ഇഷ്ടികക്കളത്തില്‍ ദലിത് തൊഴിലാളിയെ മലം തീറ്റിച്ചു

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ ഇഷ്ടികക്കളത്തിലെ ദലിത് തൊഴിലാളിയെക്കൊണ്ട് മലം തീറ്റിച്ചു. സുനില്‍ അനില്‍ പാവല്‍നെയാണ്...

ഇഷ്ടികക്കളത്തില്‍ ദലിത് തൊഴിലാളിയെ മലം തീറ്റിച്ചു

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ ഇഷ്ടികക്കളത്തിലെ ദലിത് തൊഴിലാളിയെക്കൊണ്ട് മലം തീറ്റിച്ചു. സുനില്‍ അനില്‍ പാവല്‍നെയാണ് കുടുംബാംഗങ്ങളുടെയും സഹതൊഴിലാളികളുടെയും സാന്നിധ്യത്തില്‍ ഇഷ്ടികക്കളം ഉടമ സന്ദീപ് പവാര്‍ മലം തീറ്റിച്ചത്. ഇഷ്ടികക്കളം ഉടമ സന്ദീപ്, മറാത്ത സമുദായാംഗമാണ്. സുനില്‍ പവാല്‍ മതാംഗ് സമുദായത്തില്‍ ഉള്‍പ്പെടുന്നു. മതാംഗ് മഹാരാഷ്ട്രയിലെ ദലിത് സമുദായമാണ്. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് സന്ദീപ് പവാറിനെതിരേ പിംപ്രി ചിഞ്ച്‌വാട് പോലിസ്, എസ് സി, എസ് ടി പിഡനനിരോധന നിയമമനുസരിച്ച് കേസെടുത്തു.

പ്രശ്‌നത്തില്‍ ഇടപെട്ട ഹെല്‍പ്പ് ഓഫ് പീപ്പില്‍ എന്ന സാമൂഹ്യസംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ: സുനില്‍ പവാലും കുടുംബവും ഒസ്മാനബാദ് ജില്ലയില്‍ നിന്ന് പൂനെയിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുടിയേറിയവരാണ്. രണ്ടു വര്‍ഷമായി കുടുംബാഗങ്ങള്‍ മുഴുവന്‍ സന്ദീപ് പവാറിന്റെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നു. സന്ദീപിന്റെ കൈയില്‍ നിന്ന് 55000 രൂപ സുനില്‍ പാവല്‍ കടമായി വാങ്ങിയിരുന്നു. അതില്‍ കുറച്ച് ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രണ്ടു മണിക്ക് സുനില്‍, അച്ഛന്‍ അനില്‍, അമ്മ സവിത, അനിലിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ ഇഷ്ടികക്കളത്തില്‍ ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുകയായിരുന്നു. ഇത് കണ്ടു കൊണ്ടുവന്ന സന്ദീപ് പവാര്‍ സുനിലിനെയും കുടുംബത്തെയും മോശം വാക്കുകളുപയോഗിച്ച് തെറിപറഞ്ഞു. ഉടന്‍ പണിക്കിറങ്ങണമെന്ന് ആവശ്യപ്പെട്ടു. തങ്ങള്‍ ഭക്ഷണം കഴിച്ചതേയുള്ളൂവെന്നും അല്‍പ്പ സമയത്തിനുള്ളില്‍ ജോലിക്കിറങ്ങുമെന്നും സുനില്‍ പറഞ്ഞത് ഉടമയ്ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ വീണ്ടും തെറിവിളിച്ചു. അതിരു കടന്നപ്പോള്‍ സുനില്‍ പ്രതികരിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന സന്ദീപ് തന്റെ ഭാര്യയോട് ഒരു പാത്രത്തില്‍ മലം കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. അവര്‍ മടിച്ചുനിന്നെങ്കിലും സന്ദീപിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങി. തുടര്‍ന്ന് സന്ദീപ്, സുനിലിനെ ഭീഷണിപ്പെടുത്തി മലം തീറ്റിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ടു നിന്ന ആരും ഭയം മൂലം സന്ദീപിനെ തടയാന്‍ ശ്രമിച്ചില്ല.

സംഭവം ഉണ്ടായതിനു ശേഷം സനിലും കുടുംബവും ഇഷ്ടികക്കളം വിടുകയും ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തുടര്‍ന്നാണ് സാമൂഹ്യപ്രവര്‍ത്തകരുമായി കുടുംബം ബന്ധപ്പെടുന്നതും പരാതി നല്‍കുന്നതും.

എന്നാല്‍ സന്ദീപും കുടുംബവും എല്ലാ ആരോപണവും നിഷേധിച്ചു.

Read More >>