പർവേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു; ഗായകൻ മിക സിങ്ങിന് ഇന്ത്യയിൽ വിലക്ക്

പരിപാടി നടത്താന്‍ ഏകദേശം ഒരു കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്

പർവേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു; ഗായകൻ മിക സിങ്ങിന് ഇന്ത്യയിൽ വിലക്ക്

ന്യൂഡൽഹി: കറാച്ചിയിൽ മുൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ ബന്ധുവിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുത്ത ഗായകൻ മിക സിങ്ങിനെതിരെ ബോയ്‌കോട്ട് ആഹ്വാനവുമായി സിനിമാ സംഘടനയായ ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ(എ.ഐ.സി.ഡബ്ല്യൂ.എ).

ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എ.ഐ.സി.ഡബ്ല്യൂ.എ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ നിർമ്മാണ കമ്പനികളിലും സംഗീത കമ്പനികളിലും ഓൺലൈൻ സംഗീത നിർമ്മാണത്തിലും മിക സിങ്ങിനെ ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം. ഇന്ത്യയിൽ ആരും മിക സിങ്ങിനൊപ്പം പ്രവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ആരെങ്കിലും വിലക്ക് മറികടന്ന് അദ്ദേഹവുമായി സഹകരിച്ചാൽ അവർ നിയമ നടപടി നേരിടേണ്ടിവരുമെന്നും എ.ഐ.സി.ഡബ്ല്യൂ.എ പ്രസിഡന്റ് സുരേഷ് ഗുപ്ത പറഞ്ഞു.


ജമ്മുകശ്മീരിനുളള പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കെ മിക സിങ് രാജ്യത്തേക്കാൾ പ്രാധാന്യം പണത്തിന് നൽകിയെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

പർവേസ് മുഷറഫിന്റെ കസിന്റെ മകളുടെ വിവാഹ ചടങ്ങളിൽ പരിപാടി അവതരിപ്പിക്കുന്ന മിക സിങ്ങിന്റ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനായി അദ്ദേഹത്തിന് ഏകദേശം ഒരു കോടി രൂപയാണ് പ്രതിഫലമായി നൽകിയത്.

പാകിസ്താനിൽ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് പരോക്ഷ വിലക്ക് നിലനിൽക്കെ മിക സിങ്ങിനും സഹപ്രവർത്തകർക്കും 30 ദിവസത്തെ വിസയാണ് പാകിസ്താൻ അനുവദിച്ചത്. കറാച്ചി, ലാഹോർ,ഇസ്ലാമാബാദ് എന്നിവിടങ്ങൾ സന്ദർശിക്കാനാണ് വിസയെന്ന് പാകിസ്താൻ വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Read More >>