ഗോദയിലെ പെണ്‍മുത്ത്

2016ലെ റിയോ ഒളിംപിക്സില്‍ ചൈനയുടെ യനാന്‍ സണ്ണിന്റെ പൂട്ടിന് മുന്നില്‍ പരിക്കേറ്റു വീണൊരു ഇന്ത്യന്‍ താരമുണ്ടായിരുന്നു; പേര് വിനേഷ് ഫോഗട്ട്. കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റ കരിയര്‍ അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് ഫീനിക്സ് പക്ഷിയെപ്പോലെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റത്.

ഗോദയിലെ പെണ്‍മുത്ത്

ജക്കാര്‍ത്ത: 2016ലെ റിയോ ഒളിംപിക്സില്‍ ചൈനയുടെ യനാന്‍ സണ്ണിന്റെ പൂട്ടിന് മുന്നില്‍ പരിക്കേറ്റു വീണൊരു ഇന്ത്യന്‍ താരമുണ്ടായിരുന്നു; പേര് വിനേഷ് ഫോഗട്ട്. കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റ കരിയര്‍ അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് ഫീനിക്സ് പക്ഷിയെപ്പോലെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റത്. കഠിന പ്രയത്നത്തിലൂടെ ഗോദയിലേക്ക് തിരിച്ചെത്തിയ വിനേഷ് ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടപ്പോള്‍ ഇന്ത്യക്കത് അഭിമാന നിമിഷം. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീ സ്റ്റെല്‍ ഗുസ്തിയിലാണ് വിനേഷിന്റെ സുവര്‍ണ്ണ നേട്ടം. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണം നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും വിനേഷ് സ്വന്തമാക്കി. 2014ലെ ഏഷ്യന്‍ ഗെയിംസിലും വിനേഷ് വെള്ളി നേടിയിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ രണ്ട് മെഡലുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡും വിനേഷ് സ്വന്തം പേരിനൊപ്പം ചേര്‍ത്തു. 63 കിലോ ഗ്രാം ഗുസ്തിയില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഗീതിക ജാഖറാണ് വിനേഷിന് മുമ്പേ ഈ നേട്ടം കൈവരിച്ചത്.2013ല്‍ ജോഹന്നസ്ബര്‍ഗില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് വിനേഷ് വരവറിയിച്ചത്. ഇതേ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ വിനേഷ് പിന്നീട് വനിതാ ഗുസ്തിയില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2014 ലെ ഏഷ്യന്‍ ഗെയിംസിലെ വെള്ളി നേട്ടത്തിന് പിന്നാലെ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് സ്വര്‍ണ്ണവും നേടി. 2015ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ വിനേഷ് 2016സെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. ഈ വര്‍ഷം പരിക്ക് താരത്തിന് തിരിച്ചടി നല്‍കിയെങ്കിലും 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ വിനേഷ് ശക്തമായി തിരിച്ചെത്തി. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയ വിനേഷ് പ്രതീക്ഷ തെറ്റിക്കാതെ ഏഷ്യന്‍ ഗെയിംസിലിലും സ്വര്‍ണ്ണം സ്വന്തമാക്കുകയായിരുന്നു.

Read More >>