കുട്ടികളുടെ അഭിവൃദ്ധി പട്ടിക: 180 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം

റാങ്ക് പട്ടികയിൽ ഏറ്റവും അവസാനം വരുന്ന 50 രാജ്യങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയുമുള്ളത്

കുട്ടികളുടെ അഭിവൃദ്ധി പട്ടിക: 180 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 131-ാം സ്ഥാനം

ന്യൂയോർക്ക്: കുട്ടികളുടെ അതിജീവനം അടിസ്ഥാനമാക്കിയുള്ള അഭിവൃദ്ധി സൂചികയിൽ ഇന്ത്യ 131-ാം സ്ഥാനത്ത്.ലാൻസന്റ് കമ്മിഷൻ പുറത്തുവിട്ട 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 131-ാം സ്ഥാനത്ത് എത്തിയത്. പാകിസ്താൻ 140-ാം സ്ഥാനത്തെത്തിയപ്പോൾ 143-ാം റാങ്കാണ് ബംഗ്ലാദേശിന്. അതേസമയം, പ്രതിശീർഷ കാർബൺ ബഹിർഗമനം, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഒരു രാജ്യത്തെ കുട്ടികളുടെ കഴിവ് എന്നിവ ആധാരമാക്കി ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ സുസ്ഥിരസൂചികയിൽ ഇന്ത്യക്ക് 71-ാം സ്ഥാനമാണുള്ളത്.

ലോകാരോഗ്യസംഘടനയും യുണിസെഫും നിയോഗിച്ച 40 പേരുടെ സംഘമാണ് 180 രാജ്യങ്ങളിലെ കുട്ടികളുടെയും കൗമാരക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് സൂചിക തയ്യാറാക്കിയത്. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യകാര്യങ്ങളിൽ വിദഗ്ധരായ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.

പാരിസ്ഥിതിക തകർച്ച, കാലാവസ്ഥാ വ്യതിയാനം, ചൂഷണാത്മക വിപണന രീതികൾ എന്നിവ കുട്ടിയുടെയും കൗമാരക്കാരുടേയും ആരോഗ്യത്തിനും ഭാവിക്കും ഭീഷണിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു രാജ്യം പോലും കുട്ടികളും ആരോഗ്യമോ പരിസ്ഥിതയോ ഭാവിയോ സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണ് ലാകത്തിന്റെ വിവിധ ഭാഗത്തുള്ള 40ഓളം ശിശു-കൗമാര ആരോഗ്യ വിദഗ്ദ്ധർ ഒരേ സ്വരത്തിൽ പറയുന്നതെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ ലണ്ടനിലെ ഗ്ലോബൽ ഹെൽത്ത് ആൻഡ് സസ്റ്റെയ്‌നബിലിറ്റി സർവകലാശാലയിലെ പ്രൊഫസറായ ആൻറണി കോസ്റ്റെല്ലോ പറഞ്ഞു.

റാങ്ക് പട്ടികയിൽ ഏറ്റവും അവസാനം വരുന്ന 50 രാജ്യങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയുമുള്ളത്. ഇന്ത്യയിലെ വാർഷിക ജനന നിരക്ക് 2.6 കോടിയാണ്. രാജ്യത്തെ ശിശുമരണ നിരക്ക് ആയിരത്തിൽ 33 ശതമാനമാണ്. ഇതിനർത്ഥം ഇന്ത്യയിൽ പ്രതിവർഷം 8,00,000-8,50,000 ശിശുക്കൾ മരിക്കുന്നുവെന്നാണ്. അതായത് പ്രതിദിനം ശരാശരി 2,350 ശിശുക്കൾ മരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമെടുത്താൽ ഇന്ത്യയിൽ അഞ്ചിൽ ഒന്നു കുടുംബങ്ങളും ദരിദ്രരാണ്. പകുതിയോളം പേർക്കും ശുചിത്വപൂർണ്ണമായ ചുറ്റുപാടുകളില്ല, കാൽ ഭാഗം പേർക്കും പ്രസവസമയത്ത് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഇന്ത്യ ഇൻഡെക്‌സ് ഡവലപ്പർ ലു ഗ്രാം പറഞ്ഞു.

അതിജീവനം, ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നീ കാര്യങ്ങളിൽ നോർവെയാണ് മുന്നിൽ. ദക്ഷിണകൊറിയയും നെതർലാൻഡും തുടർസ്ഥാനങ്ങളിലുണ്ട്. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഛാഡ്, സൊമാലിയ എന്നിവയാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. എന്നാൽ, പ്രതിശീർഷ കാർബൺ ബഹിർഗമനത്തിൽ നോർവെ (156), ദക്ഷിണകൊറിയ (166), നെതർലാൻഡ് (160) എന്നിവ ഏറെ പിറകിലാണ്.

പ്രസവത്തോടെയുണ്ടാവുന്ന മരണം കുറയ്ക്കൽ, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ അതിജീവനം, ആത്മഹത്യ, മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ലഭ്യത, അടിസ്ഥാന ശുചിത്വം, കടുത്ത ദാരിദ്ര്യമില്ലാത്ത അവസ്ഥ, വിദ്യാഭ്യാസ നേട്ടങ്ങൾ, വളർച്ച, പോഷകഹാരലഭ്യത, പ്രത്യുത്പാദന സ്വാതന്ത്ര്യം, അക്രമത്തിൽനിന്നുള്ള സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് അഭിവൃദ്ധി സൂചിക തയ്യാറാക്കിയിരിക്കുന്നത്.

Next Story
Read More >>