പൊള്ളാര്‍ഡ് പൊളിച്ചു: മുംബൈ ഇന്ത്യൻസിന്റെ ജയം മൂന്ന് വിക്കറ്റിന്

കീറോൺ പൊള്ളാർഡിന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. അവസാന മത്സരത്തിൽ പന്ത് കൊണ്ട് മുംബൈയുടെ വിജയശിൽപ്പിയായ അൽസാരി ജോസഫ് മുംബൈയുടെ വിജയ റൺനേടി ബാറ്റുകൊണ്ടും ഹീറോ ആയി.

പൊള്ളാര്‍ഡ് പൊളിച്ചു: മുംബൈ ഇന്ത്യൻസിന്റെ ജയം മൂന്ന് വിക്കറ്റിന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മുംബൈ വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റു ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 197 റൺസടിച്ചപ്പോൾ മറുപടിക്കിറങ്ങിയ മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. കീറോൺ പൊള്ളാർഡിന്റെ (83) വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. അവസാന മത്സരത്തിൽ പന്ത് കൊണ്ട് മുംബൈയുടെ വിജയശിൽപ്പിയായ അൽസാരി ജോസഫ് മുംബൈയുടെ വിജയ റൺനേടി ബാറ്റുകൊണ്ടും ഹീറോ ആയി.

പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ പൊള്ളാർഡാണ് മുംബൈയെ നയിച്ചത്. സ്വന്തം തട്ടകത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. എന്നാൽ ഈ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പഞ്ചാബിന്റെ ബാറ്റിങ്. കെ.എൽ രാഹുലും (100*) ക്രിസ് ഗെയ്‌ലും (63) നിലയുറപ്പിച്ചതോടെ പഞ്ചാബ് സ്‌കോർബോർഡ് അതിവേഗം ഉയർന്നു. എതിരാളികളയെല്ലാം തല്ലിപ്പറത്തി മുന്നേറിയ ഗെയ്‌ലിനെ ബെഹറൻഡോർഫ് മടക്കുമ്പോൾ പഞ്ചാബ് സ്‌കോർബോർഡ് 12.5 ഓവറിൽ 116 എന്ന മികച്ച നിലയിലായിരുന്നു. 36 പന്തിൽ ഏഴ് സിക്‌സും മൂന്ന് ബൗണ്ടറിയുമാണ് ഗെയ്ൽ പായിച്ചത്. ഒരുഘട്ടത്തിൽ പഞ്ചാബ് സ്‌കോർബോർഡ് 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ കളിപിടിച്ച മുംബൈ ബൗളർമാർ പഞ്ചാബിനെ 197ൽ ഒതുക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയതാണ് മുംബൈക്ക് കരുത്തായത്. ഡേവിഡ് മില്ലർ (8പന്തിൽ 7),കരുൺ നായർ (6 പന്തിൽ 5)എന്നിവർ റൺനിരക്കുയർത്തുന്നതിൽ പരാജയപ്പെട്ടു. ഒരുവശത്ത് നിലയുറിപ്പിച്ച രാഹുൽ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു. 64 പന്തിൽ ആറ് വീതം സിക്‌സും ഫോറും ഉൾപ്പെടെയാണ് രാഹുലിന്റെ വെടിക്കെട്ട്് പ്രകടനം. സാം കറാൻ മൂന്ന് പന്തിൽ എട്ട് റൺസും മന്ദീപ് സിങ് മൂന്ന് പന്തിൽ ഏഴ് റൺസും നേടി. മുംബൈയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ബെഹറൻഡോർഫ്,ജസ്പ്രീത് ബൂംറ എന്നിവര്ഡ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രോഹിതിന് പകരം ഓപ്പണിങ്ങിലെത്തിയ സിദ്ധേഷ് ലാദ് (15) നിരാശപ്പെടുത്തി. ക്വിന്റൻ ഡീകോക്കും (24), സൂര്യകുമാർ യാദവും പെട്ടെന്ന് മടങ്ങിയതോടെ മുംബൈ തോൽവി മുന്നിൽക്കണ്ടു. അവസാന 10 ഓവറിൽ 133 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പിന്നീടങ്ങോട്ട് പൊള്ളാർഡിന്റെ ഒറ്റയാൾ വെടിക്കെട്ടിനാണ് വാങ്കഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരുവശത്ത് പൊള്ളാർഡ് തല്ലിത്തകർത്തപ്പോൾ മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞു.ഹർദിക് പാണ്ഡ്യ (19), ക്രുണാൽ പാണ്ഡ്യ (1) എന്നിവരെ മടക്കി മുഹമ്മദ് ഷമി മുംബൈയെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിലെ രണ്ടാം പന്തിൽ പൊള്ളാർഡ് മടങ്ങുമ്പോൾ മുംബൈ സ്‌കോർബോർഡിൽ 194 റൺസ്. 31 പന്തിൽ 10 സിക്‌സും മൂന്ന് ബൗണ്ടറിയും നേടിയ ശേഷമാണ് പൊള്ളാർഡ് പുറത്തായത്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ അൽസാരി ജോസഫ് സ്‌ട്രൈറ്റിലേക്ക് ഷോട്ട് പായിച്ച് വിജയ റൺസ് സ്വന്തമാക്കി. ജയത്തോടെ മുംബൈ മൂന്നാം സ്ഥാനത്തേക്കുയർന്നപ്പോൾ പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്.

Read More >>