ക്ഷീണവും തളർച്ചയും മാത്രമല്ല രോഗങ്ങളുടേയും കാലമാണ് വേനൽക്കാലം. പൊതുവെ പല തരത്തിലുളള രോഗങ്ങൾ വരുന്ന സമയമാണിത്. അതിനാൽ വേനൽ കടുക്കുന്നതോടെ ആരോഗ്യ കാര്യത്തിലും കൂടുതൽ ജാഗ്രത വേണം

വേനല്‍ക്കാലത്തെ ആരോഗ്യം

Published On: 28 Feb 2019 3:18 PM GMT
വേനല്‍ക്കാലത്തെ ആരോഗ്യം

ചൂടിൽ നിന്ന് എങ്ങനെയെങ്കിലും ഓടിയകലാനാണ് എല്ലാവരുടേയും ശ്രമം. ക്ഷീണവും തളർച്ചയും മാത്രമല്ല രോഗങ്ങളുടേയും കാലമാണ് വേനൽക്കാലം. പൊതുവെ പല തരത്തിലുളള രോഗങ്ങൾ വരുന്ന സമയമാണിത്. അതിനാൽ വേനൽ കടുക്കുന്നതോടെ ആരോഗ്യ കാര്യത്തിലും കൂടുതൽ ജാഗ്രത വേണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വേനൽ കൂടുതൽ കടുത്തതാവാനാണ് സാദ്ധ്യത.

അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുക മാത്രമല്ല, ഇക്കാലയളവിൽ വരൾച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളും നമുക്ക് ചുറ്റുമുണ്ടാവും. അതിനാൽ അവയെ പ്രതിരോധിക്കാനും ശരിയായ ആരോഗ്യം നിലനിർത്താനും മതിയായ മുൻകരുതലുകൾ അനിവാര്യമാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കിൽ ഒട്ടുമിക്ക വേനൽക്കാല രോഗങ്ങളേയും അകറ്റാനാവും. മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്, കോളറ, ചെങ്കണ്ണ് പോലുള്ള നേത്ര രോഗങ്ങൾ തുടങ്ങിയവയെല്ലാം വേനൽക്കാലത്ത് പടരാൻ സാദ്ധ്യത കൂടുതലാണ്.

മഞ്ഞപ്പിത്തം

ചൂടുകാലത്ത് കൂടുതലായി കാണുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് കൂടുതൽ ബാധിക്കുന്നത്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് പകരുക. പനി, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങൾ. പഴവർഗങ്ങൾ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീൻ, എണ്ണയിൽ വറുത്തത് തുടങ്ങിയവ വേണ്ടെന്നുവയ്ക്കുക എന്നീ കാര്യങ്ങളാണ് ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.

തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസർജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സെപ്റ്റിക് ടാങ്കിനോട് ചേർന്നല്ല കിണർ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞപ്പിത്തം വരുന്നത് തടയാനാവും.

ചിക്കൻ പോക്സ്

ചിക്കൻപോക്‌സിനും ഈ സമയത്ത് സാദ്ധ്യത കൂടുതലാണ്. അപകടകാരിയല്ലെങ്കിലും രോഗം കൂടിയാൽ പ്രശ്നമാണ്. ചുമയോ കഫക്കെട്ടോ ഉണ്ടെങ്കിൽ ചിക്കൻ പോക്സ് ന്യൂമോണിയയായി മാറിയേക്കാം. ചിക്കൻ പോക്സ് ഒരു തവണ വന്നാൽ പിന്നീട് വരാനുള്ള സാദ്ധ്യത കുറവാണെന്നാണ് പറയുന്നത്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻ പോക്‌സ് വന്നാൽ കൂടുതൽ കരുതൽ വേണം.

ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കൻ പോക്‌സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്‌സിന് കാരണം. വായുവിലൂടെ ശരീരത്തിൽ കടക്കുന്ന ഈ വൈറസിൻറെ പ്രവർത്തന ഫലമായാണ് ശരീരത്തിൽ കരുക്കൾ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്. ഈ കുമിളകൾ ഉണങ്ങി ഒടുവിൽ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുന്നു. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിൽ നിന്നു മറ്റുള്ളവരിലേക്കും പകരാൻ സാദ്ധ്യതയുണ്ട്. പനിക്കൊപ്പം ഛർദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.

രോഗം പിടിപെട്ടാലുടൻ ചികിത്സിക്കണം. ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികൾ, എണ്ണ എന്നിവ ഒഴിവാക്കണം, തണുത്ത ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക, ശരീരത്തിലെ കുമിളകൾ പൊട്ടിക്കാതിരിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നീ കാര്യത്തിലും ശ്രദ്ധ വേണം. രോഗ ലക്ഷണങ്ങൾ കാണുന്ന വ്യക്തിയിൽ നിന്ന് അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കുക മുൻകരുതലുകളാണ്.

കുത്തിവയ്പിലൂടെ ചിക്കൻ പോക്‌സിനെ പ്രതിരോധിക്കാം. പനിയോ, വയറിളക്കമോ, ഛർദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ഉടൻ ചികിത്സിക്കുക.

ചെങ്കണ്ണ്

വേനൽക്കാലത്ത് സാധരണയായി പടർന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേൽക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണിനെ കൂടാതെ കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച എന്നിവയും ഈസമയത്ത് ഉണ്ടാകാറുണ്ട്. ഇതിൽ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാൽ രണ്ടാഴ്ച വരെ നീണ്ടുനിൽക്കും. കാഴ്ചയിൽ മങ്ങലുണ്ടാക്കാനും സാദ്ധ്യതയുണ്ട്. ശുദ്ധമായ വെള്ളത്തിൽ ഇടക്കിടെ മുഖം കഴുകുന്നത് നല്ലതാണെങ്കിലും അമിതമായി കൂടുതൽ തവണ കണ്ണ് കഴുകിയാൽ അത് വിപരീത ഫലം ഉളവാക്കും.

ചെങ്കണ്ണ് രോഗികളിൽ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനിൽക്കാറുണ്ട്. കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചിൽ, കൺപോളകൾ തടിക്കുക, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയാണ് പൊതു ലക്ഷണങ്ങൾ.

ടി.വി കാണുന്നത് ഉൾപ്പെടെ മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകളിൽനിന്ന് പരമാവധി അകലം പാലിക്കുക, രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക, കണ്ണിന് ചൂടുതട്ടാതെ നോക്കുക എന്നിവയാണ് രോഗം പിടിപെട്ടാൽ പാലിക്കേണ്ട കാര്യങ്ങൾ. സ്വയം ചികിത്സ അരുത്. നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം. കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോകുമ്പോൾ കുട ചൂടുക, കണ്ണുകൾ ശുദ്ധവെള്ളം കൊണ്ട് കഴുക, പുറത്തുപോകുമ്പോൾ സൺ ഗ്ലാസ്സുകൾ ഉപയോഗിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുൻ കരുതലുകൾ. ഡോക്ടറുടെ അനുമതിയില്ലാതെ കണ്ണിൽ മരുന്നുകളൊന്നും ഉറ്റിക്കരുത്. കൈകൾ സോപ്പ് ഉപയോഗിച്ച് എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും മറക്കരുത്.

കോളറ

ജലത്തിലൂടെയാണിത് പകരുന്നത്. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് രോഗം പിടികൂടുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനുവരെയും കോളറ കാരണമാകാറുണ്ട്.

വയറിളക്കം, ഛർദ്ദി, പനി, മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക, ഭക്ഷണസാധനങ്ങൾ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങൾ അടച്ചുവയ്ക്കുക എന്നിവയാണ് മുൻകരുതലുകൾ.

ജലദോഷം

മഴക്കാലം പോലെതന്നെ ജലദോഷം ഉണ്ടാവുന്ന സീസണാണ് വേനൽക്കാലവും. അധികനേരം വെയിലിൽ നടക്കുന്നതു മൂലം വിയർപ്പ് മുടിയിൽ കെട്ടിക്കിടന്ന് ജലദോഷവും കഫക്കെട്ടും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

വയറിളക്കവും ഛർദ്ദിയും

മഴക്കാലത്ത് വീട്ടിനുള്ളിൽ ചടഞ്ഞു കൂടിയവരൊക്കെ കറങ്ങാനിറങ്ങുന്നത് വേനൽക്കാലത്താണ്. ഏത് നേരവും ഔട്ടിങ്, ഔട്ടിങ്, ഔട്ടിങ്. പുറത്തുനിന്നുള്ള ഭക്ഷണമില്ലാതെ എന്തു ഔട്ടിങ് അല്ലേ...പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവുമൊക്കെ കാരണം വയറിളക്കവും ഛർദ്ദിയും വരാനുള്ള സാദ്ധ്യതയും ഏറെയാണ്.

Top Stories
Share it
Top