ഓണത്തപ്പാ കുടവയറാ ഡിജിറ്റല്‍ പൂക്കളം വരവേല്‍ക്കും

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ലളിതവും അതേസമയം പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കായും സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

ഓണത്തപ്പാ കുടവയറാ ഡിജിറ്റല്‍ പൂക്കളം വരവേല്‍ക്കും

കൊച്ചി: കുടവയറൻ മാവേലിക്ക് സ്കൂളുകളില്‍ ഹൈടെക് പൂക്കളം! എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറുകളും ഡിജിറ്റൽ സംവിധാനങ്ങളും ഒരുങ്ങിയതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പൂക്കളത്തെ ഡിജിറ്റലിലേക്ക് മാറ്റാനൊരുങ്ങിയത്. ഡിജിറ്റലിനോടൊപ്പം സാധാരണ പൂക്കളുപയോ​ഗിച്ചും പൂക്കളം ഒരുക്കുന്നതിന് വകുപ്പ് എതിരല്ല!

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ലളിതവും അതേസമയം പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കായും സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. സാദാ പൂക്കളമൊരുക്കേണ്ടത് പ്രകൃതിയിൽനിന്ന് ലഭിക്കുന്ന പൂക്കളുപയോഗിച്ച് വേണമെന്നും വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇതിനൊപ്പമാണ് ഡിജിറ്റൽ പൂക്കളം ഒരുക്കുന്നതിന്റെ സാദ്ധ്യത കൂടി പരിഗണിക്കണമെന്ന് പറയുന്നത്.

പരീക്ഷ കഴിഞ്ഞ് സ്‌കൂൾ അടയ്ക്കുന്ന ദിവസമാണ് സാധാരണ ഓണാഘോഷം സംഘടിപ്പിക്കാറുള്ളത്. പക്ഷേ, ഇത്തവണ വിനായക ചതുർത്ഥിയോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ ആഘോഷങ്ങൾ നടക്കുന്നതിനാൽ സെപ്തംബർ രണ്ടിലെ പരീക്ഷകൾ ആറിലേക്ക് മാറ്റി. രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും ഓണാഘോഷം നടത്താമെന്നും നിർദ്ദേശമുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കൈറ്റാണ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കളങ്ങളുടെ നിർമാണത്തിനും പ്രദർശനത്തിനും അവസരം ഒരുക്കുന്നത്. ഡിജിറ്റൽ പൂക്കളമൊരുക്കുന്നതിന് ഒരു മണിക്കൂർ അനുവദിക്കാവുന്നതാണെന്ന് കൈറ്റ്സ് നിർദ്ദേശിക്കുന്നു. ഇതിനായി വിദ്യാർത്ഥികളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കും. ലാപ് ടോപ്പിന്റെ ലഭ്യതയ്ക്കനുസരിച്ച് ബാച്ചുകളായി എല്ലാവർക്കും അവസരം നൽകും. സ്വതന്ത്ര സോഫ്ട് വെയറിലാണ് പൂക്കളം തയ്യാറാക്കേണ്ടത്. മികച്ച മൂന്ന് പൂക്കളങ്ങൾ അതത് വിദ്യാലയങ്ങളുടെ സ്കൂൾ വിക്കി പേജിൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി സെപ്തംബർ മൂന്നിനകം അപ് ലോഡ് ചെയ്യണം. അതിനുശേഷം മുഴുവൻ സ്കൂളുകളുടേയും ഡിജിറ്റൽ പൂക്കളം എല്ലാവർക്കും കാണാനും വഴിയൊരുക്കും.

ഓണത്തിന്റെ മുഖ്യആകർഷണമായ പൂക്കളം കമ്പ്യൂട്ടറിൽ തയാറാക്കണമെന്ന നിർദ്ദേശം ഓണത്തിന്റെ ഐതിഹ്യങ്ങളെ തമസ്‌കരിക്കുന്നതാണെന്ന് ചില അദ്ധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. ഒപ്പം പരീക്ഷയ്ക്കിടയിലെ ആഘോഷങ്ങളോടും അദ്ധ്യാപകർക്ക് എതിർപ്പുണ്ട്. ഹയർ സെക്കന്ററിയിൽ തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാൽ കുട്ടികളിൽ ഭൂരിപക്ഷവും വീട്ടിൽ പോകുമെന്നും അദ്ധ്യാപകർ പറയുന്നു. പല അദ്ധ്യാപകരും ഇതിനോട് മുഖം തിരിക്കുന്നതിനാൽ പൂക്കളമൊരുക്കലിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാവാനുള്ള സാദ്ധ്യതയില്ലെന്നും പറയപ്പെടുന്നു.

Read More >>