വിവാദമൊഴിയാതെ ജോൺസൺ ആന്റ് ജോണ്‍സൺ; കുട്ടികളുടെ ഷാംപുവില്‍ മാരക രാസവസ്തു കണ്ടെത്തി

ഷാംപുവില്‍ അർബുദത്തിനു കാരണമാവുന്ന ഫോർമാൾഡിഹൈഡ് എന്ന രാസവസ്തു അടങ്ങിയതായി രാജസ്ഥാൻ ഡ്രഗ് കൺട്രോളർ. അംഗീകരിക്കാനാവില്ലെന്ന് ജോൺസൺ ആന്റ് ജോൺസൺ വക്താവ്

വിവാദമൊഴിയാതെ ജോൺസൺ ആന്റ് ജോണ്‍സൺ; കുട്ടികളുടെ ഷാംപുവില്‍ മാരക രാസവസ്തു കണ്ടെത്തി

ന്യൂഡൽഹി: ലോകോത്തര ഉപഭോക്തൃ ഉല്പന്ന നിർമ്മാതാക്കളായ ജോൺസൺ ആന്റ് ജോൺസൺ പുറത്തിറക്കിയ കുട്ടികളുടെ ഷാംപുവിൽ അർബുദത്തിന് കാരണമാവുന്ന രാസവസ്തു കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 'നോ മോർ ടിയേർസ് ' എന്ന വിഭാഗത്തിൽ ജോൺസൺ ആന്റ് ജോൺസൺ പുറത്തിറക്കിയ ഷാംപുവിലാണ് രാജസ്ഥാൻ ഡ്രഗ് കൺട്രോളർ അർബുദത്തിനു കാരണമാവുന്ന ഫോർമാൾഡിഹൈഡ് എന്ന രാസവസ്തു അടങ്ങിയതായി കണ്ടെത്തിയത്.

ഹിമാചൽപ്രദേശിലെ ബാദ്ദിയിലെ പ്ലാന്റിൽ നിർമ്മിച്ച ഷാംപുവിലാണ് അമിത അളവിൽ രാസവസ്തു കണ്ടെത്തിയത്. ഇതിലെ അസ്വാഭാവികത മുൻനിർത്തി ഉല്പന്നം വിപണിയിൽ നിന്നും പിൻവലിക്കണമെന്ന് ഡ്രഗ് കൺട്രോൾ അധികൃതർ അറിയിച്ചു.

ചർമ്മാർബുദത്തിന് വഴിവെക്കുന്ന രാസവസ്തുവാണ് ഫോർമോൾഡിഹൈഡ്. വിവരം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും ഷാംപുവിന്റെ സ്റ്റോക്ക് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും രാജസ്ഥാൻ ഡ്രഗ് കൻട്രോളർ രാജാറാം ശർമ്മ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ടു ചെയ്തു. എന്നാൽ, ഡ്രഗ് കൺട്രോളർ വിഭാഗത്തിന്റെ കണ്ടെത്തലിനെ അംഗീകരിക്കാനാവില്ലെന്ന് ജോൺസൺ ആന്റ് ജോൺസൺ വക്താവ് പ്രതികരിച്ചു. ഈ വർഷം ആദ്യം രാജസ്ഥാനിലെ ജയ്പൂരില്‍ ഡ്രഗ് കൺട്രോളർ പ്രതിനിധികൾ ഷാംപുവിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. പരിശോധനയുടെ മാനദണ്ഡങ്ങൾ, അളവ്, രീതി എന്നിവ സംബന്ധിച്ച യാതൊരു കാര്യങ്ങളും സർക്കാർ പുറത്തുവിട്ടിട്ടില്ല. അതിനാൽ ഇപ്പോൾ ഞങ്ങൾക്കു ലഭിച്ച പരിശോധനാ ഫലം അംഗീകരിക്കാനാവില്ലെന്നും ഷാംപുവിൽ ഫോർമാൾഡിഹൈഡ് ചേർക്കാറില്ലെന്നും വക്താവ് പ്രതികരിച്ചു. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കു വിധേയനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ആശങ്ക ഉപഭോക്താക്കളിൽ നിന്നും ഉയർന്നതിനെ തുടർന്ന് 2014ൽ ഷാംപുവടക്കം വിവിധ ഉല്പന്നങ്ങളുടെ ഉല്പാദന ഘടനയിൽ കമ്പനി മാറ്റം വരുത്തിയിരുന്നു.

പിടിവിടാതെ പ്രശ്നങ്ങൾ

ഇതിനു മുമ്പും രാസവസ്തുക്കളുടെ സാന്നിദ്ധ്യത്തിന്റെ പേരിൽ ജോൺസൺ ആന്റ് ജോൺസൺ ആരോപണം നേരിട്ടിട്ടുണ്ട്. കുട്ടികൾക്കുള്ള പൗഡറിൽ അർബുദത്തിനു കാരണമാവുന്ന ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടോയെന്നു കണ്ടെത്തുന്നതിനായി ഡിസംബറിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ, ഇതിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ഷാംപുവിൽ രാസവസ്തു കണ്ടെത്തിയതോടെ കൂടുതൽ ഉല്പന്നങ്ങളും പരിശോധനയ്ക്കു വിധേയമാക്കിയേക്കും.


Next Story
Read More >>