മസൂദ് അസര്‍ ആഗോളഭീകര 'പദവി'ക്ക് അര്‍ഹനെന്ന് അമേരിക്ക

Published On: 13 March 2019 3:11 AM GMT
മസൂദ് അസര്‍ ആഗോളഭീകര പദവിക്ക് അര്‍ഹനെന്ന് അമേരിക്ക

മസൂദ് അസര്‍ ആഗോളഭീകരനായി നിര്‍വചിക്കാവുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് അമേരിക്ക. ജെയ്ഷ് ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോളഭീകരനായി കണക്കാക്കാമോ എന്നതിനെ കുറിച്ച് യുഎന്‍ സുരക്ഷാസമിതി നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഈ യുഎസ്സിന്റെ പ്രതികരണം. മസൂദ് അസറിനെതരേ ആവശ്യത്തിന് തെളിവുകളുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ആഗോളസുരക്ഷയ്ക്കും സമാധാനത്തിനും ജെയ്ഷ് ഇ മുഹമ്മദ് ഭീഷണിയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് റോബര്‍ട്ട് പല്ലാടിനൊ പറഞ്ഞു.

ഇന്ത്യയിലെ പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലും ജമ്മുവിലെയും ഉറിയിലെയും വിവിധ ഇടങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഇതിലൊക്കെ മസൂദ് അസറിനെതിരേ ഇന്ത്യയില്‍ കേസ് നിലവിലുണ്ട്. പുല്‍വാമയിലെ സിആര്‍പിഎഫ് സേനാവ്യൂഹം ആക്രമിച്ച് 40 പേരെ കൊന്നതിന്റെ ഉത്തരവാദിത്തം മസൂദ് അസറിന്റെ ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും മസൂദ് അസറിനെ ആഗോളഭീകരനെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റൊരു സ്ഥിരാംഗമായ ചൈന ഈ നീക്കത്തെ പലപ്പോഴായി എതിര്‍ത്തിരുന്നു. വീറ്റോ അധികാരമുള്ള ചൈനയുടെ എതിര്‍പ്പാണ് മസൂദ് അസറിനെതിരേ നടപടിയെടുക്കുന്നതില്‍ നിന്ന് യുഎന്‍ സുരക്ഷാസേനയെ തടഞ്ഞിരുന്നത്.

മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെ ദീര്‍ഘകാലമായ ആവശ്യമാണ്.

Top Stories
Share it
Top