നോട്ട് നിരോധനത്തിന് ശേഷം നഷ്ടമായത് 50 ലക്ഷം തൊഴിലുകള്‍

അസിം പ്രേംജി സർവകലാശാലയുടെ സുസ്ഥിര തൊഴിൽ കേന്ദ്രം നടത്തിയ സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2019 എന്ന പഠനമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

നോട്ട് നിരോധനത്തിന് ശേഷം നഷ്ടമായത് 50 ലക്ഷം തൊഴിലുകള്‍

ന്യൂഡൽഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ ദോഷകരമായി ബാധിച്ചെന്ന ചർച്ചകൾക്ക് ചൂടേറുന്നു. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ടു വർഷത്തിനിടയിൽ രാജ്യത്തെ 50 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായാണ് പുതിയ പഠനം പറയുന്നത്. അസിം പ്രേംജി സർവകലാശാലയുടെ സുസ്ഥിര തൊഴിൽ കേന്ദ്രം നടത്തിയ സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2019 എന്ന പഠനമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

നോട്ട് നിരോധനവുമായി നേരിട്ട് ബന്ധമുള്ളവയും ഇല്ലാത്തതുമായ ലക്ഷക്കണക്കിന് തൊഴിൽ നഷ്ടങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നാണ് പഠനം പറയുന്നത്. 2011 ശേഷം മുതൽ ഉന്നതവിദ്യാഭ്യാസരുടെ ഇടയിലുള്ള തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്നുണ്ട്. അഭ്യസ്ഥവിദ്യരായ തൊഴിലാളികൾക്ക് ഇക്കാലയളവിൽ തൊഴിൽ നഷ്ടവും ഉണ്ടായിട്ടുണ്ട്. രാജ്യം മുഴുവൻ ഇത്തരത്തിൽ വൻ തോതിൽ തൊഴിലില്ലായ്മ രൂക്ഷമായതാണ് തെരഞ്ഞെടുപ്പിൽ ഇതൊരു ചർച്ചാ വിഷയമായത്. കഴിഞ്ഞ അമ്പതാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണ് രാജ്യത്തെ തൊഴിൽ നഷ്ടമെന്ന സർക്കാർ പഠന റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിരുന്നു. എന്നാൽ ഇത് പുറത്തായതോടെ ബി.ജെ.പി വെട്ടിലായി. ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്.

പുതിയ റിപ്പോർട്ട് പ്രകാരം അഭ്യസ്ത്യവിദ്യരായ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് രൂക്ഷമായ തൊഴിൽ നഷ്ടം സംഭവിച്ചിട്ടുള്ളത്. വിദ്യാഭ്യാസം കുറവുള്ള തൊഴിലാളികൾക്കാണ് ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം സംഭവിച്ചിട്ടുള്ളത്. നോട്ട് നിരോധനവും ജി.എസ്.ടിയും ഇതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

Read More >>