കണക്കു പരീക്ഷയില്‍ സ്ത്രീതൊഴിലാളിയുടെ കൂലി കുറവിനെ കുറിച്ച് ആശങ്കപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി!

Published On: 15 March 2019 4:35 AM GMT
കണക്കു പരീക്ഷയില്‍ സ്ത്രീതൊഴിലാളിയുടെ കൂലി കുറവിനെ കുറിച്ച് ആശങ്കപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി!

വിദ്യഭ്യാസത്തിന്റെ ഉദ്ദേശ്യമെന്താണ്? കണക്കുകൂട്ടാന്‍ പഠിക്കലോ അതോ വായിക്കാന്‍ പഠിക്കലോ? അതുമല്ലെങ്കില്‍ നല്ല ഒരു ജോലി സമ്പാദിക്കലോ? വിദ്യാഭ്യാസം മൂല്യാധിഷ്ടിതമായിരിക്കണമെന്ന് എല്ലാവരും കരുതുന്നു. അങ്ങനെ സംഭവിക്കാറില്ലെന്നത് വേറെ കാര്യം. വിദ്യാഭ്യാസം വെറും മത്സരപ്പരീക്ഷയാകുന്ന കാലത്ത് ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അത്ഭുതകരമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഉത്തരക്കടലാസ് ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാജഗോപാല്‍ സി വി ആ ചോദ്യമുയര്‍ത്തിയിരിക്കുന്നത്. അതദ്ദേഹത്തിനു നല്‍കിയതാകട്ടെ ആ വിദ്യാര്‍ത്ഥിയുടെ അധ്യാപികയും. മറ്റു വിശദാംശങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഏഴാം ക്ലാസ് പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു: ഒരു സ്ത്രീ തൊഴിലാളിയ്ക്ക് 30000 രൂപ ആവശ്യമുണ്ട്. അവര്‍ക്ക് ഒരു മാസം 1200 രൂപയാണ് വരുമാനം. എങ്കില്‍ അവര്‍ക്ക് അത്രയും തുക കൈയില്‍ വരാന്‍ എത്ര നാള്‍ ജോലി ചെയ്യണം? ഇതാണ് ചോദ്യം. അതിന്റെ ഉത്തരം വിദ്യാര്‍ത്ഥി എഴുതി. 25 മാസം അഥവാ 2 വര്‍ഷവും ഒരു മാസവും.

തുടര്‍ന്ന് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി നടത്തിയ അഭിപ്രായമാണ് അത്ഭുതമുണ്ടാക്കിയത്. ഉത്തരത്തിനു ശേഷം വിദ്യാര്‍ത്ഥി റിമാര്‍ക്ക് എഴുതി 'സ്ത്രീതൊഴിലാളിയുടെ കൂലി വളരെ തുച്ഛമാണ്.'

കണക്കു പരീക്ഷയിലെ ചോദ്യത്തെ ഉള്‍ക്കാഴ്ചയോടെ സമീപിച്ച വിദ്യാര്‍ത്ഥിയെയും അതുണ്ടാക്കുന്നതില്‍ കുട്ടിയെ സഹായിച്ച അദ്ധ്യാപകരെയും മാതാപിതാക്കളെയും നിരവധി പേരാണ് പ്രശംസിച്ചത്.


Baburaj Bhagavathy

Baburaj Bhagavathy

മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top