കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടും

കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടി വെള്ളമെടുക്കേണ്ട സ്ഥിതിയാണുള്ളത്. മുൻ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ തന്നെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കാറുണ്ടായിരുന്നു. എന്നാൽ മാസാവസാനമായിട്ടും ജലവിതരണവുമായി ബന്ധപ്പെട്ട് കാര്യമായ ആസൂത്രണങ്ങളൊന്നും തദ്ദേശസ്വയം ഭരണ വകുപ്പുകൾ ആരംഭിച്ചിട്ടില്ല.

കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടും

കോഴിക്കോട്: കുംഭമാസത്തിലെ കനത്ത ചൂടിൽ തന്നെ കൊടും വരൾച്ചയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി നാടും നഗരവും. ജില്ലയിൽ മലയോര പ്രദേശമുൾപ്പടെയുള്ള സ്ഥലങ്ങളിൽ മീന ചൂട് കനക്കും മുമ്പേ കുടിവെള്ളത്തിനുള്ള നെട്ടോട്ടം തുടങ്ങിക്കഴിഞ്ഞു.

പല സ്ഥലങ്ങളിലും പതിവിലും നേരത്തെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. നിലവിൽ വെള്ളമുള്ള സമീപ പ്രദേശങ്ങളിലെ കിണറുകളെയും മറ്റു കുടിവെള്ള സംവിധാനങ്ങളെയും ആശ്രയിച്ചാണ് പല കുടുംബങ്ങളും നാളുകൾ തള്ളി നീക്കുന്നത്.

ഈ കിണറുകകളിലും ജലനിരപ്പ് താഴ്ന്ന തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. കോർപ്പറേഷൻ കുടിവെള്ള പൈപ്പുകൾ മുഖേനെ ലഭിക്കുന്ന ജലമാണ് നഗരവാസികളുടെ ആശ്രയമെങ്കിൽ പ്രഖ്യാപിച്ച ജപ്പാൻ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഗ്രാമപ്രദേശങ്ങളിലുള്ളവർ.

വറ്റി വരണ്ട കിണറുകളിൽ പാറ കണ്ടു തുടങ്ങിയിയെന്ന് പരാതി പറയാൻ തുടങ്ങിയിട്ടും അധികാരികൾക്ക് കാര്യമായ അനക്കമില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മലയോര മേഖലയിലെ സ്ഥിതിയാണ് കൂടുതൽ ദയനീനം.

കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടി വെള്ളമെടുക്കേണ്ട സ്ഥിതിയാണുള്ളത്. മുൻ വർഷങ്ങളിൽ ഫെബ്രുവരി മാസത്തിൽ തന്നെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കാറുണ്ടായിരുന്നു. എന്നാൽ മാസാവസാനമായിട്ടും ജലവിതരണവുമായി ബന്ധപ്പെട്ട് കാര്യമായ ആസൂത്രണങ്ങളൊന്നും തദ്ദേശസ്വയം ഭരണ വകുപ്പുകൾ ആരംഭിച്ചിട്ടില്ല.

പ്രളയാനന്തരം കടുത്ത ജലക്ഷാമത്തിന് സാദ്ധ്യതയുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങളും അറിയിപ്പുകളും ലഭിച്ചിരുന്നു. മുന്നറിയിപ്പുകൾ ലഭിച്ചിട്ടും കുടിവെള്ള സംവിധാനം ഒരുക്കാൻ അധികൃതർ വൈകിയാൽ അത് പൊതുതെരഞ്ഞെടുപ്പിൽ ഉൾപ്പടെ വിഷയമാവുകയും ചെയ്യും.

നിലവിൽ ജലസ്രോതസ്സുകൾ വറ്റിവരണ്ടത് കാരണം കുടിവെള്ളത്തിനായി സ്വന്തം നിലക്ക് വെള്ളം കണ്ടെത്തേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിച്ചിട്ട് വർഷമേറെയായിട്ടും പദ്ധതി സമ്പൂർണ്ണമായി പൂർത്തിയാകാത്തതും തിരിച്ചടിയായിട്ടുണ്ട്. പല പ്രദേശങ്ങളിലും ജപ്പാൻ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യാതെ നീണ്ടുപോവുകയാണ്.

ജലക്ഷാമം മലയോരത്തെ കർഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജലക്ഷാമത്താൽ കൃഷികൾ വാടികരിഞ്ഞു തുടങ്ങിയെന്ന ആശങ്കയും കർഷകർ പങ്കുവെയ്ക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന ആവശ്യമാണ് നിലവിൽ ഉയരുന്നത്.

ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുന്ന കാഴ്ച്ചയും വിവിധ സ്ഥലങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. തകരാറുള്ളവ മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് കാരണം പല കുടുംബങ്ങൾക്കും പൈപ്പ് വെള്ളം കിട്ടാത്ത പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്.