനുഷ്യബന്ധങ്ങൾ കൂടുതൽ കൂടുതൽ സംഘർഷഭരിതമാവുന്നു. ആഗോളവൽക്കരണവും അണുകുടുംബത്തിന്റെ വ്യാപനവും മനഃശാസ്ത്ര പഠനത്തിന്റെ പ്രസക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. വൻകിട വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇന്റർവ്യൂ ബോർഡുകൾ, സാമൂഹ്യക്ഷേമ വകുപ്പ്, മാനസികാരോഗ്യ കേന്ദ്രങ്ങൾ, കരിയർ ഗൈഡൻസ് സ്ഥാപനങ്ങൾ, കൗൺസലിങ് കേന്ദ്രങ്ങൾ, മനുഷ്യ വിഭവശേഷി പരിശീലന സ്ഥാപനങ്ങൾ, അദ്ധ്യാപനം തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും മനഃശാസ്ത്ര പഠനത്തിന്റെ പ്രസക്തിയും പ്രയോഗവും വർദ്ധിച്ചിട്ടുണ്ട്.

സൈക്കോളജി എന്ന പദത്തിന്റെ മൂലം ആത്മാവ്‌ എന്നർത്ഥം വരുന്ന സൈക്‌(psyche) എന്ന ഗ്രീക്ക്‌ വാക്കിൽ നിന്നാണ്‌. അന്ന് മനഃശാസ്ത്രം അറിയപ്പെട്ടിരുന്നത്‌ മതത്തിലെ സാങ്കേതികപദമായ ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ്‌. മസ്തിഷ്ക്കപ്രവർത്തനത്തെ കുറിക്കുന്നത്‌ എന്ന അർത്ഥത്തിൽ സൈക്കോളജിയെ നിർവചിക്കുന്നത്‌ തോമസ്‌ വില്ലിസിന്റെ പരാമർശങ്ങളിൽ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനഃശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. സൈക്യാട്രിയും സൈക്കോളജിയും തമ്മിലുള്ള കാതലായ വ്യത്യാസം നാം അറിഞ്ഞിരിക്കണം. വൈദ്യവിദ്യാഭ്യാസം നേടിയതിനു ശേഷം മനോരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയവരാണ് സൈക്യാട്രിസ്റ്റുകൾ. ഇവർക്കാണ് മനോരോഗികൾക്ക് മരുന്നു നൽകി ചികിത്സിക്കാൻ അർഹത. എന്നാൽ മരുന്നു കൂടാതെ മാനസികാപഗ്രഥനം, കൗൺസലിങ്, പ്രത്യായനം (suggestion) എന്നിവ വഴി രോഗമുക്തി നടത്തുന്നവരാണു സൈക്കോളജിസ്റ്റുകൾ.

ക്ഷമ, പക്വത, സഹാനുഭൂതി, സഹിഷ്ണത, സഹായ സന്നദ്ധത, അപഗ്രഥന പാടവം, അന്വേഷണ ത്വര, ഭാവന എന്നിവയൊക്കെയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ കരിയറിൽ വിജയിക്കാൻ കഴിയും. ഇന്ന് സൈക്കോളജി വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണ്.

1 ഹെൽത്ത് സൈക്കോളജിസ്റ്റ്: നല്ല ആരോഗ്യശീലങ്ങൾ വളർത്തുവാൻ സഹായിക്കുന്നവരാണിവർ. മദ്യപാനം, പുകവലി തുടങ്ങിയവ നിർത്തുക, തടി കുറയ്ക്കുക തുടങ്ങിയ തീരുമാനങ്ങളിൽ ഇവർ മാനസിക പിന്തുണ നൽകുന്നു.

2. ന്യൂറോ സൈക്കോളജിസ്റ്റ്: തലച്ചോറും സ്വഭാവവും തമ്മിലുള്ള ബണ്ഡമാണ് ഇവർ പഠിക്കുക. പക്ഷാഘാതമുൾപ്പെടെ തലച്ചോറിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇവരുടെ പഠനത്തിൽ വരും.

3. ജെറൻറ്റോളജിക്കൽ സൈക്കോളജി: വാർദ്ധക്യസഹജമായ മാനസികപ്രശ്നങ്ങൾ ഇവർ പഠിക്കുന്നു.

4. കോഗ്നറ്റിവ് സൈക്കോളജിസ്റ്റ്: ഓർമ, ചിന്ത, കാഴ്ചപ്പാട് എന്നിവ സംബണ്ഡിച്ച കാര്യങ്ങൾ പഠിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയവയെ സംബണ്ഡിച്ച ഗവേഷണവുമുൾപ്പെടും.

5. കൗൺസലിങ് സൈക്കോളജിസ്റ്റ്: നിത്യജീവിതത്തിലെ വൈകാരികപ്രശ്നങ്ങളിൽ പിന്തുണയേകുന്നവരാണിവർ. സ്കൂൾ, യൂണിവേഴ്സിറ്റി, ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണ് ഇവരുടെ പ്രവർത്തനം.

6. ഡെവലപ്മെന്റൽ സൈക്കോളജിസ്റ്റ്: ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ മാനസിക വളർച്ചയെക്കുറിച്ച് പഠിക്കുന്ന വിഭാഗം. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിൽ മനസ്സിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തുന്നു. വളർച്ചാഘട്ടങ്ങളിൽ സംഭവിക്കുന്ന മാനസിക തകരാറുകളും പഠനവിധേയമാകുന്നു.

7. എക്സ്പെരിമെന്റൽ സൈക്കോളജിസ്റ്റ്/റിസർച്ച് സൈക്കോളജിസ്റ്റ്: മനുഷ്യരിലേയും മറ്റും സ്വഭാവ സവിശേഷതകൾ പഠിക്കുന്നു. യൂണിവേഴ്സിറ്റി, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലാണു പ്രവർത്തനം.

8. ഇൻഡസ്ട്രിയൽ/ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്: തൊഴിലിടങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകളിൽ ഗവേഷണം നടത്തുന്നു. കൺസൾട്ടന്റുമാരായി ഇവർ പ്രവർത്തിക്കുന്നു.

9. എജ്യുക്കേഷണൽ സൈക്കോളജിസ്റ്റ്: വിവിധ പാഠ്യരീതികൾ, പഠനമാതൃകകൾ, വിവിധ ശേഷികൾ വിലയിരുത്തൽ എന്നിവ പഠിക്കുന്നു. സ്കൂൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയാണു പ്രവർത്തനമണ്ഡലം.

10. സോഷ്യൽ സൈക്കോളജിസ്റ്റ്: വിവിധ സാമൂഹിക സാഹചര്യങ്ങളിൽ മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്ന് പഠിക്കുന്നു.

11. സ്പോർട്സ് സൈക്കോളജിസ്റ്റ്: വിനോദങ്ങൾ മനുഷ്യമനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്നു. ആശങ്ക ദുരീകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സ്പോർട്സ് സൈക്കോളജിസ്റ്റുകൾക്ക് കഴിയുന്നു

കോഴ്സുകൾ

ബി.എ സൈക്കോളജി

ബി.എസ് സി സൈക്കോളജി

എം.എ സൈക്കോളജി

എം.എസ് സി സൈക്കോളജി

എം.എസ് സി ക്ലിനിക്കൽ സൈക്കോളജി

എം.എസ് സി കൗൺസലിങ് സൈക്കോളജി

എം. ഗൈഡൻസ്

എം.എസ് സി അപ്ലൈഡ് സൈക്കോളജി

യോഗ്യത

പത്താം ക്ലാസ് കഴിഞ്ഞ് +2 തലത്തിൽ തന്നെ മനഃശാസ്ത്രം പഠിക്കാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സൗകര്യമുണ്ട്. ഏത് വിഷയത്തിൽ +2 പൂർത്തിയാക്കിയവർക്കും സൈക്കോളജിയിൽ ബിരുദത്തിനു ചേരാം. ബിരുദം കഴിഞ്ഞവർക്ക് ബിരുദാനന്തര ബിരുദത്തിനു ചേരാം, തുടർന്ന് ഗേവേഷണത്തിനും.

മനഃശാസ്ത്രവുമായി ബന്ധപ്പെട്ട തൊഴിൽമേഖലകളിൽ ജനങ്ങൾ എന്ത് ചിന്തിക്കുന്നു, എങ്ങനെ പെരുമാറുന്നു എന്നീ വസ്‌തുതകൾ അറിഞ്ഞിരിക്കൽ നിർബന്ധമാണ്. പ്രശ്‌നപരിഹാര ശേഷിയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിർബന്ധ യോഗ്യതയാണ്.

സൈക്കോളജി; തൊഴിലവസരങ്ങൾ

സൈക്കോളജി കഴിഞ്ഞവർക്ക് നിരവധി മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്‌. സൈക്കോളജിയിൽ ബിരുദമെടുക്കുന്നവർക്കാണ്‌ ഈ രംഗത്തെ മികച്ച അവസരങ്ങൾ ലഭ്യമാവുന്നത്‌. സ്പെഷ്യലൈസേഷനെ ആസ്പദമാക്കി സർക്കാർ- സ്വകാര്യസ്ഥാപനങ്ങളിൽ സൈക്കോളജിസ്റ്റാവാം. സൈക്യാട്രിക്‌ സോഷ്യൽ വർക്കർ, ഇൻഡസ്ട്രിയൽ സൈക്കോളജിസ്റ്റ്‌, പോഴ്സണൽ/ലേബർ വെൽഫെയർ ഓഫീസർ, ഇൻഡസ്ട്രിയൽ റിലേഷൻസ്‌ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ എന്നീ ഉദ്യോഗങ്ങൾ സൈക്കോളജിയിൽ പി.ജി എടുത്തവർക്ക്‌ ഇണങ്ങുന്നതാണ്‌.

മരുന്നുകൂടാതെ രോഗിയുടെ മനസ്സിലേക്കിറങ്ങിച്ചെല്ലാൻ സൈക്കോളജിസ്റ്റിനു കഴിയണം. ഉപഭോക്‌തൃ മനഃശാസ്‌ത്രം, മാർക്കറ്റ്‌ റിസർച്ച്‌, സൈക്കോമെട്രിക്‌ ടെസ്റ്റിങ് ആൻഡ്‌ മോട്ടിവേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്‌ സൈക്കോളജിയിലുള്ള അറിവ്‌ സഹായകരമാകും. മതിയായ ജോലിപരിചയമുണ്ടെങ്കിൽ സ്വന്തമായി പ്രാക്ടീസ്ചെയ്യാം. സൈക്കോളജിയിൽ പി.ജി എടുത്തവരെ സൈന്യത്തിലേക്കും തെരഞ്ഞെടുക്കാറുണ്ട്‌. ഡൽഹിയിലെ ദ്‌ ഡിഫൻസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സൈക്കോളജിക്കൽ റിസർച്ചിൽ റിസർച്ച്‌ ഫെലോയായി തെരഞ്ഞെടുക്കുന്നതും പി.ജിയെടുത്തവരെയാണ്‌.

എജ്യൂക്കേഷനൽ സൈക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്‌തവർക്ക് സ്കൂളുകൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവയുമായി ബന്ധപ്പെട്ട് കൗൺസലർ അല്ലെങ്കിൽ കൗൺസലിങ് സൈക്കോളജിസ്റ്റായി പ്രവർത്തിക്കാം. സോഷ്യൽ സൈക്കോളജിസ്റ്റുകൾക്കാകട്ടെ മാർക്കറ്റ്‌ റിസർച്ച്‌, സ്ഥാപനങ്ങൾ എന്നിവയിൽ ജോലി സാദ്ധ്യതയേറെ.

കുട്ടികളുടെ വൈകാരികപ്രശ്ങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നവരാണ്‌ ചൈൽഡ് സൈക്കോളജിസ്റ്റുകൾ. ആശുപത്രികളിൽ ജോലിചെയ്യുന്നവർ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ്‌. ജയിലുകൾ, ദുർഗുണപരിഹാര പാഠശാലകൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ലഹരിവിമു ക്ത കേന്ദ്രങ്ങൾ എന്നിവയിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ആവശ്യം വരും. വൻകിട വ്യവസായങ്ങളുടെ പേഴ്സണൽ ആൻഡ്‌ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിൽ ഇൻഡസ്ട്രിയൽ സൈക്കോളജിസ്റ്റിനെ നിയമിക്കും. പ്ലേസ്മെന്റെ്‌ ഏജൻസികൾക്കും കൺസൾട്ടിങ് സ്ഥാപനങ്ങൾക്കും ഓക്കുപ്പേഷണൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യം വരും.

എവിടെ പഠിക്കാം

ബംഗളൂരുവിലെ ക്രൈസ്റ്റ് കോളജ്, കൊൽക്കത്തയിലെ ലൊറേറ്റോ കോളജ്, പൂണെയിലെ ഫെർഗുസോൺ കോളജ്, മുംബൈയിലെ ജയ്ഹിന്ദ് കോളജ്, ന്യൂഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളജ്, ലേഡി ശ്രീറാം കോളജ് ഫോർ വിമെൻ, അഹമ്മദാബാദിലെ സെയിന്റ് സേവിയേഴ്സ് കോളജ് എന്നീ സ്ഥാപനങ്ങൾ സൈക്കോളജിയിൽ ബി.എ കോഴ്സ് പഠിപ്പിക്കുന്നുണ്ട്.

നോയിഡയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് അലൈഡ് സയൻസിൽ ഇന്റഗ്രേറ്റഡ് എം.എ ഇൻ ക്ലിനിക്കൽ സൈക്കോളജിയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം.എസ്.സി അപ്ലൈഡ് സൈക്കോളജിയും പഠിക്കാം. ന്യൂഡൽഹിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ജാമിയ മിലിആ ഇസ്ലാമിയ, ഇന്ദ്രപ്രസ്ഥ കോളജ് ഫോർ വിമെൻ, ഗാർഗി കോളജ്, വിവേകാനന്ദാ കോളജ്, ശ്രീ വെങ്കടേശ്വരാ കോളജ്, കമല നെഹ്റു കോളജ്, സക്കീർ ഹുസൈൻ ഡൽഹി കോളജ്, എൽ.എസ്.ആർ കോളേജ് ഫോർ വിമെൻ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആൻഡ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, ചെന്നൈ ലൊയോള കോളജ്, യൂണിവേഴ്സിറ്റി ഓഫ് മുംബൈ, യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട, പഞ്ചാബിലെ ഗുരു നാനക് ദേവ് യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ സൈക്കോളജിയിൽ എം.എ, പി.എച്ച്.ഡി. കോഴ്സുകൾ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങൾ.

കേരളത്തിൽ മലപ്പുറത്തെ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, റീജിയണൽ മാനേജ്മെന്റ് കോളജ്, സാഗാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, എച്ച്.എം കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കെ.ആർ.എസ് ശ്രീനാരായണ കോളജ്, ശ്രീവിവേകാനന്ദ പഠനകേന്ദ്രം ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട് ലിറ്റിൽഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത്, ദേവഗിരി സെയിന്റ് ജോസഫ്സ് കോളജ്(ഓട്ടോണോമസ്), സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജ്, തൃശൂർ മാർ ഡിയോനിസിയൂസ് കോളജ്, സെയിന്റ് ജോസഫ്സ് കോളജ് (ഓട്ടോണോമസ്), എം.ഇ.എസ് അസ്മാബി കോളജ്, മദർ ആർട്സ് ആൻഡ് സയൻസ് കോളജ്, പ്രജ്യോതി നികേതൻ കോളജ്, തിരുവനന്തപുരത്തെ ഗവ. കോളജ് ഫോർ വിമെൻ, കണ്ണൂർ യൂണിവേഴ്സിറ്റി, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവടങ്ങളിൽ സൈക്കോളജിയിൽ ബി.എസ് സി, എം.എസ് സി, ഡിപ്ലോമ കോഴ്സുകളും ചെയ്യാം.

Read More >>