വടക്കൻ 'പോയ' വഴി അഥവാ വടക്കൻ 'വന്ന' വഴി!

ബുധനാഴ്ച പാതി രാത്രിക്ക് ഡൽഹി അശോക റോഡിലെ 11 ആം നമ്പർ വസതിയിൽ നടന്ന ചർച്ചയാണ് വടക്കന്റെ പാർട്ടി മാറ്റത്തിൽ വഴിത്തിരിവ് ആയത്

വടക്കൻ പോയ വഴി അഥവാ വടക്കൻ വന്ന വഴി!

മാദ്ധ്യമപ്രവര്‍ത്തകന്‍ എം ഉണ്ണികൃഷ്ണന്റെ എഫ്ബി പോസ്റ്റ്‌

വന്ന വഴി..

ടോം വടക്കൻ ബിജെപിയിൽ ചേർന്നു! ആദ്യം കേൾക്കുമ്പോൾ വാർത്തയിൽ ചെറുതല്ലാത്ത അമ്പരപ്പ്. കാരണം കോണ്ഗ്രസ് കവർ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ഐഐസിസി ആസ്ഥാനത്തിന്റെ ഭാഗമാണ് ടോം വടക്കൻ. രണ്ടു പതിറ്റാണ്ടായി വടക്കൻ എഐസിസി ആസ്ഥാനത്തെ സജീവ സാനിധ്യമായിട്ട്. മാധ്യമ വിഭാഗം സെക്രട്ടറിയും വക്താവും ആയിരുന്നപ്പോൾ വടക്കൻ എല്ലാ ദിവസവും പാർട്ടി ആസ്ഥാനത്ത് ഉണ്ടാകും. ഒന്നാം യുപിഎ, രണ്ടാം യുപിഎ കാലത്ത് നല്ല സ്വാധീനം. പതിവ് വാർത്താ സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളുടെ ഇടത്തോ വലത്തോ ആയി വടക്കൻ ജി ഉണ്ടാകും.

മലയാളം ടിവി ചർച്ചകളിൽ മലയാളവും ഇംഗ്ലീഷും ചേർന്ന ഭാഷാ ശൈലിയുമായി വടക്കനെ കാണാം. നികേഷ് എന്ന വടക്കന്റെ നീളൻ വിളി തന്നെ ടിവി ചർച്ചകളെപ്പറ്റിയുള്ള ചർച്ചകളിൽ ഇടം നേടി. ദേശീയ തലത്തിലും കോണ്ഗ്രസിന്റെ ടെലിവിഷൻ മുഖമായിരുന്നു വടക്കൻ. കോണ്ഗ്രസ് വിടുന്നതിന് ദിവസങ്ങൾ മുൻപ് വരെ ടിവി ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും മോഡിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചു വടക്കൻ ഉണ്ടായിരുന്നു!

സോണിയ യുഗത്തിൽ ഉന്നത നേതാക്കളുമായി അടുപ്പം ഉണ്ടായിരുന്ന ടോം വടക്കന് രാഹുൽ യുഗത്തിൽ കാര്യങ്ങൾ അത്ര എളുപ്പം ആയിരുന്നില്ല. പാർട്ടിയിലും ഐഐസിസി ആസ്ഥാനത്തും സമവാക്യങ്ങൾ മാറി. ടോം വടക്കൻ മീഡിയ വിഭാഗത്തിലെ ഒരു താൽക്കാലിക കസേരയിൽ ഒതുങ്ങി. ചർച്ചകളിൽ മാത്രമായി മുഖം. കെസി വേണുഗോപാൽ എന്ന മലയാളിയിലേക്ക് ഐഐസിസി ആസ്ഥാനത്തെ അധികാര കേന്ദ്രം മാറി. ടോം വടക്കന് വലിയ റോൾ ഇല്ലാതായി. സ്ഥാനർത്ഥിത്വമോ മറ്റു പദവികളോ ഒന്നും ലഭിക്കാൻ ഇടയില്ല, അവഗണനയും അതൃപ്തിയും ബാക്കി. പണ്ട് തൃശൂർ സീറ്റിൽ മത്സരിക്കാൻ ശ്രമിച്ചപ്പോൾ നേരിട്ട എതിർപ്പിന്റെ കയ്പ്പേറിയ അനുഭവം കാരണം മറ്റൊരു സാധ്യതയും മുന്നിൽ ഇല്ല. വീണ്ടും തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോൾ മുന്നിൽ എന്തെന്ന ചോദ്യം പാർട്ടിയെപ്പോലെ വടക്കനു മുന്നിലും ഉയർന്നു കാണും.

■ പോയ വഴി

വടക്കന്റെ വരവ് സർജിക്കൽ സ്‌ട്രൈക്കെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. ഒരു ഭാഗത്ത് കേരളത്തിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം. മറുഭാഗത്ത് വടക്കന്റെ കൂടു മാറ്റം. രാഹുലിന്റെ സന്ദർശന വാർത്തകളെ വടക്കന്റെ ചുവടു മാറ്റത്തിലൂടെ ഹൈജാക്ക് ചെയ്യുകയായിരുന്നു പാർട്ടിയുടെ ലക്ഷ്യം. കുറച്ചു ദിവസമായുള്ള പദ്ധതി കൃത്യം അതേ ദിവസം തന്നെ നടപ്പായി. അതും സസ്പെൻസ് ഒട്ടും ചോരാതെ.

ബുധനാഴ്ച പാതി രാത്രിക്ക് ഡൽഹി അശോക റോഡിലെ 11 ആം നമ്പർ വസതിയിൽ നടന്ന ചർച്ചയാണ് വടക്കന്റെ പാർട്ടി മാറ്റത്തിൽ വഴിത്തിരിവ് ആയത്. വടക്കനും ബിജെപിക്കും ഇടയിൽ ഉള്ള മധ്യസ്ഥൻ ബിജെപിയുടെ രാജ്യസഭാ എംപി രാകേഷ് സിൻഹ. ആർഎസ്എസ് സൈദ്ധാന്തികനാണ് സിൻഹ. ടിവി ചർച്ചകളിലെ ബിജെപി മുഖം. ടിവി സ്റ്റുഡിയോകളിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. സിൻഹയും വടക്കനും തമ്മിൽ ചർച്ച തുടങ്ങയിട്ട് ആഴ്ചകൾ ആയി. തിരഞ്ഞെടുപ്പിന് മുൻപ് എതിരാളികളുടെ പാളയത്തിൽ നിന്ന് ആൾക്കാരെ വലിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ നൽകിയ നിർദ്ദേശം തന്നെ കാരണം. ബംഗാളിലെ സിപിഎം എംഎൽഎ അടക്കം പലരും മറുകണ്ടം ചാടുന്ന കാലം. രാഹുലിന്റെ കേരള സന്ദർശനം നടക്കുന്നതിനാൽ ഇന്ന് തന്നെ വടക്കനെ പാർട്ടിയിൽ എത്തിക്കുകയായിരുന്നു രാകേഷ് സിൻഹയുടെ ലക്ഷ്യം.

ഇന്നലെ വൈകിട്ട് 6 മണിക്ക് ടോം വടക്കൻ രാകേഷ് സിൻഹയുടെ വീട്ടിൽ എത്തി ചർച്ച നടത്തി. ചർച്ച കഴിഞ്ഞു മടങ്ങി. അപ്പോഴും അന്തിമ തീരുമാനം ആയില്ല. രാത്രി പത്തു മണിക്ക് ശേഷം വടക്കൻ വീണ്ടും വിളിച്ചുവെന്ന് രാകേഷ് സിൻഹ. പാർട്ടി ഉന്നത നേതാക്കളെ ഇക്കാര്യം അറിയിച്ചു. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാം ലാലിന്റെ വസതിയിൽ കൂടിക്കാഴ്ച നിശ്ചയിച്ചു. ടോം വടക്കൻ, രാകേഷ് സിൻഹ, രാം ലാൽ. മൂന്ന് പേരും തമ്മിൽ നടന്ന കൂടിയാലോചന ഒരു മണിക്കൂർ നീണ്ടു. അതിന് ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് പാർട്ടിയിൽ ചേരാനുള്ള തീരുമാനം.

വിവരം രഹസ്യമാക്കി വച്ചു. തൃണമൂൽ എംഎൽഎ ബിജെപിയിൽ ചേരുന്ന വാർത്താ സമ്മേളനത്തിലും വടക്കൻ വരാൻ പോകുന്ന കാര്യം പ്രഖ്യാപിച്ചില്ല. ഇത് ട്രയിലർ ആണ് സിനിമ വരും എന്ന് മാത്രമായിരുന്നു നേതാക്കൾ നൽകിയ സൂചന. പിന്നാലെ രാകേഷ് സിൻഹയോടൊപ്പം വടക്കൻ ബിജെപി ആസ്ഥാനത്ത് എത്തി. അപ്പോഴാണ് വടക്കൻ ബിജെപിയിൽ ചേരുന്നുവെന്ന കാര്യം മാധ്യമ പ്രവർത്തകർ അറിയുന്നത്. വാർത്താ സമ്മേളന വേദിയിൽ രവിശങ്കർ പ്രസാദിൽ നിന്ന് അംഗത്വമെടുത്തു. അമിത് ഷായെ കണ്ടു.

ഇന്നലെ വരെ ബിജെപിയെ വിമർശിച്ച ടോം വടക്കൻ പാർട്ടിയിൽ ചേരുമ്പോൾ എന്തു കാരണം പറയും. അതും ഈ ചർച്ചയിലാണ് രൂപപ്പെടുന്നതെന്നുവേണം മനസിലാക്കാൻ. ഭീകരർക്ക് എതിരായ മിന്നലാക്രമണത്തോടുള്ള കോണ്ഗ്രസ് സമീപനമാണ് കാരണം എന്ന് വടക്കൻ പറയുന്നു. കോണ്ഗ്രസിനെ അടിക്കാൻ ബിജെപിക്ക് ആയുധം നൽകുക എന്നതായിരുന്നു വടക്കന്റെ ലക്ഷ്യം. വടക്കന്റെ വരവിനെക്കാൾ ദേശീയ തലത്തിൽ വടക്കൻ പറഞ്ഞ കാരണം തന്നെയാണ് ചർച്ചയാവുന്നത്. അതുപയോഗിച്ചു കോണ്ഗ്രസിനെ പ്രതിരോധത്തിൽ ആക്കാൻ ആകും ബിജെപിയുടെ ശ്രമം.

വടക്കന്റെ വരവിലൂടെ ന്യൂനപക്ഷ മുഖം ലഭിച്ചുവെന്നതാണ് ബിജെപി കാണുന്ന നേട്ടം. തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസിനെ ഞെട്ടിച്ചുവെന്നും കരുതുന്നവരുണ്ട്. കേരളത്തിൽ വടക്കനെ ഉപയോഗിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ കേരളത്തിലെ ബിജെപി നേതാക്കൾ വടക്കനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം..


Read More >>