ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ രൂക്ഷ വിമർശനവുമായി അധിർ രഞ്ജൻ ചൗധരി; രാജ്യത്തിന്റെ നിയമവ്യവസ്ഥയെ കേന്ദ്രം അപമാനിക്കുന്നു

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ രൂക്ഷ വിമർശനവുമായി അധിർ രഞ്ജൻ ചൗധരി; രാജ്യത്തിന്റെ നിയമവ്യവസ്ഥയെ കേന്ദ്രം അപമാനിക്കുന്നു

ന്യൂഡൽഹി: ലോകസ്ഭയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഡൽഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലം മാറ്റം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. അധികാരത്തിന്റെ മത്ത് പിടിച്ച സർക്കാരിന്റെ അഹങ്കാരമാണ് ഈ നടപടിയെന്ന് കോൺഗ്രസ് നേതാവ് മനിഷ് തിവാരി ആരോപിച്ചു.

വ്യക്തമായ കാരണമില്ലാതെയാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്. ഡൽഹി കലാപത്തിന്റെ വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ നീതിക്കും നിയമത്തിനും ഉയർന്ന സ്ഥാനം നൽകുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും അദ്ദഹം പറഞ്ഞു.

അതേസമയം, ജസ്റ്റിസ് മുരളീധറിന്റെ അർദ്ധരാത്രിയിലെ സ്ഥലം മാറ്റം നാണക്കേടും സങ്കടവുമാണ് ഉണ്ടാക്കുന്നതെന്നു പ്രിയങ്ക ട്വീറ്റ് ചെയ്തു. നിലവിലെ സ്ഥിതിഗതികൾ വച്ചു നോക്കുമ്പോൾ ഇതിൽ അത്ഭുപ്പെടാനില്ലെന്നും അവർ പറഞ്ഞു. എന്നാൽ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓർമിപ്പിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 'സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓർക്കുന്നു'-എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

Next Story
Read More >>