വിദ്യാർത്ഥിയെ കൈമുട്ടുകൊണ്ട് ഇടിച്ച ചിത്രം പ്രസിദ്ധീകരിച്ചു; ടെലഗ്രാഫ് എഡിറ്റർക്ക് കേന്ദ്ര മന്ത്രിയുടെ ഭീഷണിയും തെറിയും

താൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നുണ്ടെന്നും ഇത് പുറത്തുവിടുമെന്നും പറഞ്ഞ് എഡിറ്ററെ മന്ത്രി ഭീഷണിപ്പെടുത്തി

വിദ്യാർത്ഥിയെ കൈമുട്ടുകൊണ്ട് ഇടിച്ച ചിത്രം പ്രസിദ്ധീകരിച്ചു; ടെലഗ്രാഫ് എഡിറ്റർക്ക് കേന്ദ്ര മന്ത്രിയുടെ ഭീഷണിയും തെറിയും

കൊൽക്കത്ത: ജാദവ്പൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥിയെ കൈമുട്ട് കൊണ്ട് ഇടിച്ച ചിത്രം പ്രസിദ്ധീകരിച്ച ടെലഗ്രാഫിന്റെ മലയാളിയായ എഡിറ്റർ ആർ. രാജഗോപാലിന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോയുടെ ഭീഷണിയും തെറിയും. തന്നെ കുറിച്ച് തെറ്റായ വാർത്ത നൽകിയതിന് മാപ്പ് പറയണമെന്ന ബബുൽ സുപ്രിയോയുടെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് എഡിറ്ററെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തത്.

ജാദവ്പൂർ സർവകലാശാല സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയ മന്ത്രി ശനിയാഴ്ച വൈകുന്നേരം 6.30 ഓടെ രണ്ട് വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിരുന്നു: 'ഇതാണ് ആ വീഡിയോ, 1. ഞാൻ ആരെയും കൈമുട്ടുകൊണ്ട് ഇടിച്ചിട്ടില്ല. പകരം എന്നെ തള്ളിവിടുകയും കൈകാര്യം ചെയ്യുകയും ചെയ്യും എന്റെ കുപ്പായം കീറി. 2. ഇത് ഒരു പെൺകുട്ടിയായിരുന്നില്ല. വീഡിയോയിൽ വ്യക്തമായി കാണുന്നതുപോലെ ഇത് താടിയുള്ള ഒരു ആൺകുട്ടിയായിരുന്നു. തെറ്റായതും പക്ഷപാതപരമായതുമായ റിപ്പോർട്ട് നൽകിയതിന് നാളെ ടെലഗ്രാഫ് മാപ്പ് പറഞ്ഞില്ലെങ്കിൽ അവർക്കെതിരെ ഞാൻ കേസ് കൊടുക്കും.'-എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

ഏകദേശം 7.50ഓടെയാണ് മന്ത്രി എഡിറ്റർ രാജഗോപാലിനെ മൊബൈൽ ഫോണിൽ വിളിക്കുന്നത്. വൈകുന്നേരം മീറ്റിങ്ങിലിരിക്കുകയായിരുന്ന രാജഗോപാലിനെ വിളിച്ച മന്ത്രി അദ്ദേഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ സമയം എന്തിനാണ് തങ്ങൾ മാപ്പ് പറയുന്നതെന്ന് താൻ മന്ത്രിയോട് ചോദിച്ചതായി എഡിറ്റർ പറഞ്ഞു. കൈമുട്ടുകൊണ്ടിടിച്ചുവെന്ന വാർത്തയുടെ പേരിലാണെന്ന് മന്ത്രി വിശദീകരിച്ചപ്പോൾ തന്നെ അത്തരമൊരു വാർത്ത ടെലഗ്രാഫിൽ വന്നിട്ടില്ലെന്ന് താൻ അദ്ദേഹത്തിന് വ്യക്തമാക്കി കൊടുത്തുവെന്ന് എഡിറ്റർ പറഞ്ഞു. അതുകൊണ്ട് തന്നെ മാപ്പ് പറയാൻ സാധിക്കില്ലെന്നും താൻ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അപ്പോഴാണ് താൻ കേന്ദ്രമന്ത്രിയാണെന്ന് ഓർക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. എന്നാൽ, താൻ അതിൽ ഒരു വ്യത്യാസവും കാണുന്നില്ലെന്ന് എഡിറ്റർ തിരിച്ചു മറുപടി പറഞ്ഞു. അപ്പോൾ നിങ്ങൾ ഒരു ജന്റിൽമാനല്ലേയെന്ന് മന്ത്രി ചോദിച്ചുവെന്നും എഡിറ്റർ പറഞ്ഞു. 'ഞാൻ ഒരു ജെന്റിൽ മാൻ അല്ല, മാദ്ധ്യമപ്രവർത്തകനാണ്. നിങ്ങൾ കേന്ദ്രമന്ത്രിയായിരിക്കാം പക്ഷേ ഞാനും ഈ രാജ്യത്തെ ഒരു പൗരനാണ്.'- എന്നാണ് എഡിറ്റർ മന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. കേന്ദ്രമന്ത്രിയാണെന്നത് വിഷയമല്ലെന്നും ഈ രാജ്യത്തെ പൗരനാണ് താനുമെന്നും പറഞ്ഞേപ്പാൾ തെറി പറഞ്ഞുവെന്ന് എഡിറ്റർ പറയുന്നു.

തങ്ങൾ തെറ്റായ വാർത്ത നൽകിയിട്ടില്ലെന്നും അതിനാൽ ക്ഷമാപണം നടത്തില്ലെന്നും തീർത്തു പറഞ്ഞപ്പോൾ താൻ ഷർട്ടിന് പിടിച്ചുവെന്ന വാർത്ത നൽകിയെന്നായി കേന്ദ്ര മന്ത്രി. അങ്ങനെയും വാർത്ത നൽകിയിട്ടില്ലെന്നും ഷർട്ടിന് പിടിക്കുന്ന ചിത്രം നൽകുകയാണ് ചെയ്തതെന്നും തിരിച്ചുപറഞ്ഞു. ഒരു പത്രം മാപ്പ് പറയണമെങ്കിൽ അത് ചെയ്ത തെറ്റ് വ്യക്തമാക്കണമെന്നും എഡിറ്റർ മന്ത്രിയോട് പറഞ്ഞു.

ഈ സമയം താൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നുണ്ടെന്നും ഇത് പുറത്തുവിടുമെന്നും പറഞ്ഞ് എഡിറ്ററെ മന്ത്രി ഭീഷണിപ്പെടുത്തി. എന്നാൽ, അത് പുറത്തുവിടുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്നും പുറത്തുവന്നാൽ എല്ലാവർക്കും മനസ്സിലാകും ആര് എന്താണ് പറഞ്ഞതെന്നും എഡിറ്റർ തിരിച്ച് മറുപടി നൽകി.

Read More >>