'അന്തിച്ചർച്ചകളിൽ ഇപ്പോഴും മതവും വിശ്വാസവും' - ആലപ്പാടിന് വേണ്ടി മലയാള സിനിമയിലെ യുവതാരങ്ങളും

‘‘സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് ക്യാമ്പയിനാണ് സേവ് ആലപ്പാട്. എനിക്കതിൽ നടപടി എടുക്കാൻ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുത്തുകയാണ്. ചിലപ്പോൾ ഞാൻ ഒരു പൊതുവേദിയിൽ പറഞ്ഞാൽ ഇത് കൂടുതൽ ആളുകൾ അറിയുമായിരിക്കും “ ടൊവിനോ തോമസ്

അന്തിച്ചർച്ചകളിൽ ഇപ്പോഴും മതവും വിശ്വാസവും - ആലപ്പാടിന് വേണ്ടി മലയാള സിനിമയിലെ യുവതാരങ്ങളും

കൊല്ലം: കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശഗ്രാമത്തിൽ അശാസ്ത്രീയമായി നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമാ ലോകവും. ടൊവിനോ തോമസ്, പൃഥ്വിരാജ്, രജിഷാ വിജയൻ, സണ്ണി വെയ്ൻ, അനു സിതാര, ധനേഷ് ആനന്ദ്, ഫൈസൽ റാസി തുടങ്ങി നിരവധി പേർ ആലപ്പാട്ടെ ജനങ്ങൾക്കായി രംഗത്തെത്തി.

ആദ്യമായി ആലപ്പാടിന് വേണ്ടി മലയാള സിനിമയിൽ നിന്നും ഉയർന്നു കേട്ട ശബ്ദം യുവതാരം ടൊവിനോ തോമസിന്റേതായിരുന്നു. 'സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് ക്യാമ്പയിനാണ് സേവ് ആലപ്പാട്. എനിക്കതിൽ നടപടി എടുക്കാൻ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുത്തുകയാണ്. ചിലപ്പോൾ ഞാൻ ഒരു പൊതുവേദിയിൽ പറഞ്ഞാൽ ഇത് കൂടുതൽ ആളുകൾ അറിയുമായിരിക്കും'' -കേരള സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ അവാർഡ് സ്വീകരിച്ചുകൊണ്ട് ടൊവിനോ പറഞ്ഞു.

അതിനു പുറകെ സണ്ണി വെയ്ൻ, പൃഥ്വിരാജ് എന്നിവരും എത്തി.സത്യസന്ധമായി പറഞ്ഞാൽ, 'ഒരു ഫേസ്ബുക്ക് പോസ്റ്റുകൊണ്ടു എന്തു മാത്രം ഉപകാരം ഉണ്ടാകും എന്നെനിക്ക് അറിയില്ല !തുറന്ന് പറയട്ടെ, എപ്പോഴും ഏതെങ്കിലും ഒരു സാമൂഹിക പ്രശ്നം ഉയർന്നു വരുമ്പോൾ നമ്മൾ ചെയ്ത് വരുന്ന ഈ സാമൂഹ്യമാദ്ധ്യമങ്ങളിലെ ഹാഷ് ടാഗോ മറ്റോ ഉപയോഗിച്ചുള്ള നീക്കം ഒരു തരത്തിൽ അർഥശൂന്യമാണ്. എന്നാൽ ഇതിനെല്ലാം ഉപരി എന്നെ ആശങ്കപ്പെടുത്തുന്നത്, മതമോ, വിശ്വാസമോ ചോദ്യം ചെയ്യപ്പെട്ടാൽ ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്നത് ഒരു തീക്ഷ്ണമായ ചർച്ചയും വാർത്ത പ്രാധാന്യവും ആണ്.

എന്നാൽ അതേസമയം നമ്മുടെ സഹോദരങ്ങളുടെ വീടും കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥ വരുമ്പോൾ, എന്തുകൊണ്ടോ ചാനലുകളിലെ അന്തി ചർച്ചകളിലെ ഇപ്പോളും ചൂടുള്ള വാർത്ത മതവും വിശ്വാസവും തന്നെ. ഞാൻ ഈ പോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കുന്ന ഹാഷ് ടാഗോട് കൂടിയാണ് അവസാനിപ്പിക്കുന്നത്. എന്നാൽ ഒടുവിൽ ഇത് വെറും ഒരു ഹാഷ് ടാഗ് ക്യാമ്പയിന്‍ മാത്രമായി പോകും. ഈ പോസ്റ്റ് ഇടുമ്പോൾ, നിങ്ങളെ പോലെ എനിക്കും പ്രതീക്ഷിക്കാനും വിശ്വസിക്കാനും മാത്രമേ കഴിയൂ, നിങ്ങളുടെ ഒപ്പം എന്റെ ശബ്ദവും ഉയർന്നുവെന്നും അത് അധികാരികളുടെ ചെവിയിൽ എത്തട്ടെ' പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

തമ്മിൽ തല്ലാനും വെട്ടി കൊല്ലാനും ബോംബ് എറിയാനും നടന്ന അണികളോട് കാണിച്ച ആവേശത്തിന്റെ ഒരംശം മതി ഒരു നാടിനെ രക്ഷിക്കാൻ.

പ്രളയം വന്നപ്പോൾ നമ്മളെ സഹായിക്കാൻ ഓടിവന്ന ആലപ്പാടിലെ മത്സ്യത്തൊഴിലാളികൾക്കു മുന്നിൽ കണ്ണടച്ചുകൂടായെന്നും യുവനടൻ ധനേഷ് ആനന്ദ് കുറിച്ചു.

Read More >>