എല്ലാകണ്ണുകളും അദിതി സിങിലേക്ക്; പ്രിയങ്കയുടെ റായ്‌ബേലി സന്ദര്‍ശനം നിർണ്ണായകമാകുമോ?

അദിതി ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്. നേരത്തെ ഇവർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയത് വലിയ വാർത്തയായിരുന്നു.

എല്ലാകണ്ണുകളും അദിതി സിങിലേക്ക്;  പ്രിയങ്കയുടെ റായ്‌ബേലി സന്ദര്‍ശനം നിർണ്ണായകമാകുമോ?

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ദ്വിദിന യു.പി സന്ദര്‍ശനം ആരംഭിച്ചു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബേലിയിലാണ് പ്രിയങ്ക ഇന്നും നാളെയും സന്ദര്‍ശനം നടത്തുക. കോൺ​ഗ്രസ് യു.പി അദ്ധ്യക്ഷനായി അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി രൂപീകരിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ പുതിയ കമ്മറ്റി അംഗങ്ങള്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പ്രിയങ്ക സംസാരിക്കും. എന്നാല്‍ പ്രിയങ്കയുടെ സന്ദര്‍ശനത്തിനിടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത് കോണ്‍ഗ്രസിന്റെ വിമത എംഎല്‍എ അദിതി സിങിലേക്കാണ്. ഒരിക്കല്‍ പ്രിയങ്കയുടെ അടുപ്പക്കാരിയായിരുന്ന ഇവര്‍ ഇപ്പോള്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്.

ഇതിനിടെ അദിതി ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്. നേരത്തെ ഇവർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയത് വലിയ വാർത്തയായിരുന്നു.ഈ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് പ്രിയങ്ക വീണ്ടും യു.പിയിലെത്തുന്നത്. എന്നാൽ നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനം എന്നാണ് ഔദ്യോഗിക വിശദീകരണം.

സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആശയപരമായ നിലപാട് ഇല്ലാത്തവര്‍ക്ക് എങ്ങോട്ടു വേണമെങ്കിലും പോകാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ പാര്‍ട്ടി വിപ്പ് ലംഘിച്ച് യു.പി നിയമസഭയിലെ പ്രത്യേക സെഷനില്‍ പങ്കെടുത്തതോടെയാണ് അദിതിയും പാർട്ടിയും തമ്മിൽ തുറന്ന യുദ്ധം ആരംഭിക്കുന്നത്.

ഇതിന് കാരണം കാണിക്കൽ നോട്ടീസും പാർട്ടി നേതൃത്വം അദിതിക്ക് നൽകിയിട്ടുണ്ട്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ദ്വിദിന സെഷനിലാണ് ഇവര്‍ പങ്കെടുത്തത്. എല്ലാ പ്രതിപക്ഷ കക്ഷികളും സമ്മേളനം ബഹിഷ്‌കരിക്കുകയും സര്‍ക്കാറിനെതിരെയുള്ള സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ പങ്കെടുക്കാതെയാണ് ഇവര്‍ സഭാ സമ്മേളനത്തില്‍ എത്തിയിരുന്നത്.

Read More >>