ദൈവം കൈകൾ തന്നില്ലെങ്കിലെന്താ! ഭംഗിയാായി എഴുതാൻ സാറക്ക് അറിയാം

കൈപ്പത്തികൾ ഇല്ലെങ്കിലും കളർ പെൻസിലുകൾ കൈകളിൽ മുറുകെപ്പിടിച്ച് അവൾ തന്റെ മനസ്സിലെ ചിത്രങ്ങൾ തുണിയിലും കടലാസ്സിലും പകർത്തി വരക്കും.

ദൈവം കൈകൾ തന്നില്ലെങ്കിലെന്താ! ഭംഗിയാായി എഴുതാൻ സാറക്ക് അറിയാം

മാരിലാൻഡ്: ജന്മനാ ഇരു കൈപ്പത്തികളും ഇല്ലാതിരുന്നിട്ടും പരിമിതികൾ അതിജീവിച്ച് 10 വയസ്സുകാരി സാറാ ഹിനെസ്‌ലി. മാരിലാൻഡിൽ സംഘടിപ്പിച്ച ദേശീയ കൈയെഴുത്ത് മത്സരത്തിൽ ഒന്നാമതെത്തിയാണ് ഈ കുരുന്നു ബാലിക തന്റെ പരിമിതികളെ ദൂരെ കളഞ്ഞത്.


മൺപാത്ര നിർമ്മാണം, പെയിന്റിങ്, വര എന്നിവയിൽ മിടുക്കിയാണ് സാറ. ഇംഗ്ലീഷും ചൈനീസ് ഔദ്യോഗിക ഭാഷയായ മന്തറിനും എഴുതാൻ അവൾക്കറിയാം. കൂട്ടെഴുത്ത് പഠിച്ചതെങ്ങനെയെന്നു ചോദിച്ചപ്പോൾ വളരെ എളുപ്പമായിരുന്നെന്നാണ് സാറ നൽകിയ മറുപടി.

എനിക്ക് കഴിയില്ലെന്ന് ഒരിക്കലും സാറ പറയുന്നതായി താൻ കേട്ടിട്ടില്ലെന്ന് സാറയുടെ അദ്ധ്യാപിക ചെറിൽ ചുറില്ല പറഞ്ഞു. ഫ്രെഡെറിക്കിൽ സെന്റ് ആനറണീസ് കത്തോലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവൾ. 2019ലെ നിക്കോളാസ് മാക്‌സിം കൈയെഴുത്ത് അവാർഡിന് ഇത്തവണ സാറയാണ് അർഹയായത്. ഓരോ വർഷവും രണ്ടുപേർക്കാണ് അവാർഡ് നൽകാറുള്ളത്.

നാലുവർഷം മുമ്പാണ് സാറയുടെ കുടുംബം ചൈനയിൽ നിന്നും അമേരിക്കയിലെത്തിയത്. 2015 ജൂലൈയിൽ ഇവർ അമേരിക്കയിൽ എത്തിയപ്പോൾ മാന്തറിൻ ഭാഷ മാത്രമേ സാറക്ക് അറിയുമായിരുന്നുള്ളൂ. സഹോദരിയിൽ നിന്ന് വളരെവേഗം ഇംഗ്ലീഷ് പഠിച്ചെടുത്തു. ഒഴിവു സമയങ്ങളിൽ സാറ അവൾക്കു ചുറ്റുമുള്ള വസ്തുക്കളെ വരക്കാൻ തുടങ്ങും. കൈപ്പത്തികൾ ഇല്ലെങ്കിലും കളർ പെൻസിലുകൾ കൈകളിൽ മുറുകെപ്പിടിച്ച് അവൾ തന്റെ മനസ്സിലെ ചിത്രങ്ങൾ തുണിയിലും കടലാസ്സിലും പകർത്തി വരക്കും. ജൂൺ 13ന് നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ സാറ ട്രോഫിയും സമ്മാനത്തുകയും ഏറ്റുവാങ്ങും.