മായാവതി തെറ്റ് ചെയ്തിട്ടില്ല: അഖിലേഷ് യാദവ്

വിലക്കിന് ശേഷമുള്ള ആദ്യ പ്രചാരണ പരിപാടിയിലാണ് സഖ്യ കക്ഷിയായ എസ്.പി നേതാവിന്റെ പിന്തുണ മായാവതിയ്ക്ക് ലഭിച്ചത്.

മായാവതി തെറ്റ് ചെയ്തിട്ടില്ല: അഖിലേഷ് യാദവ്

ലഖ്‌നൗ: രാജ്യത്തെ ഭിന്നിപ്പിക്കുകയും വെറുപ്പ് പരത്തുകയും ചെയ്യുന്ന ബി.ജെ.പിയെ തടുക്കാൻ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി സഖ്യത്തിന് കഴിയുമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സമത്വത്തിനായി നിലകൊള്ളുന്ന സഖ്യമാണിത്, മായാവതിയ്ക്ക് 48 മണിക്കൂർ ഉപരോധം തീർത്ത് കമ്മിഷൻ നടപടി സഖ്യത്തിന് ദോഷമാവില്ല, ജയം തങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മായാവതി യാതൊരു തെറ്റും ചെയ്തിട്ടില്ല, പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ശ്രദ്ധിക്കുന്നുള്ളൂ, എന്നാൽ ഇതിനെല്ലാം വോട്ടിങ് യന്ത്രം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

മായാവതിയുടെ പ്രചാരണ റാലിയിലിലെ പ്രസംഗം പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മായാവതിയ്ക്ക് 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിന് ശേഷമുള്ള ആദ്യ പ്രചാരണ പരിപാടിയിലാണ് സഖ്യ കക്ഷിയായ എസ്.പി നേതാവിന്റെ പിന്തുണ മായാവതിയ്ക്ക് ലഭിച്ചത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്.പി സ്ഥാനാർത്ഥി അസം ഖാൻ, ബി.ജെ.പി മന്ത്രി മനേകാ ഗാന്ധി എന്നിവർക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ മായാവതിയ്ക്ക് കഴിയില്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ അവരുണ്ടെന്ന് ആർ.എൽ.ഡി നേതാവ് അജിത് സിങ് പറഞ്ഞു.