സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങളുടെ പരസ്യം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറച്ചുതന്നെ; അത് സ്ഥാനാര്‍ത്ഥിയുടെ ചെലവ്

തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് മുമ്പ് കമ്മിഷനുമായി നടന്ന രാഷ്ട്രീയ പാർട്ടികളുടെ ചർച്ചയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങളുടെ പരസ്യം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറച്ചുതന്നെ; അത് സ്ഥാനാര്‍ത്ഥിയുടെ ചെലവ്

ന്യൂഡൽഹി: സ്ഥാനാർത്ഥികളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യം ചെയ്യാൻ ചെലവായ പണം മൊത്തം തെരഞ്ഞെടുപ്പ് ചെലവിൽ നിന്നും ഒഴിവാക്കിത്തരാനുള്ള രാഷ്ട്രീയ പാർട്ടികളുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് മുമ്പ് കമ്മിഷനുമായി നടന്ന രാഷ്ട്രീയ പാർട്ടികളുടെ ചർച്ചയിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പരസ്യ ചെലവും സ്ഥാനാർത്ഥിയുടെ ആകെ ചെലവിൽ ഉൾപ്പെടുമെന്നാണ് കമ്മിഷൻ നിലപാട്. ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ കഴിയുന്ന തുക 70 ലക്ഷം രൂപയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിക്കുന്നവർ അവനവന്റെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രങ്ങളിലും ടി.വിയിലും പരസ്യം നൽകണമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതിന് ശേഷം നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഈ ഉത്തരവ് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന് ഉപയോഗിക്കുന്ന തുക സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിന്നാണോ അതോ പാർട്ടി ഫണ്ടിൽ നിന്നുമാണോ എന്നത് സംബന്ധിച്ച് കോടതി പരാമർശിച്ചിട്ടില്ല. കേസുവിവരങ്ങളുടെ പരസ്യത്തിന് ഉപയോഗിക്കുന്ന പണം സ്ഥാനാർത്ഥിയുടെ ചെലവായി കണക്കാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ ഇത് പാർട്ടി ചെലവായി പരിഗണിക്കണമെന്ന ആവശ്യവുമായി എല്ലാ രാഷ്ട്രീയപാർട്ടികളും രംഗത്തെത്തിയിരുന്നു. നിലവിൽ തെരഞ്ഞെടുപ്പ് ചെലവിനായി പാർട്ടികൾക്ക് ഉപയോഗിക്കാനാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ പാർട്ടികളുടെ ആവശ്യം കമ്മിഷൻ തള്ളിയതായാണ് വിവരം. സ്ഥാനാർത്ഥികളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ പരസ്യങ്ങൾക്കായി ചെലവായ തുക സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളാരംഭിക്കാനിരിക്കയാണ്.

നഗര പ്രദേശങ്ങളിൽ പത്രപ്പരസ്യം നൽകാനായി വൻ ചെലവ് ആവശ്യമായി വരുമെന്നും ഇത് സ്ഥാനാർത്ഥിയുടെ ആകെ ചെലവിനെ ബാധിക്കുമെന്നും കാണിച്ചായിരുന്നു പാർട്ടികൾ കമ്മിഷനെ ബന്ധപ്പെട്ടത്. നിലവിൽ നിയമസഭയിലേക്ക് മത്സരിക്കുന്നതിന് 28 ലക്ഷം രൂപയും പാർലമെന്റിലേക്ക് മത്സരിക്കുന്നതിന് 70 ലക്ഷവുമാണ് ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാനാവുന്ന തുകയായി നിശ്ചയിച്ചിരിക്കുന്നത്. മാദ്ധ്യമങ്ങളിലെ പരസ്യവും മറ്റു പ്രചാരണ മാർഗ്ഗങ്ങളും എല്ലാം ഉൾപ്പെടെയാണിത്.

Read More >>