ലോക്‌സഭ: കോട്ടയത്ത് ആരായിരിക്കും ?

എൽ.ഡി.എഫിലും യു.ഡി.എഫിലും ബി.ജെ.പിയിലും പഴയ കേരള കോൺഗ്രസുകാർ ഏറ്റുമുട്ടുമോ എന്നും രാഷ്ട്രീയ വിദഗ്ദ്ധർ ഉറ്റു നോക്കുന്നു.

ലോക്‌സഭ: കോട്ടയത്ത് ആരായിരിക്കും ?

ജി.കെ വിവേക്

സ്വന്തം ലേഖകൻ: കോൺഗ്രസുമായി വച്ചുമാറാൻ പദ്ധതിയില്ലെന്ന് ഏകദേശം ധാരണയായതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തേടുന്നു. കാലാവധി അവസാനിക്കാൻ ഒരു വർഷം മുമ്പ് രാജ്യസഭയിലേക്ക് ചേക്കേറിയ ജോസ് കെ. മാണിക്ക് പകരക്കാരനായി ആര് എന്നതാണ് പാർട്ടി നേതൃത്വത്തെ കുഴക്കുന്നത്. മുതിർന്ന നേതാവും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫിനാണ് ലോക്‌സഭയിലേക്ക് കൂടുതതൽ സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ മത്സരിക്കാനില്ലെന്ന് മോൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ മുൻ എം.എൽ.എ തോമസ് ചാഴിക്കാടന്റെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. മുൻ പാർലമെന്റ് അംഗം സിറിയക് തോമസ്, മഹാത്മാഗാന്ധി മുൻ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, യൂത്ത് ഫ്രണ്ട് നേതാക്കളായ പ്രിൻസ് ലൂക്കോസ്, സജി മണ്ണക്കടമ്പൻ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നു. സുപ്രിംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്, ജോസ് കെ മാണിയുടെ ഭാര്യ നിഷ എന്നിവർ പട്ടികയിയില്ല. മത്സരിക്കാനില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ അഡ്വ. മാത്യു ടി തോമസിനെ 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് കെ. മാണി തോൽപ്പിച്ചത്. 2009ൽ സി.പി.എമ്മിലെ അഡ്വ. കെ സുരേഷ് കുറുപ്പിനെ 71,570 വോട്ടിനും. ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെ ആണ് കേരള കോൺഗ്രസ് തേടുന്നത്. ജോസ് കെ.മാണി എംപി തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച തേടിയാണ് കേരള കോൺഗ്രസ് ഇക്കുറി വോട്ട് തേടുന്നത്.

എൽ.ഡി.എഫിലും യു.ഡി.എഫിലും ബി.ജെ.പിയിലും പഴയ കേരള കോൺഗ്രസുകാർ ഏറ്റുമുട്ടുമോ എന്നും രാഷ്ട്രീയ വിദഗ്ദ്ധർ ഉറ്റു നോക്കുന്നു. സഖ്യകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകണമെന്ന് ഇടതിൽ ആവശ്യമുയർന്നിട്ടുണ്ട്. അങ്ങനെയാണ് എങ്കിൽ ഫ്രാൻസിസ് ജോർജ് ആയിരിക്കും സ്ഥാനാർത്ഥിയായി വരിക. എന്നാൽ ജനതാദൾ എസ് സീറ്റു വിട്ടുകൊടുക്കാനുള്ള സാദ്ധ്യത കുറവാണ്. എൻ.ഡി.എയ്ക്ക് വേണ്ടി പി.സി തോമസ് വരാനുള്ള സാദ്ധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന സുഭാഷ് വാസുവിനു വേണ്ടി ബി.ഡി.ജെ.എസ് കോട്ടയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ദേശീയ തലത്തിൽ കരുക്കൾ നീക്കി പി.സി തോമസ് മണ്ഡലം കൈയടക്കിയേക്കും എന്നാണ് സൂചനകൾ.

Read More >>