കൈയടിക്കാം, ഈ നന്മയ്ക്ക്

സ്വരുക്കൂട്ടിയ പണം അവന്റേതല്ലാത്ത ആവശ്യങ്ങൾക്കായി മുസ്തഫയിൽനിന്ന് 'ചോർന്നു'പോകുകയാണ്. അതില്‍ തരിമ്പും സങ്കടവുമില്ല അവന്. തന്റെ ഇത്തിരിപ്പോന്ന സമ്പാദ്യം മറ്റാരുടെയൊക്കെയോ കണ്ണീരൊപ്പുന്നുണ്ടെന്ന സന്തോഷം മാത്രം.

കൈയടിക്കാം, ഈ നന്മയ്ക്ക്

കോഴിക്കോട്: ഒരു സമ്പാദ്യക്കുടുക്കയുണ്ട് കുഞ്ഞുമുസ്തഫയ്ക്ക്. ഉപ്പയും ഉമ്മയും ബന്ധുക്കളും ഇഷ്ടത്തോടെ നല്‍കുന്ന കാശാണ് മുഹമ്മദ് മുസ്തഫയുടെ സമ്പാദ്യക്കുടുക്ക നിറയ്ക്കുന്നത്. സ്വരുക്കൂട്ടി വച്ച പണംകൊണ്ട് കുഞ്ഞുകുഞ്ഞ് സ്വപ്നങ്ങളുമുണ്ട് മുഹമ്മദ് മുസ്തഫയ്ക്ക് സാക്ഷാത്കരിക്കാന്‍. പക്ഷെ, കൊതിച്ചവ കൈയെത്തിപ്പിടിക്കാന്‍ അടുത്തകാലത്തൊന്നും സ്വന്തം പണക്കുടുക്ക കനിയുമെന്ന പ്രതീക്ഷ തരിമ്പുമില്ല അവന്.

സ്വരുക്കൂട്ടിയ പണം അവന്റേതല്ലാത്ത ആവശ്യങ്ങൾക്കായി മുസ്തഫയിൽനിന്ന് 'ചോർന്നു'പോകുകയാണ്. അതില്‍ തരിമ്പും സങ്കടവുമില്ല അവന്. തന്റെ ഇത്തിരിപ്പോന്ന സമ്പാദ്യം മറ്റാരുടെയൊക്കെയോ കണ്ണീരൊപ്പുന്നുണ്ടെന്ന സന്തോഷം മാത്രം.

ഇത്തവണ ആ പണം 'കൊണ്ടുപോയത്' ലണ്ടൻ എയർആംബുലൻസാണ്. താന്റെ സമ്പാദ്യക്കുടുക്ക കഴിഞ്ഞദിവസമാണ് മുഹമ്മദ് മുസ്തഫ ലണ്ടൻ എയർ ആംബുലൻസിന് കൈമാറിയത്. ആ സന്തോഷം ലോകത്തെ അറിയിക്കാൻ ജനുവരി നാലിന് രാവിലെ എയർ ആംബുലൻസ് തങ്ങളുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടിൽ കുഞ്ഞുമുസ്തഫയുടെ ചിത്രങ്ങൾ പോസ്റ്റും ചെയ്തു. എയർ ആംബുലൻസിൽ ഹെൽമറ്റൊക്കെ ധരിച്ച് ഗമയോടെ ഇരിക്കുന്ന മുസ്തഫ! ചിത്രങ്ങളുടെ കൂടെ തങ്ങളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ കുഞ്ഞുദാതാവിന് നന്ദിയറിച്ച് കുറിപ്പും. ലണ്ടനിൽ താമസിക്കുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുജീബ്റഹ്മാൻ-യാസ്മിൻ ദമ്പതികളുടെ മകനാണ് ഈ എട്ടുവയസ്സുകാരൻ.

ജീവിതത്തിൽ സത്യസന്ധത പുലർത്തണമെന്നും കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവണമെന്നും പ്രചോദിപ്പിച്ച ഉപ്പയുടെയും ഉമ്മയുടെയും വാക്കുകളാണ് സാമൂഹ്യപ്രവർത്തങ്ങള്‍ക്ക് കൊച്ചുസമ്പാദ്യം നീക്കിവയ്ക്കാന്‍ പ്രേരണയെന്നു മുസ്തഫ പറയുന്നു. മികച്ച വിദ്യാഭ്യാസവും കുറഞ്ഞനിരക്കിൽ വൈദ്യുതിയുമെല്ലാം ലഭ്യമാക്കിയ ആം ആദ്മി പാർട്ടിക്കാണ് ആദ്യസമ്പാദ്യം കൈമാറിയത്. എയർ ആബുലൻസിന്റ പ്രവർത്തനമികവ് കേട്ടറിഞ്ഞാണ് ബർത്ത്ഡേ വാലറ്റും പോക്കറ്റ് മണിയുമെല്ലാം സന്തോഷപൂർവം അവർക്ക് നൽകിയത്. ഓരോദിവസവും കുറഞ്ഞത് അഞ്ചു പേരുടെയെങ്കിലും ജീവൻ രക്ഷിക്കുന്നുണ്ട് അവർ.

ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു കൈസഹായം നൽകുകയെന്നത് നമ്മുടെ കടമയാണ്- മുസ്തഫ പറയുന്നു. പിറന്നാൾ ദിനത്തിൽ എയർ ആബുലൻസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും തുക കൈമാറുകയുമായിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥർ കുടുംബത്തെ എയർ ആംബുലൻസിന്റ ഹെലിപാഡിലേക്ക് ക്ഷണിക്കുകയും പ്രവർത്തങ്ങളെയും സൗകര്യങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്തു. ബ്ലയർ പീച്ച് പ്രൈമറി സ്കൂളിൽ മൂന്നാംക്ലാസ്സ് വിദ്യാർത്ഥിയായ മുസ്തഫയ്ക്ക് ജനങ്ങൾക്കൊപ്പം നിൽക്കുന്ന മന്ത്രിയാകണമെന്നാണ് ആഗ്രഹം. 'ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം, ഉയർന്ന വിദ്യാഭ്യാസവും രാജ്യസുരക്ഷയും ഉറപ്പാക്കണം'- അങ്ങനെ പോകുന്നൂ, സ്വപ്നങ്ങൾ.

ലണ്ടനിലെ സ്വകാര്യ എണ്ണക്കമ്പനിയിൽ സെയിൽസ് വിഭാഗത്തിലാണ് മുസ്തഫയുടെ ഉപ്പ മുജീബിന് ജോലി. 10 വർഷമായി കുടുംബസമേതം ലണ്ടനിലാണ്. മകന്റെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്നും ഇനിയും ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു. മുസ്തഫയ്ക്ക് നാട്ടില്‍ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
Read More >>