അറസ്റ്റിലായത് 2,000 പേർ; കശ്മീരിൽ സൈന്യത്തിന്റെ അതിക്രമമെന്ന് ന്യൂയോർക് ടൈംസ്

അതേസമയം,രാഹുൽ ഗാന്ധി എം.പിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീരിലെത്തും

അറസ്റ്റിലായത് 2,000 പേർ; കശ്മീരിൽ സൈന്യത്തിന്റെ അതിക്രമമെന്ന് ന്യൂയോർക് ടൈംസ്

ശ്രീനഗർ: ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കയതിന് പിന്നാലെ ജമ്മു-കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിക്രമമെന്ന് ന്യൂയോർക് ടൈംസ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഏകദേശം 2,000 പേരെയാണ് കാരണം കൂടാതെ സൈന്യം പിടിച്ചുകൊണ്ടുപോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബിസിനസുകാർ, മനുഷ്യാവകാശ പ്രവർത്തകർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, 14 വയസ്സിന് താഴെയുള്ള കുട്ടികൾ തുടങ്ങിയവരെയാണ് സൈന്യം തടവിലാക്കിയിരിക്കുന്നത്. അറസ്റ്റിലായ പലരേയു വ്യോമമാർഗം ലഖ്‌നൗ, ആഗ്ര ജയിലുകളിലേക്ക് മാറ്റിയതായും ചിലരെ ബനാറസിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിലായവർക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയതെന്ന് ഇതുവരെ സൈന്യം വ്യക്തമാക്കിയിട്ടില്ല. കശ്മീരിലെ മുക്കിലും മൂലയിലും സൈന്യവും പൊലീസും കാവൽ നിൽക്കുകയാണ്. ശ്രീനഗറിൽ മാത്രം ആയിരത്തോളം സൈനികരും പൊലീസുമാണ് പട്രോളിങ് നടത്തുന്നത്.

അതേസമയം,രാഹുൽ ഗാന്ധി എം.പിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീരിലെത്തും. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള അവസ്ഥ വിലയിരുത്താൻ ഇവിടം സന്ദർശിക്കണമെന്ന ഗവർണർ സത്യപാൽ മലികിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പുറപ്പെടുന്നത്. രാഹുലിനൊപ്പം ഒമ്പത് പ്രതിപക്ഷ നേതാക്കളും പുറപ്പെടുന്നുണ്ട്.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് ഒപ്പമുള്ളത്. ഇവർ രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികളെയും കാണുമെന്നാണ് കരുതുന്നത്.

കശ്മീരിലെ ദുരിതപൂർണമായ അവസ്ഥയെക്കുറിച്ച് രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഗവർണർ രാഹുൽ വരണമെന്നും വേണമെങ്കിൽ വിമാനം അയക്കാമെന്നും പറഞ്ഞത്. തൊട്ടുപിന്നാലെ രാഹുൽ ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ചു.

യാത്രക്ക് വിമാനം വേണ്ടെന്നും സ്വതന്ത്രമായി യാത്രചെയ്യാനും ജനങ്ങളെയും പട്ടാളക്കാരെയും കാണാനും അനുവദിച്ചാൽ മതിയെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുൽ ഉപാധികൾ വെക്കുകയാണെന്നും പ്രശ്നമുണ്ടാക്കാൻ പ്രതിനിധിസംഘവുമായി വരുകയാണെന്നും ഇതിന് മറുപടിയായി ഗവർണർ പറഞ്ഞു. ഗവർണർ നിലപാടിൽനിന്ന് പിറകോട്ടു പോയതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. വാക്കിൽ ഉറച്ചു നിൽക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More >>