പതിനാറാമത് ലോക്‌സഭയിലും വനിതാപ്രാതിനിധ്യത്തില്‍ ത്രിണമൂല്‍ മുന്നില്‍; 35 ശതമാനം വനിതാ എംപിമാര്‍

Published On: 16 March 2019 3:16 AM GMT
പതിനാറാമത് ലോക്‌സഭയിലും വനിതാപ്രാതിനിധ്യത്തില്‍ ത്രിണമൂല്‍ മുന്നില്‍; 35 ശതമാനം വനിതാ എംപിമാര്‍

41 ശതമാനം വനിതാസ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കി ത്രിണമൂല്‍ ഇത്തവണത്തെ ലോക്‌സഭാ മത്സരങ്ങളുടെ ആദ്യ ഘട്ടത്തില്‍ കൈയടി വാങ്ങുമ്പോള്‍ മറ്റൊന്നു കൂടി ചര്‍ച്ചയാവുന്നു. പതിനാറാമത് ലോക്‌സഭയില്‍ ത്രിണമൂലിന്റെ 35 ശതമാനം എംപിമാരും സ്ത്രീകളാണ്. 33 ശതമാനം വനിതാസംവരണ ചര്‍ച്ച നടക്കുന്ന സമയത്താണ് ഇതെന്നതാണ് ശ്രദ്ധേയം.

മാര്‍ച്ച് 8 വനിതാദിനത്തില്‍ ത്രിണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഇക്കാര്യം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. സര്‍ക്കാര്‍ വനിതാസംവരണത്തെ കുറിച്ച് ആലോചിക്കുന്ന ഈ സമയത്തും ഞങ്ങളുടെ 35 ശതമാനം എംപിമാരും സ്ത്രീകളാണെന്നായിരുന്നു അവരുടെ ട്വീറ്റ്.

ത്രിണമൂലിന്റെ 34 എംപിമാരില്‍ 12 പേരും സ്ത്രീകളാണ്. കൃത്യമായി കണക്കാക്കിയാല്‍ 35.2ശതമാനം. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വനിതാ എംപിമാരുള്ള പാര്‍ട്ടിയും ത്രിണമൂലാണ്. രേണുക സിന്‍ഹ, അര്‍പ്പിത ഘോഷ്, അപരീപ പോഡാര്‍, മുംതാസ് സംഘമിത്ര, സതബ്ദി റോയി, മൂണ്‍മൂണ്‍ സെന്‍, സന്ധ്യ റോയി, ഡോ. ഉമ സോറന്‍, ഡോ. കക്കോളി ഘോഷ് ഡസ്തിദാര്‍, പ്രതിമാ മണ്ഡല്‍, ഡോ. രത്‌ന ഡെ നാഗ്, മമതാബാല താക്കൂര്‍ തുടങ്ങിയവരാണ് ത്രിണമൂലിന്റെ 12 വനിതാ എംപിമാര്‍.

പതിനാറാമത് ലോക്‌സഭയില്‍ വിവിധ പാര്‍ട്ടികളിലായി 66 സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതായത് 11ശതമാനം.

ബിജെപി 31 വനിതകളെ പാര്‍ലമെന്റിലെത്തിച്ചു. കോണ്‍ഗ്രസ് 4 ഉം സിപിഎം ഒന്നും വനിതകളെയാണ് പാര്‍ലമെന്റിലെത്തിച്ചത്. സിപിഎം ജയിപ്പിച്ചവരില്‍ നാലില്‍ ഒരാള്‍ വനിതയായിരുന്നു.

Top Stories
Share it
Top