രാഹുല്‍ ഗാന്ധിയുടെ 'വനിതാസംവരണം' ജാതിസംവരണത്തെ അട്ടിമറിക്കുമോ?

വനിതാസംവരണമാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തുരുപ്പുചീട്ട്. കേരളത്തിലടക്കം വിവിധ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 33...

രാഹുല്‍ ഗാന്ധിയുടെ വനിതാസംവരണം ജാതിസംവരണത്തെ അട്ടിമറിക്കുമോ?

വനിതാസംവരണമാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തുരുപ്പുചീട്ട്. കേരളത്തിലടക്കം വിവിധ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കവേ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 33 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. വിദ്യഭ്യാസത്തിന് ബജറ്റിന്റെ 6 ശതമാനം നീക്കി വെയ്ക്കുമെന്നും സൂചിപ്പിച്ചിരുന്നു. രാഹുലിന്റെ പ്രസ്താവനയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. രാഹുലിന്റെ നീക്കം നമ്മുടെ പൊതുരംഗത്തെ കൂടുതല്‍ ജനാധിപത്യപരവും വിവേചനരഹിതവുമാക്കുമോ?

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടെ വീണ്ടും വനിതാബില്ല് ചര്‍ച്ചയായിരിക്കയാണ്. പൊതുവെ സംവരണത്തോട് ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടികള്‍ വനിതാബില്ലിനോട് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ആരും പ്രതികരിച്ചിട്ടില്ലെങ്കിലും സംവരണീയര്‍ക്ക് സ്വാധീനമുള്ള പാര്‍ട്ടികള്‍ ഇതിനോട് കടുത്ത എതിര്‍പ്പുള്ളവരാണ്. വനിതാപ്രാതിനിധ്യം ആത്യന്തികമായി സവര്‍ണവിഭാഗങ്ങളെ കൂടുതലായി അധികാര കേന്ദ്രത്തിലെത്തിക്കാനുള്ള നീക്കമാണെന്നാണ് അവരുടെ ഭയം. ഏതു സംവരണവും സുപ്രിം കോടതിയുടെ ഉയര്‍ന്ന പരിധിയുടെ ഉള്ളിലായിരിക്കണമെന്ന നിബന്ധനയുള്ള സാഹചര്യത്തില്‍ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സംവരണത്തിന്റെ തോതില്‍ നിന്ന് അടര്‍ത്തിയെടുത്തായിരിക്കും വനിതാസംവരണം ഏര്‍പ്പെടുത്തുക. ആ സാഹചര്യത്തില്‍ സംവരണസമുദായക്കാരുടെ ആശങ്ക തള്ളിക്കളയാനാവില്ലെന്ന് ചിലരെങ്കിലും കരുതുന്നു.

വനിതാസംവരണം മുന്നോട്ടുവയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ സ്ത്രീകള്‍ ഒരൊറ്റ വിഭാഗമാണ്. അവര്‍ക്കിയടിലുള്ള തരംതിരിവുകള്‍ അപ്രധാനമാണെന്ന് അവര്‍ കരുതുന്നു. ഒരു വിഭാഗമെന്ന നിലിയില്‍ സ്ത്രീകള്‍ക്കിടയില്‍ ദലിത്, ആദിവാസി, പിന്നാക്ക, മതന്യൂനപക്ഷ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചിലര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ആ ഉള്‍ക്കാഴ്ച നിയമത്തിന്റെ ഭാഗമാക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ല. അതേസമയം സംവരണത്തിനുള്ളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രശ്‌നം പരിഹരിക്കുന്നതില്‍ പല നിയമ പ്രശ്‌നങ്ങളുമുണ്ട്. ചുരുക്കത്തില്‍ വനിതാസംവരണം ഏര്‍പ്പെടുത്തുന്നതോടെ നിലവില്‍ സംവരണം അനുഭവിക്കുന്ന വിഭാഗങ്ങളുടെ സാധ്യത കുറയുകയും അതു വഴി ഇത്തരം ഇടങ്ങളില്‍ സവര്‍ണ സ്ത്രീകള്‍ കയറിപ്പറ്റുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സവര്‍ണര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനു പുറമേയാണ് ഇത്.

വനിതാ ബില്ലിന്റെ ലഘു ചരിത്രം

1974ല്‍ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സീറ്റ് വനിതകള്‍ക്കു സംവരണം ചെയ്യണമെന്നു സമിതി ശുപാര്‍ശ ചെയ്തു. 1993-ല്‍ ഭരണഘടനയുടെ 73,74 വകുപ്പുകള്‍ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തു. ഇതിനു മുന്‍പു തന്നെ കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 25 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയിരുന്നു. 1987 നുശേഷം മഹാരാഷ്ട്രയിലും 30 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

1996 സെപ്റ്റംബര്‍ 12ന് എച്ച്.ഡി. ദേവഗൗഡ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഈ ബില്‍ ഗീത മുഖര്‍ജി അദ്ധ്യക്ഷയായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബര്‍ 9-ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോകസഭയില്‍ അവതരിപ്പിച്ചു. 1998 ജൂണ്‍ 4ന് എന്‍.ഡി.എ. യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പിന്നീടും പല തവണ ഈ ബില്‍ അവതരിപ്പിച്ചെങ്കിലും ഓരോ തവണയും പരാജയപ്പെടുകയായിരുന്നു.

2004 മേയില്‍ യുപിഎയുടെ പൊതു മിനിമം പരിപാടിയില്‍ വനിതാസംവരണ ബില്‍ ഉള്‍പ്പെടുത്തി. 2008 മേയ് 6ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നിയമ-നീതികാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബര്‍ 17ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ്വാദി പാര്‍ട്ടി, ജെ.ഡി. (യു), ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. 2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി. 2010 മാര്‍ച്ച് 8-ന് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. എസ്.പി., ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ എതിര്‍ത്തെങ്കിലും ഒന്നിനെതിരെ 186- വോട്ടുകള്‍ക്ക് ബില്‍ രാജ്യസഭ പാസാക്കി. 2014 ല്‍ ലോക്‌സഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ബില്ല് ലാപ്‌സായി.

Read More >>