തകർത്തത് സഹിഷ്ണുതയും സഹാനുഭൂതിയും

Published On: 16 March 2019 6:35 AM GMT
തകർത്തത് സഹിഷ്ണുതയും സഹാനുഭൂതിയും

പി.സജീവ്കുമാർ

വംശീയവെറി മൂത്ത ഒരു ഭീകരന്റെ തോക്കിനു മുന്നില്‍ പിടഞ്ഞുവീണത് 49 മുസ്ലിം മതവിശ്വാസികളുടെ ജീവിതം മാത്രമല്ല, ന്യുസീലന്‍ഡ് എന്ന രാജ്യം ഒന്നാകെയാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യവും ജനങ്ങളും എന്ന കീര്‍ത്തിയാണ് കുഴിച്ചു മൂടപ്പെട്ടത്. ക്രിക്കറ്റ് മുതല്‍ അത്‌ലറ്റിക്സ് വരെ, രാഷ്ട്രീയം മുതല്‍ ടൂറിസം വരെ ചിരിച്ചുകൊണ്ടേ കിവികളെ നാം കണ്ടിട്ടുള്ളു. വീണുപോകുന്ന എതിരാളിയെ താങ്ങിയെഴുന്നേല്‍പ്പിക്കുന്ന ന്യൂസീലൻഡുകാരുടെ നന്മ പലതവണ കണ്ടറിഞ്ഞതാണ് ലോകം. യു.എസ്സിന്റെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങള്‍ ഒന്നാകെ അധിനിവേശ സഖ്യമായപ്പോഴും വിമതശബ്ദമുയര്‍ത്തി മാറിനിന്ന കുഞ്ഞന്‍രാജ്യം. ലോകമെങ്ങും നിന്നുള്ള അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് അന്നമൂട്ടിയ നാട്. ആനാടിന്റെ നെഞ്ചിലേക്കാണ് വംശവെറിയാൽ അന്ധനാക്കപ്പെട്ട ഓസ്‌ട്രേലിയൻ ഭീകരന്‍ വെടിയുതിര്‍ത്തത്. അപ്പോൾ ആര്‍ത്തുവിളിച്ചു കരഞ്ഞത് വെടിയേറ്റുവീണ മുസ്ലിംകളല്ല, ഈ നാടുതന്നെയാണ്.

ന്യുന്യൂസീലൻഡ് ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് മുസ്തഫഫാറൂഖ് പറഞ്ഞതു പോലെ "ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത്തരത്തിലൊരു കാര്യം നടക്കുമെന്ന് ഞങ്ങള്‍ കരുതിയതേയില്ല. ഇത് ന്യൂസീലൻഡ് രീതിയല്ല. ഒരു നൂറ്റാണ്ടിലേറെയായി ന്യുസീലന്‍ഡിന്റെ സംസ്ക്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ് മുസ്ലിംകള്‍. ഈ ആക്രമണംകൊണ്ട് അതൊന്നും മാറാനും പോകുന്നില്ല."

മുസ്ലിംകള്‍ അടക്കമുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും ലോകത്തിലെ മറ്റൊരു രാജ്യത്തും ലഭിക്കാത്ത സ്വീകാര്യതയാണ് ന്യൂസീലൻഡിൽ കിട്ടുന്നത്. ആ വ്യത്യാസമാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സൂചിപ്പിച്ചതുപോലെ, അക്രമിയെ ചൊടിപ്പിച്ചതും.

ലോകമെമ്പാടു നിന്നുമായി ഇരുനൂറിലധികം വംശീയവിഭാഗങ്ങള്‍, അവര്‍ സംസാരിക്കുന്ന 160-ൽ ഏറെ ഭാഷകള്‍, ഇതൊക്കെ ചേർന്നതാണ് പുതിയകാലത്തെ ന്യുസീലന്‍ഡ്. ഇതിനെയൊക്കെ കോര്‍ത്തുനിര്‍ത്തുന്ന ഒറ്റച്ചരടായി കിവികളുടെ മഹത്തായ ജീവിതവീക്ഷണങ്ങളും. അക്രമിക്ക് തകര്‍ക്കേണ്ടിയിരുന്നത് ഈ വൈവിദ്ധ്യവും അതിലെ ഏകത്വവും ആണ്. ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന മുസ്ലിംകള്‍ മാത്രമായിരുന്നില്ല ലക്ഷ്യം. വികസിത പാശ്ചാത്യരാജ്യങ്ങളില്‍ പലതിലും വളര്‍ന്നുവരുന്ന കുടിയേറ്റവിരുദ്ധ നിയോനാസി ആശയങ്ങളുടെ സ്വാധീനമാണ്‌ ന്യുസിലാന്റിലെ ആക്രമണത്തിനു പിന്നില്‍ എന്നത്‌ നിസ്സംശയം.

അപ്രതീക്ഷിത ആക്രമണത്തില്‍ നടുങ്ങിപ്പോയ ന്യുസീലന്‍ഡ് ജനത ഒറ്റക്കെട്ടായി മുന്നോട്ടുവരുന്നതിന്റെയും മുസ്‌ലിം സമുദായത്തെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രത്യേകിച്ചും ചേര്‍ത്തുപ്പിടിക്കാന്‍ കാണിക്കുന്ന ജാഗ്രതയും കരുതലും ആവേശകരമാണ്. ഭീകരനു പിന്തുണയുമായി ഓസ്‌ട്രേലിയയില്‍ നിന്ന് വാദങ്ങൾ ഉയരുമ്പോഴും ആക്രമണത്തെ നാടിനേറ്റ മുറിവായിക്കണ്ട് ഒന്നിച്ചു നില്‍ക്കുകയാണ് ന്യൂസീലന്‍ഡ്, വിദ്വേഷപ്രചാരണങ്ങള്‍ക്കു നടുവിലും തലകുനിക്കാത്ത മാനവികതയുടെ മഹാമേരുവായി.

ന്യുസീലൻഡുമായുള്ള മുസ്‌ലിം ആത്മബന്ധത്തിനു ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് ന്യൂസീലൻഡിലെ ആദ്യ മുസ്‌ലിം കുടുംബം ഇന്ത്യയിൽ നിന്നു കുടിയേറിപ്പാർത്തവരായിരുന്നു. ക്രൈസ്റ്റ് ചർച്ചിലെ കാശ്മീരിൽ ആയിരുന്നു ഇവരുടെ വീട്. 60 കളോടെ ഫിജിയിൽ നിന്നും പിന്നെ യുദ്ധക്കെടുതിയിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുമെല്ലാം മുസ്ലിംകൾ ന്യുസീലൻഡിലേക്ക് എത്തി. മുഖ്യധാരാസമൂഹവുമായി ഉൾച്ചേർന്നും ഇടപെടലുകൾ നടത്തിയുമാണ് മുസ്‌ലിം സമുദായം വികസിച്ചത്.

ന്യുസീലൻഡിലെ തദ്ദേശീയ ജനവിഭാഗമായ മാവോറികൾക്കിടയിൽ അതിശയകരമായ വരവേൽപ്പാണ് ഇസ്‌ലാമിനു ലഭിച്ചത്. 1991ൽ നൂറിൽ താഴെ മാത്രമായിരുന്നു മാവോറികൾക്കിടയിലെ ഇസ്‌ലാം മതവിശ്വാസികൾ. എന്നാൽ ഏറ്റവും ഒടുവിലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് രണ്ടായിരത്തോളം ഇസ്‌ലാം മതവിശ്വാസികൾ ഉണ്ട് ഇവർക്കിടയിൽ. ശാന്തസമുദ്രത്തിലെ ചെറുദ്വീപുകളിൽ നിന്ന് കുടിയേറിയെത്തി ഇസ്‌ലാംമതം സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വൻവർദ്ധനയാണ് ഉണ്ടായത്. ഇസ്ലാമിക തീവ്രവാദം ഏറ്റവും അധികം ചർച്ചയായ ഇക്കഴിഞ്ഞ വർഷങ്ങളിൽ പോലും വിവാദങ്ങളിൽ പെടാതെ മുഖ്യധാരാ സമൂഹത്തിനൊപ്പം നിൽക്കുകയായിരുന്നു ന്യുസീലാൻഡിലെ ഇസ്‌ലാം വിശ്വസികൾ. ലോകമാകെ ഇസ്ലാമോഫോബിയ ചർച്ച ചെയ്യുമ്പോഴും ന്യുസീലൻഡിൽ അതിന് വലിയ പ്രസക്തി ഉണ്ടാകാതിരുന്നതും അതുകൊണ്ടായിരുന്നു.

Top Stories
Share it
Top