പൗരത്വബില്ലിനെതിരേ പ്രതിഷേധം: സ്വതന്ത്ര മിസോറാം വാദവുമായി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും

ഐസ്‌വാളില്‍ എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ലാല്‍ തന്‍ഹാവ്‌ല പങ്കെടുത്തത്.

പൗരത്വബില്ലിനെതിരേ പ്രതിഷേധം: സ്വതന്ത്ര മിസോറാം വാദവുമായി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും

പൗരത്വ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കേ അതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ കനക്കുന്നു. പൗരത്വബില്ലിനെതിരേയുള്ള ബഹുജനമാര്‍ച്ചില്‍ 'സ്വതന്ത്ര മിസോ' ബാനറുമായി മിസോറാം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍ഹാവ്‌ലയും പങ്കെടുത്തു.

ഐസ്‌വാളില്‍ എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ലാല്‍ തന്‍ഹാവ്‌ല പങ്കെടുത്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംഘടനകളുടെ സംയുക്ത മുന്നണിയാണ് എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മറ്റി. തന്‍ഹാവ്‌ല തന്റെ ഭാര്യയോടൊപ്പമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 'ബില്ല് രാജ്യസഭ പാസാക്കുകയാണെങ്കില്‍ മിസോറാമില്‍ എന്തും സംഭവിക്കാം. വിപ്ലവം പോലും. കാരണം, അടിസ്ഥാനപരമായി രക്തം കൊണ്ട് ഞങ്ങള്‍ മിസോ ആണ്, ഇന്ത്യക്കാരായിരിക്കുന്നത് നിയമം കൊണ്ടു മാത്രവും'- സംയുക്തമുന്നണിയുടെ ജനറല്‍ സെക്രട്ടറി ലാല്‍മച്ചുവാന പറഞ്ഞു.

ബില്ല് അപകടകരമാണെന്നാണ് മിസോറാമിലെ കോണ്‍ഗ്രസ് നിലപാട്. മിസോറാമിലെ കോണ്‍ഗ്രസ് ഭവന്‍ അടക്കം അടച്ചിട്ടുകൊണ്ട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മിസോറാം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു. ബില്ലിനെതിരേ ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതുമെന്നും അത് മിസോറാം ജനതയുടെ ജീവന്‍മരണ പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് നേതാവ് ലല്ലിയന്‍ചുങ്ക മാധ്യമങ്ങളോട് പറഞ്ഞു.

ബില്‍ നിയമമാവുന്നതോടെ 2014 ഡിസംബര്‍ 31 നുള്ളില്‍ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ ഹിന്ദു, സിക്ക്, ബുദ്ധ, പാര്‍സി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ ലളിതമാവും. 1971 മാര്‍ച്ച് 24 ന് ശേഷം രാജ്യത്തേക്ക് കുടിയേറിയ എല്ലാ വിഭാഗക്കാരെയും വിദേശീയരായി കണക്കാക്കുന്ന 1985ലെ അസം ധാരണയുടെ ലംഘനമാണ് ഇതെന്നും തദ്ദേശിയര്‍ക്ക് ഭീഷണിയാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ബില്ലിന് ലോക്‌സഭ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ പാസാക്കന്‍ കഴിഞ്ഞിട്ടില്ല.

Read More >>