സിഎഎ നടപ്പിലാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം; പ്രമേയം പാസാക്കാൻ അനുമതിയുണ്ടെന്നും നിർമ്മല സീതാരാമൻ

പാര്‍ലമെന്റ് പാസാക്കിയ നിയം നടപ്പിലാക്കുകയെന്നത് എല്ലാ സംസ്ഥാനങ്ങളുടേയും ഉത്തരവാദിത്വമാണ്.

സിഎഎ നടപ്പിലാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം; പ്രമേയം പാസാക്കാൻ അനുമതിയുണ്ടെന്നും നിർമ്മല സീതാരാമൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പ്രമേയങ്ങൾ പാസാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അനുമതിയുണ്ടെങ്കിലും നിയമം നടപ്പാക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പാര്‍ലമെന്റ് പാസാക്കിയ നിയം നടപ്പിലാക്കുകയെന്നത് എല്ലാ സംസ്ഥാനങ്ങളുടേയും ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.

പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനുള്ള ചില സംസ്ഥാനങ്ങളുടെ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ധനമന്ത്രി പ്രതികരിച്ചു. 'ഒരു സംസ്ഥാന നിയമസഭ സിഎഎയ്ക്കെതിരായ പ്രമേയം പാസാക്കി. അതൊരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നതുപോലെയാണ്. ഞങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിയും. അവര്‍ക്ക് അതുമായി മുന്നോട്ട് പോകാം, ഞങ്ങള്‍ എതിർക്കില്ല. എന്നാല്‍ അവര്‍ സിഎഎ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ അത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണ്'- നിർമ്മല പറഞ്ഞു.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള, പഞ്ചാബ് സര്‍ക്കാരുകള്‍ പ്രമേയം പാസക്കിയിരുന്നു. നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹർജിയും ഫയല്‍ ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിനിറങ്ങുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎയ്ക്കെതിരെ 60 ഓളം ഹരജികളാണ് ഇതിനകം സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.

Read More >>