ബോയിങ് 737 മാക്സ് 8 വിമാനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലും വിലക്ക്

Published On: 13 March 2019 6:37 AM GMT
ബോയിങ് 737 മാക്സ് 8 വിമാനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലും വിലക്ക്

ദുബൈ: ഗൾഫ് രാജ്യങ്ങളിലും ബോയിങ് 737 മാക്സ് 8 വിമാനങ്ങൾക്ക് വിലക്ക്. യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ബോയിങ് കമ്പനിയുടെ 737 മാക്സ് 8 മോഡൽ യാത്രാവിമാനങ്ങൾ വിലക്കേര്‍പ്പെടുത്തിയത്. എത്യോപ്യൻ വിമാനദുരന്തത്തിനു പിന്നാലെയാണു നടപടി. ഇതു സംബന്ധിച്ച യു.എ.ഇ സിവിൽ ഏവിയേഷൻ ഉത്തരവ് പുറത്തിറങ്ങി.

അപകടത്തിനുശേഷമുള്ള സാഹചര്യം പരിശോധിച്ചു വരികയാണെന്ന് ജിസിഎഎ അറിയിച്ചു. ഇന്ത്യ, ചൈന, ബ്രിട്ടൻ, നോർവേ, ഓസ്ട്രേലിയ, സിംഗപ്പുർ, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്സ് എട്ടിന്റെ സർവീസ് താൽക്കാലികമായി നിർത്തുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

2017ൽ പുറത്തിറങ്ങിയ ഈ മോഡൽ വിമാനം ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങൾക്കാണ് ഇരയായത്. എത്യോപ്യൻ എയർലൈൻസിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകർന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുമ്പ് ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ വിമാനം തകർന്ന് 189 പേരും മരിച്ചു. ഫ്ളൈ ദുബൈ് ഈ മോഡൽ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ടാകാത്ത വിധം ഷെഡ്യൂൾ പുനക്രമീകരിക്കുമെന്ന് ഫ്ളൈ ദുബായ് അറിയിച്ചു.

ഒമാനിലെ എയർപോർട്ടുകളിൽ ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും വ്യോമയാന അതോറിറ്റി വിലക്കേർപ്പെടുത്തി. ഒമാൻ എയറാണ് രാജ്യത്ത് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത്. മാക്സ് ഇനത്തിൽപെട്ട അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന്റെ ഫ്ളീറ്റിൽ ഉള്ളത്. അതോറിറ്റിയുടെ ഉത്തരവനുസരിച്ച് ഈ വിമാനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉപയോഗിക്കില്ലെന്നും വിമാനങ്ങൾ റീ ഷെഡ്യൂൾ ചെയ്യുമെന്നും ഒമാൻ എയർ അറിയിച്ചു. കുവൈത്ത് വഴി പറക്കുന്ന വിമാനങ്ങൾ ഉൾപ്പെടെ എല്ലാ കമ്പനികൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്. മറിച്ചൊരു നിർദ്ദേശം വരെ നിയന്ത്രണം തുടരും.

Top Stories
Share it
Top