കൊച്ചിയുടെ പച്ചമരത്തണല്‍

ഞാന്‍ ജനിച്ച വീടാണിത്,' പുരുഷോത്തമ കമ്മത്ത് പറഞ്ഞുതുടങ്ങുന്നു. 'കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാനിവിടെ ഔഷധ സസ്യങ്ങളും പലതരം കൃഷികളും ചെയ്യുന്നു. ഔഷധസസ്യങ്ങള്‍ തന്നെ രണ്ടായിരത്തോളം വെറൈറ്റി ഉണ്ട്. മിക്കതും വംശനാശഭീഷണി നേരിടുന്നതാണ്. അങ്ങനെയുള്ളതാണ് ഞാനധികവും ശേഖരിക്കുന്നത്. പിന്നെ നമ്മുടെ നാടന്‍ മരങ്ങളുണ്ട്. നമ്മളില്‍ പലരും നടാന്‍ മടിക്കുന്നവ. ഫലവൃക്ഷങ്ങള്‍ മൂന്നൂറ് തരം ഉണ്ട്. 34 ഇനം മാവുകള്‍, 6 തരം ചാമ്പക്ക, സീതപഴം, ഫ്രാഷന്‍ ഫ്രൂട്ട്, നെല്ലിപുളി, സീതപ്പഴം, മംഗോസ്റ്റ്, ഗ്രീന്‍ ആപ്പിള്‍, മുണ്ടിനീരിന് വിശേഷപ്പെട്ട ഔഷധമായ വള്ളിപഌവ് ഉള്‍െപ്പടെ പലയിനം പ്ലാവുകള്‍, മലവേപ്പ്, മൂന്നിനം അത്തി, കോകം, വെണ്ണപ്പഴം, കാര, കോളമരം, പലയിനം പേര, നാരകം എന്നിങ്ങനെ 150 ഇനം ഫലവൃഷങ്ങള്‍.

കൊച്ചിയുടെ പച്ചമരത്തണല്‍ഫോട്ടോ: ഭൂപതി എരൂര്

തപസ്യ ജയന്‍

മരം ഒരു വരമെന്നാണല്ലോ പൊതുവേ പറയാറ്. അപ്പോള്‍ ഒരു വനമാണെങ്കിലോ? അതും മെട്രോ നഗരമായ എറണാകുളത്തിന്റെ നടുവില്‍ ഒരു സ്വകാര്യ വനം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷേ സത്യമാണ്, ഏതാണ്ട് രണ്ടായിരം ഇനം ഔഷധച്ചെടികളും മരങ്ങളും അപൂര്‍വ സസ്യങ്ങളും വളരുന്ന ഈ സ്ഥലം എ.വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹി തനിക്ക് പാരമ്പര്യമായി കിട്ടിയ രണ്ടേക്കറിലധികം വരുന്ന പുരയിടത്തില്‍ നട്ടും നനച്ചും വളര്‍ത്തുന്നതാണ്. കൊച്ചി നഗരത്തില്‍ അംബരചുംബികളായ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് നടുവില്‍ ഒന്നര ഏക്കര്‍ യഥാര്‍ത്ഥ കാട്! പഴയതും എന്നാല്‍ പ്രതാപം വിളിച്ചോതുന്നതുമായ തറവാട് അതിനുനാലുവശത്തും മരങ്ങളും ചെടികളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അതാണ് പുരുഷോത്തമ കമ്മത്തിന്റെ ആലിങ്കല്‍ ഫാംസ്. വീട്ടിലേക്ക് കാലുകുത്തുമ്പോഴേ ശീതളതയുടെ തലോടല്‍ അനുഭവിച്ചറിയാം. ഐശ്വര്യത്തിന്റെ പ്രതീകമായി 45 വര്‍ഷം പഴക്കമുള്ള നാഗലിംഗവൃക്ഷം നടുമുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്നു. പിന്നീട് കയറിച്ചെല്ലുന്നത് വലിയൊരു അത്തിമരത്തിന്റെ തണലിലേക്കാണ്. അതിന്റെ ഒരിലത്തണല്‍ മതി ഒരാളെ ആകെ തണുപ്പിക്കാന്‍. അത്തിത്തണലില്‍ നിന്ന് നേരെ നടന്നാല്‍ ഒരു വശത്ത് നക്ഷത്രവനം കാണാം.

ഓരോ നക്ഷത്രത്തിനും ഓരോ മരമുണ്ടെന്നാണ് സങ്കല്‍പം. ഇരുപത്തിയേഴു നക്ഷത്രങ്ങള്‍ക്കും ഓരോ ഔഷധവൃക്ഷങ്ങളാണ്. ഉദാഹരണത്തിന് അശ്വതിക്ക് കാഞ്ഞിരവും ഭരണിക്ക് നെല്ലിയും കാര്‍ത്തികക്ക് അത്തിയും രോഹിണിക്ക് ഞാവലുമാണ് നക്ഷത്രവൃക്ഷങ്ങള്‍. ഇവ ഇരുപത്തിയേഴും ഒരുമിച്ചു നട്ടുവളര്‍ത്തുന്നതിനാണ് നക്ഷത്രവനം എന്നുപറയുക. ഇനി, നക്ഷത്രവനം വിട്ടിട്ട് ഇപ്പുറത്തേക്ക് നോക്കിയാല്‍ മധുരമുള്ളതും ഇല്ലാത്തതുമായ സ്റ്റാര്‍ ഫ്രൂട്ട് മരങ്ങള്‍, രാജാപ്പുളി, ശിംശിപ, രുദ്രാക്ഷം, അശോകം, ആനത്തൊണ്ടി എന്നിങ്ങനെ പരിചിതവും പുതിയതുമായ പലയിനം മരങ്ങള്‍ കാണാം. ഇതൊക്കെ കടന്നു നേരെ ചെല്ലുന്നത് ഒരു വീട്ടുമുറ്റത്തേക്കാണ്. നൂറോളം വര്‍ഷം പഴക്കമുണ്ട് ഓടിട്ട ഇരുനിലവീടിന്. അതിന്റെ വരാന്തയില്‍ ഇരുന്നാല്‍ മതി, രണ്ടു ഗഌസ് നാരങ്ങാവെള്ളം ഐസിട്ടു കുടിച്ച ആശ്വാസം തോന്നാന്‍. ഇവിടെയാണ് ഈ മരങ്ങളത്രയും നട്ടുവളര്‍ത്തിയ, എ വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹി താമസിക്കുന്നത്. ഞാന്‍ ജനിച്ച വീടാണിത്,' പുരുഷോത്തമ കമ്മത്ത് പറഞ്ഞുതുടങ്ങുന്നു. 'കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാനിവിടെ ഔഷധ സസ്യങ്ങളും പലതരം കൃഷികളും ചെയ്യുന്നു. ഔഷധസസ്യങ്ങള്‍ തന്നെ രണ്ടായിരത്തോളം വെറൈറ്റി ഉണ്ട്. മിക്കതും വംശനാശഭീഷണി നേരിടുന്നതാണ്. അങ്ങനെയുള്ളതാണ് ഞാനധികവും ശേഖരിക്കുന്നത്. പിന്നെ നമ്മുടെ നാടന്‍ മരങ്ങളുണ്ട്. നമ്മളില്‍ പലരും നടാന്‍ മടിക്കുന്നവ. ഫലവൃക്ഷങ്ങള്‍ മൂന്നൂറ് തരം ഉണ്ട്. 34 ഇനം മാവുകള്‍, 6 തരം ചാമ്പക്ക, സീതപഴം, ഫ്രാഷന്‍ ഫ്രൂട്ട്, നെല്ലിപുളി, സീതപ്പഴം, മംഗോസ്റ്റ്, ഗ്രീന്‍ ആപ്പിള്‍, മുണ്ടിനീരിന് വിശേഷപ്പെട്ട ഔഷധമായ വള്ളിപഌവ് ഉള്‍െപ്പടെ പലയിനം പ്ലാവുകള്‍, മലവേപ്പ്, മൂന്നിനം അത്തി, കോകം, വെണ്ണപ്പഴം, കാര, കോളമരം, പലയിനം പേര, നാരകം എന്നിങ്ങനെ 150 ഇനം ഫലവൃഷങ്ങള്‍.

ഫോട്ടോ: ഭൂപതി എരൂര്

ഔഷധസസ്യങ്ങളില്‍ ഒമ്പതിനം തുളസി, അണലിവേഗം, കീരിക്കിഴങ്ങ്, തീപ്പാല, ചുരക്കള്ളി, മോദകം, കരിമുതക്ക്, അയ്യപ്പാന, ഞരമ്പോടല്‍, പീനാറി, കാട്ടമൃത്, കാട്ടുകാച്ചില്‍, ഏകനായകം, കല്ലൂര്‍വഞ്ചി, ആറ്റുവഞ്ചി, ഗുഗുലു, ഓരിലത്താമര, ഗരുഡപ്പച്ച, സമുദ്രപ്പച്ച എന്നിവ അപൂര്‍വങ്ങളില്‍ ചിലതുമാത്രമാണ്.

ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണബലത്തെ നിയന്ത്രിക്കുന്ന മേധ അശ്വമേധ, ഉത്തരാഖണ്ഡില്‍ നിന്നും കൊണ്ടുവന്ന ദേവദാരു, കൂടാതെ മരവുരി രുദ്രാക്ഷം, ബോധിവൃക്ഷം, രക്തചന്ദനം, കര്‍പ്പൂരം, ഇലന്ത, , വള്ളിമന്ദാരം, മലമരോദി, കറുത്ത കുന്തിരിക്കം തുടങ്ങി ഒന്നര ഏക്കറിന് മൂവായിരത്തോളം സസ്യശേഖരമുള്ള ആലിങ്കല്‍ ഫാംസ് കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുള്ള ആത്മയുടെ ഫാം സ്‌കൂള്‍ കൂടിയാണ്.

സസ്യപരിപാലനത്തിനായി ദിവസവും ഏറെ നേരം ചിലവിടുന്ന കമ്മത്ത് ജലസേചനത്തിനായി ഒരു കുളമൊരുക്കിയിട്ടുണ്ട്. കുളത്തില്‍ ധാരാളം മീനുകളും തവളകളും ഇരുന്നൂറിലേറെ ആമകളും സസുഖം കഴിയുന്നു. പശുക്കളെ വളര്‍ത്തുന്നതിനാല്‍ ഗോബര്‍ ഗ്യാസും വൈദ്യുതി ലാഭിക്കാനായി സോളാര്‍ പാനലുമുണ്ട്. പലതരം പൂക്കള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും ചുറ്റും വിവിധ ഇനം പക്ഷികളും ചിത്രശലഭങ്ങളും വട്ടമിട്ടു പറക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്. ഇവയ്ക്ക് പുറമെ കാടകൃഷിയും, കോഴി വളര്‍ത്തലും കമ്മത്തിനുണ്ട്. കോഴികളില്‍ തന്നെ കരിങ്കോഴിയാണ് കൂടുതലായും വിറ്റുപോകുന്നത്. കരിങ്കോഴി മുട്ട ഏറെ ഔഷധ ഗുണമുള്ള ഒന്നായതുകൊണ്ടാണത്രെ...

'ഇവിടെ മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ അടിച്ചുകളയാറില്ല. കരിയിലകള്‍ കിടന്നു പൊടിഞ്ഞാലേ മണ്ണിന് ഉണര്‍വുണ്ടാകൂ ഓരോ വൃക്ഷത്തിന്റെയും പേര് മലയാളത്തിലും ശാസ്ത്രീയനാമം, ഫാമിലി എന്നിവ ഇംഗ്ലീഷിലും കുറിച്ചുവെച്ചിട്ടുണ്ട്. ഈ പച്ചത്തുരുത്ത് സന്ദര്‍ശിക്കാനെത്തുന്ന ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ പലതരം മരങ്ങളെ പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഒരു സേവനം. ഓരോ മരത്തിന്റെയും ഔഷധസ്യത്തിന്റെയും ഒന്നോ രണ്ടോ ഉപയോഗവും കമ്മത്ത് മാഷ് കുറിച്ചുവെച്ചിട്ടുണ്ട്.. വീട്ടുമുറ്റത്ത് കിണറിനു സമീപം നട്ടിട്ടുള്ളത് നാഗലിംഗവൃക്ഷമാണ്, ഏതാണ്ട് 14 കിലോമീറ്റര്‍ ദൂരത്തോളം ഓക്‌സിജന്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിവുള്ള മരമാണ് അത്. അതിന്റെ ഇലകള്‍ കൂട്ടമായാണ് പൊഴിയുക . മഴയും വെയിലും വീഴും പോലെ ഇലകളും. പ്രകൃതിയുടെ രീതികളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്,' കമ്മത്ത് മാഷ് പറഞ്ഞു. 2013ല്‍ ബയോ ഡൈവേഴ്‌സിറ്റി സ്‌റ്റേറ്റ് അവാര്‍ഡ്, 2016ല്‍ വനമിത്ര അവാര്‍ഡ്, ആത്മയുടെ നിറകതിര്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മണ്ണിനേയും മരത്തിനേയും ഒരുപോലെ സ്‌നേഹിക്കുന്ന കമ്മത്തിന് മരണശേഷവും ഓര്‍മ്മിക്കപ്പെടാന്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കണമെന്നാണ് ആഗ്രഹം.

Next Story
Read More >>