ഇന്ത്യയിലെ ഏറ്റവും ചെറിയ ശിശു ജീവിതത്തിലേക്ക്

ദൈവത്തിന്റെ അനുുഗ്രഹമുള്ള ജീവിതം എന്ന അർത്ഥമാണ് ജിയാന എന്ന പേരിന്.

ഇന്ത്യയിലെ ഏറ്റവും ചെറിയ ശിശു ജീവിതത്തിലേക്ക്

അഹമ്മദാബാദ്: ഗർഭത്തിന്റെ 22-ാം ആഴ്ച്ചയിലായിരുന്നു ജിയാന ജനിച്ചത്. ഭാരം വെറും 492 ഗ്രാം. ഇരട്ട സഹോദരന് 530 ഗ്രാമും. കുട്ടികളെ രക്ഷിക്കാൻ സാധിക്കില്ല. പറ്റുമെങ്കിൽ അബോർഷൻ ചെയ്‌തോളൂ. ജീവിക്കുമെന്ന കാര്യത്തിൽ ഞങ്ങൾ ഉറപ്പുതരുന്നില്ല എന്നാണ് അപ്പോൾ ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ അത്ഭുതമെന്നു പറയട്ടെ ആ കുട്ടി ജീവിച്ചു തുടങ്ങുകയാണ്. ഇരട്ടസഹോദരനെ ദൈവം തിരികെ വിളിച്ചുവെങ്കിലും ജിയാന സുരക്ഷിതയാണ്.

കഴിഞ്ഞ ഒക്ടോബർ 18ന് ആരംഭിച്ച ഒരു സാഹസികമായ ജീവൻ രക്ഷാപ്രവർത്തനം ഇപ്പോൾ ഫലവത്തായിരിക്കുകയാണ്. ജനിച്ച് നാല് ആഴ്ച്ചക്കുള്ളിൽ ശ്വാസകോശം തകരാറിലായി ആൺകുഞ്ഞ് മരിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും ശ്രദ്ധ ജിയാന എന്ന പെൺകുഞ്ഞിലായിരുന്നു.

ഐസിയുവിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ 102 ദിവസം പൊരുതി ഒടുവിൽ ആ പെൺകുഞ്ഞ് ജീവന്റെ വെള്ളിവെളിച്ചത്തിലേക്ക് കാൽ വയ്ക്കുകയാണ്.

ജനുവരി 27ന് 1.8 കിലോഗ്രാം തൂക്കമുള്ളപ്പോഴാണ് ജിയാന ആശുപത്രി വിട്ടത്. മാർച്ച് മാസം ഒരിക്കൽക്കൂടി ഡോക്ടർമാർ പരിശോധിച്ചപ്പോൾ 2.6 കിലോഗ്രാം ആണ് കുഞ്ഞിന്റെ ഭാരം. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നു. ഇന്ത്യയിലെ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും നേരത്തെ ജനിക്കുകയും ജീവിതത്തിലേക്ക് തിരികെ വരുകയും ചെയ്ത ഏറ്റവും ഭാരംകുറഞ്ഞ കുഞ്ഞാണ് ജിയാന. 22 ആഴ്ച്ചയും 492 ഗ്രാം ഭാരവും ആണ് അവൾക്കുണ്ടായിരുന്നത്.

അഹമ്മദാബാദിലെ അർപൺ ന്യൂബോൺ കെയർ സെന്റർ ഡയറക്ടർ ഡോ. ആശിഷ് മെഹ്ത പറയുന്നു. ശ്വാസകോശത്തെ ശ്വസിക്കാൻ പഠിപ്പിച്ചും മരുന്നുകളും പോഷകവും നേർത്ത കുഴലിലൂടെ നൽകിയും ജിയാനയെ ജീവിപ്പിക്കുകയാണ് ഡോക്ടർമാർ ചെയ്തത്. കുട്ടിയ്ക്ക പ്രതിരോധശേഷി തീരെയില്ലായിരുന്നു. അത്രയ്ക്കും ശ്രദ്ധയോടെയാണ് കുഞ്ഞിനെ പരിപാലിച്ചത്.

രണ്ട് തവണ ഗർഭം അലസിപ്പോയതിന് ശേഷം ദിനലിന് ജനിച്ച പൊന്നോമനകളായിരുന്നു ഇവർ. അവരെ നഷ്ടപ്പെടുത്താൻ ദിനലും രാഹുലും തയ്യാറായിരുന്നില്ല.

ദൈവത്തോട് നന്ദി, ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ആശ്വാസത്തിന്റെ കണ്ണീർ തിളക്കത്തോടെ ആ മാതാപിതാക്കൾ പറയുന്നു. ദൈവത്തിന്റെ അനുുഗ്രഹമുള്ള ജീവിതം എന്ന അർത്ഥമാണ് ജിയാന എന്ന പേരിന്.

Read More >>