'ട്രംപിന്റെ സ്വീകരണ പരിപാടിയിൽ, ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂ...; 70 ലക്ഷമല്ല ഏഴു കോടി ആളുകളുണ്ടാകും'- മോദിയെ പരിഹസിച്ച് അല്‍ക്ക ലാംബ

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് മികച്ച സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പ്രതികരിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇന്ത്യാസന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് ആളെ കൂട്ടാനുള്ള മുന്നൊരുക്കങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് ചെറിയ മുതലാളി വിചാരിച്ചാല്‍ വലിയ മുതലാളിയുടെ സ്വീകരണ പരിപാടിയില്‍ 70 ലക്ഷമല്ല ഏഴ്‌കോട് ആളുകളെ പങ്കെടുപ്പിച്ച് തൊഴില്‍ മേളയാക്കമെന്നായിരുന്നു കോൺ​ഗ്രസ് നേതാവിൻെറ പരിഹാസം.

"അമേരിക്കയുടെ വലിയ മുതലാളിയുടെ വരവോടനുബന്ധിച്ച് ഗുജറാത്തിലെ 70 ലക്ഷം ജനങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണ് ചെറിയ മുതലാളി. മുതലാളി ആഗ്രഹിക്കുകയാണെങ്കില്‍ തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് ഈ സംഖ്യ ഏഴ് കോടിയിലെത്തിക്കാവുന്നതാണ്. ഒരു തൊഴില്‍ മേള സംഘടിപ്പിച്ച് സൗജന്യഭക്ഷണം കൂടി ഏര്‍പ്പാട് ചെയ്യൂ,"- അല്‍ക്ക ലാംബ ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് മികച്ച സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പ്രതികരിച്ചിരുന്നു. വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേരുണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതായാണ് ട്രംപ് പറഞ്ഞത്. ഫെബ്രുവരി 24ാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.

യുഎസ് പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നു മണിക്കൂർ നേരത്തെ ഗുജറാത്ത് സന്ദർശനത്തിന് 100 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട്.സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചെലവ് നോക്കരുതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നിർദ്ദേശം നൽകിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഹമ്മദാബാദ് കോർപ്പറേഷൻ മാത്രം ചെലവഴിക്കുന്നത് 80 മുതല്‍ 85 കോടി രൂപ വരെയെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോര്‍പ്പറേഷന്‍ ചെലവഴിക്കുന്ന മൊത്തം പണം ഗുജറാത്തിന്റെ വാർഷിക ബജറ്റിന്റെ 1.5% ത്തിന് തുല്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story
Read More >>