കുടിവെള്ളത്തിലും ജാതി; ദളിതര്‍ക്ക് വെള്ളം നിഷേധിച്ച് സവര്‍ണര്‍

എല്ലാ വേനല്‍ക്കാലത്തും പണക്കാരും സവര്‍ണരും പൈപ്പുകള്‍ക്ക് പൂട്ടിടുമെന്നും ഇല്ലെങ്കില്‍ പൈപ്പില്‍ വെള്ളമുണ്ടാകില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

കുടിവെള്ളത്തിലും ജാതി;  ദളിതര്‍ക്ക് വെള്ളം നിഷേധിച്ച് സവര്‍ണര്‍

രാജ്യം മുഴുവന്‍ കൊടും ചൂട് അനുഭവിക്കുന്ന സമയത്ത് പൈപ്പ് വെള്ളം ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നാലോ? അതും ജാതിയുടെ പേരില്‍! യു.പിയിലെ ബുണ്ടേല്‍ഖാഢില്‍ എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് പിന്നാക്ക ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കും വെള്ളം ലഭിക്കാറില്ല. ദലിത് യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇക്കാര്യം ദേശീയ മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുന്നത്.

ലഖ്നൗവില്‍ നിന്ന് 250 കിലോമീറ്റര്‍ മാറി ചിത്രകൂട് ജില്ലയിലെ കാലുപൂര്‍ ഗ്രാമത്തിലെ സുനിതദേവിയാണ് സര്‍ക്കാര്‍ സ്ഥാപിച്ച പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ ധനിക, സവര്‍ണ ജാതിക്കാര്‍ അനുവദിക്കുന്നില്ലെന്നു കാട്ടി പരാതി നല്‍കിയത്. ജലക്ഷാമം രൂക്ഷമായ സമയത്ത് വെള്ളമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ മര്‍ദ്ദിച്ചതായും സുനിത പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ സ്ഥാപിച്ച അഞ്ച് പൈപ്പുകള്‍ ഗ്രാമത്തിലുണ്ട്. ഇതില്‍ ഒന്നു മാത്രമാണ് തങ്ങളെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നത്. എന്നാലിപ്പോള്‍ അതും ഉപയോഗിക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നു സുനിത പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച വരെ ഒരു പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ ദരിദ്രരായ ഗ്രാമവാസികളെ സവര്‍ണര്‍ അനുവദിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച അവര്‍ വന്ന് കുടിവെള്ളമെടുക്കുന്നത് തടഞ്ഞു. എതിര്‍ത്ത തങ്ങളെ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ തീക്കൊളുത്തി കൊല്ലുമെന്നു ഭീക്ഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

ചിത്രകൂടില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നു പ്രദേശവാസികള്‍ പറയുന്നു. എല്ലാ വേനല്‍ക്കാലത്തും പണക്കാരും സവര്‍ണരും പൈപ്പുകള്‍ക്ക് പൂട്ടിടുമെന്നും ഇല്ലെങ്കില്‍ പൈപ്പില്‍ വെള്ളമുണ്ടാകില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍സിങ് അറിയിച്ചു. അതിക്രമം കാണിച്ചവരോട് പൈപ്പിന് പൂട്ടിടരുതെന്നും എല്ലാവര്‍ക്കും ഉള്ളതാണെന്നും പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും അവകാശപ്പെട്ട വെള്ളം പിടിച്ചു വയ്ക്കുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയല്ല, അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്ത് സ്വന്തമായി പൈപ്പ്, കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷത്തിലധികം രൂപ വേണം. അതിനാല്‍ തന്നെ മിക്ക ഗ്രാമവാസികളും കനത്ത ചൂടില്‍ കിലോ മീറ്ററുകള്‍ നടന്ന് പൈപ്പ് വെള്ളം ശേഖരിക്കുകയാണ് ചെയ്യുന്നത്.

Read More >>