പ്രശ്‌നമുള്ളവർക്ക് പാർട്ടി വിടാമെന്ന് ജെ.ഡി.യു നേതാവ്; പ്രശാന്ത് കിഷോർ പുറത്തേക്ക്?

പൗരത്വ ബില്ലിനെതിരെ തുടക്കം മുതൽ പാർട്ടി യോഗങ്ങളിൽ എതിർത്ത് സംസാരിച്ച നിതീഷ് കുമാർ, പിന്നീട് പെട്ടന്നാണ് നിലപാട് മാറ്റിയത്

പ്രശ്‌നമുള്ളവർക്ക് പാർട്ടി വിടാമെന്ന് ജെ.ഡി.യു നേതാവ്; പ്രശാന്ത് കിഷോർ പുറത്തേക്ക്?

പട്‌ന: പൗരത്വ ഭേദഗതി നിമയത്തിൽ സ്വന്തം പാർട്ടിയുടെ നിലപാടിനെതിരെ വിമർശനമുന്നയിച്ച ജെ.ഡി.യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെ തള്ളി പാർട്ടി നേതാക്കൾ. പാർട്ടിയുമായി ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് ജെ.ഡി.യു വിട്ടു പോകാമെന്ന് എം.പി രാം ചന്ദ്ര പ്രസാദ് സിങ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ജെ.ഡി.യുവിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനമാണ് പ്രശാന്ത് കിഷോർ ഉയർത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെയുള്ള രാം ചന്ദ്ര പ്രസാദിന്റെ വിമർശനം. ' ഞാൻ ആരുടേയും പേരുപറയുന്നില്ല, പക്ഷേ, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്കു പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ട്.'- രാം ചന്ദ്ര പ്രസാദ് പറഞ്ഞു. അതേസമയം, പാർട്ടി പ്രസിഡന്റിന്റെ തീരുമാനം അന്തിമമാണെന്ന് മറ്റൊരു ജെ.ഡി.യു എം.പി രാജീവ് രഞ്ജൻ പറഞ്ഞു. 'പാർട്ടി തലവൻ ഒരു തീരുമാനം എടുത്താൽ പിന്നെ അതിൽ നിന്ന് പിന്നോട്ടുപോകുന്നതിനെക്കുറിച്ച് ഒരു ചോദ്യമുദിക്കുന്നില്ല.'- രാജീവ് രഞ്ജൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിൽ കേന്ദ്രത്തെ അനുകൂലിച്ച് ലോക്‌സഭയിൽ വോട്ട് ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാറും പ്രശാന്ത് കിഷോറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയത്. ജെ.ഡി.യുവിന്റെ യോഗത്തിൽ പൗരത്വ ബില്ലിനെ എതിർത്ത് സംസാരിച്ച നിതീഷ് കുമാർ, പിന്നീട് പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യണമെന്ന് എം.പിമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

എന്നാൽ, പ്രശാന്ത് കിഷോർ, പവൻ വർമ, ഗുലാം റസൂൽ വലിയാവി എന്നിവർ നിതീഷിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇന്ത്യയെ രക്ഷിക്കേണ്ട ചുമതല രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ചുമതലയാണെന്ന് പ്രശാന്ത് കിഷോർ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

'ഭൂരിപക്ഷം ഉള്ളതുകൊണ്ട് പാർലമെന്റിൽ ഇത് പാസായി. ഇപ്പോൾ നിയമ വ്യവസ്ഥയ്ക്ക് പുറത്ത് ഇന്ത്യയെ രക്ഷിക്കുക എന്ന ചുമതല രാജ്യത്തെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ചുമതലയാണ്. കാരണം, ഈ നിയമം നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്.'-അദ്ദേഹം ട്വീറ്റ് ചെയ്തു.

'പഞ്ചാബ്, കേരളം, പശ്ചമി ബംഗാൾ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രമാർ പൗരത്വ ഭേദഗതി ബില്ലിനോടും എൻ.ആർ.സിയോടും എതിർപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളും ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.'-അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ബില്ലിനെതിരെ തുടക്കം മുതൽ പാർട്ടി യോഗങ്ങളിൽ എതിർത്ത് സംസാരിച്ച നിതീഷ് കുമാർ, പിന്നീട് പെട്ടന്നാണ് നിലപാട് മാറ്റിയത്. ബിഹാറിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തീരുമാനം മാറ്റിയത് എന്നാണ് സൂചന.

Read More >>