തിന്നുന്നവര്‍ അറിയുന്നുണ്ടോ സമൂസ വരുത്തനാണെന്ന്

ഇന്ന് പലതരത്തിലുള്ള സമൂസകള്‍ ഇന്ത്യയില്‍ ലഭിക്കും. പച്ചകറികള്‍ നിറച്ചതും ഉരുളക്കിഴങ്ങ് നിറച്ചതുമാണ് ഇന്ത്യയിലെ സമൂസകളുടെ പ്രത്യേകത. ഇന്ത്യയില്‍ തന്നെ സ്ഥലങ്ങള്‍ മാറുമ്പോള്‍ സമൂസയുടെ രുചിയും മാറുന്നു. പശ്ചിമബംഗാളില്‍ സിംഗാരയായും ഗുജറാത്തിലെ പറ്റി സമൂസയും പഞ്ചാബിലെ പാസ്റ്റ സമൂസയും പനീര്‍ സമൂസയും അങ്ങനെ നീളുകയാണ് ഇന്ത്യയിലെ സമൂസകള്‍

തിന്നുന്നവര്‍ അറിയുന്നുണ്ടോ സമൂസ വരുത്തനാണെന്ന്

കാഴ്ചയില്‍ തന്നെ കേമനാണ് സമൂസ. ത്രികോണാകൃതിയില്‍ ഉള്ളില്‍ രുചി ഒളിപ്പിച്ച സമൂസ നാടുകടന്ന് വന്നാണ് നാട്ടിലെ ചില്ലുകൂട്ടില്‍ കയറിയിരിക്കുന്നത്. പ്രാചീനകാലത്ത് പലവഴികള്‍ നടന്ന് കടലുകള്‍ താണ്ടി അറബി നാട്ടില്‍ നിന്നുമാണ് സമൂസ ഇന്ത്യന്‍ അടുക്കളയിലേക്ക് എത്തുന്നത്.

പ്രാചീന സില്‍ക്ക് റൂട്ടിലൂടെ സഞ്ചരിച്ച വ്യാപാരികളോ, ഇന്ത്യന്‍ തീരങ്ങളിലൂടെ കച്ചവടത്തിനെത്തിയ അറബ് വ്യാപാരികളോ ആണ് ഇന്ത്യയില്‍ സമൂസ എത്തിച്ചതിന് പിന്നില്‍. സമൂസ എന്ന വാക്ക് പിറവി കൊണ്ടത് അറബി വാക്കില്‍ നിന്നാണെന്ന് ചരിത്രം. 10ാം നൂറ്റാണ്ടിലെ അറബി കുക്ക് ബുക്കില്‍ സമൂസയെ പറ്റി പറയുന്നത്. 'സാംബുസാക്' എന്ന പേരിലാണ് സമൂസ അറബി നാട്ടില്‍ അറിയപ്പെടുന്നത്. യാത്രക്കാരായ കച്ചവടക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പലഹാരമായിരുന്നു ഇത്.

സാംബുസാക് എന്ന വാക്ക് മൂന്ന് എന്നര്‍ത്ഥം വരുന്ന അറബി വാക്കില്‍ നിന്നാണ് ഉണ്ടായതെന്നാണ് ഭക്ഷണ ചരിത്രകാരനായ കൊളിന്‍ ടെയ്ലര്‍ സെന്‍ തന്റെ ബുക്കായ 'ഫിസ്്റ്റസ് ആന്റ് ഫാസ്റ്റസ്; എ ഹിസ്റ്ററി ഒഫ് ഫുഡ് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തില്‍ പറയുന്നത്. ഇത് മൂന്ന് വശങ്ങളെ കാണിക്കുന്നുവെന്നും അംബസ് എന്ന വാക്ക് ഒരുതരം റൊട്ടിയെ കാണിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നത്. എളുപ്പത്തില്‍ കൈയില്‍ കരുതാവുന്ന പലഹാരം എന്നതാണ് സാംബുസ്‌കിനെ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഒക്സ്വേഡ് കംപാനിയര്‍ ടു ഫുഡ് വിശദീകരിക്കുന്നു. ചരിത്രത്തില്‍ സാംബുസാക്, സാന്‍ബോസാക്, സാന്‍ബുസാഖ് എന്നീ പേരുകളിലും സമൂസ അറിയപ്പെട്ടിരുന്നു.

മൊറോക്കന്‍ സഞ്ചാരിയായ ഇബന്‍ ബട്ടൂട്ടയാണ് ഇന്ത്യയില്‍ സമൂസയുടെ സാന്നിദ്ധ്യത്തെ പറ്റി ആദ്യമായി പറയുന്നത്. 14ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ തുക്ലക്കിന്റെ സദസില്‍ സാംബുസാക് ഉണ്ടായിരുന്നതായി പറയുന്നു. ചെറിയ കഷ്ണം ഇറച്ചി, ബദാം, തുടങ്ങിയ അടങ്ങിയതായിരുന്നു സാംബുസ്‌ക് എന്നും അദ്ദേഹം വിവരിക്കുന്നു.

16ാം നൂറ്റാണ്ടില്‍ അക്ബറിന്റെ സദസിലെത്തിയ പേര്‍ഷ്യന്‍ ചരിത്രകാരനായ അബുള്‍- ഫസല്‍ ബെയ്ഹാക്കിയാണ് സമൂസ എന്ന പേര് അവതരിപ്പിച്ചതെന്ന് ചരിത്രകാരമായ കോളന്‍ ടെയ്ലര്‍ സെന്‍ പറയുന്നു.