ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധര്‍; പ്രകീര്‍ത്തിക്കുന്നവരെ മാത്രമല്ല വിമര്‍ശിക്കുന്നവരേയും കേള്‍ക്കണം;രാഹുല്‍ ബജാജിനു പിന്നാലെ കേന്ദ്രത്തിനെതിരെ കിരൺ മസൂംദാർ ഷാ

ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ ശക്തമായ ശബ്ദമാണ് രാഹുൽ ബജാജിന്റേതെന്നും അദ്ദേഹത്തിന്റേത് അനുയോജ്യമായ പ്രതികരണമാണെന്നും മസൂംദാർ ഷാ വ്യക്തമാക്കി

ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധര്‍; പ്രകീര്‍ത്തിക്കുന്നവരെ മാത്രമല്ല വിമര്‍ശിക്കുന്നവരേയും കേള്‍ക്കണം;രാഹുല്‍ ബജാജിനു പിന്നാലെ കേന്ദ്രത്തിനെതിരെ കിരൺ മസൂംദാർ ഷാ

ന്യൂഡൽഹി: കേന്ദ്രസർക്കാർ രാജ്യത്ത് ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന വ്യവസായി രാഹുൽ ബജാജിന്റെ പ്രതികരണത്തിനു പിന്നാലെ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബയോകോൺ ചെയർമാൻ കിരൺ മസൂംദാർ ഷാ രംഗത്ത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച യാതൊരു വിമർശനവും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് അവർ ട്വീറ്റ് ചെയ്തു.

നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ അതിനെ ഉൾക്കൊള്ളാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി വിവിധ വശങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ കേൾക്കണം. പ്രകീർത്തിക്കുന്നവരുടേയും പിന്തുണക്കുന്നവരുടേയും വാക്കുകൾ മാത്രം കേൾക്കുകയും വിമർശിക്കുന്നവരുടേത് ദേശവിരുദ്ധ പരാമർശങ്ങളുമാണെന്നു കരുതുന്നതിലൂടെ ഞങ്ങൾക്ക് ശരിയായ നിർദ്ദേശങ്ങൾ ലഭിക്കുകയില്ലെന്നും 66 കാരിയായ മസൂംദാർ ഷാ പറഞ്ഞു. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരും രാജ്യദ്രോഹികളുമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു.

രാജ്യത്തെ ഉപഭോഗവും സാമ്പത്തികവളർച്ചയും വീണ്ടെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ ഇന്ത്യയിലെ കമ്പനികളോടുചേർന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും മസൂംദാർ ഷാ എന്‍ഡിടിവിക്കു നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ ശക്തമായ ശബ്ദമാണ് രാഹുൽ ബജാജിന്റേതെന്നും അദ്ദേഹത്തിന്റേത് അനുയോജ്യമായ പ്രതികരണമാണെന്നും മസൂംദാർ ഷാ വ്യക്തമാക്കി. പ്രതികരിക്കുന്നതിനും വിമർശനം ഉന്നയിക്കുന്നതിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല. സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജിവനമാണ് ലക്ഷ്യം അതിനായാണ് ശബ്ദമുയർത്തുന്നതെന്നും മസൂംദാർ ഷാ പറഞ്ഞു.

അതേസമയം, രാഹുൽ ബജാജിന്റെ മകനും ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജ് അച്ഛന്റെ നിലപാടിനോട്് വിയോജിച്ചു. രാഹുൽ ബജാജ് അസാമാന്യ ധൈര്യശാലിയാണ്. അതിനെ ബഹുമാനിക്കുന്നു. ആളുകൾ അദ്ദേഹത്തിന്റെ ആരാധകരാകുന്നത് ഈ സ്വഭാവംകൊണ്ടാണ്. എന്നാൽ, കോർപ്പറേറ്റ് മികവ് ആഘോഷിക്കുന്ന ഒരുവേദിയിൽ ഇത്തരമൊരു വിഷയം ഉന്നയിച്ചതിൽ വ്യക്തിപരമായി സംശയമുണ്ടെന്ന് രാജീവ് ബജാജ് പറഞ്ഞു.

വ്യവസായലോകത്തുനിന്ന് ആരും രാഹുൽ ബജാജിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും അകന്നുനിന്ന് ആസ്വദിക്കുകയാണെന്നും രാജീവ് പറഞ്ഞു.

Read More >>