നോട്ട് നിരോധനത്തിന് പിന്നാലെ സി.എ.എയും; വിനീത വിധേയരായി നമ്മൾ ഒരിക്കൽക്കൂടി വരിനിൽക്കാൻ പോകുകയാണോ?-അരുന്ധതി റോയ്

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ നിയമത്തിനെതിരെ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു

നോട്ട് നിരോധനത്തിന് പിന്നാലെ സി.എ.എയും; വിനീത വിധേയരായി നമ്മൾ ഒരിക്കൽക്കൂടി വരിനിൽക്കാൻ പോകുകയാണോ?-അരുന്ധതി റോയ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ രൂക്ഷ വിമർശനവുമായി നൊബേൽ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അവർ ആരോപിച്ചു.

"മൂന്നുവർഷം മുൻപ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത നോട്ടുനിരോധനം എന്ന നയം നമുക്കു മേൽ ചുമത്തപ്പെട്ടതിന്റെ ഫലമായി നമ്മൾ ബാങ്കുകൾക്കു പുറത്ത് വിനീതവിധേയരായി വരി നിന്നു. ഇപ്പോൾ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നമ്മുടെ ഭരണഘടനയുടെ നട്ടെല്ല് തകർക്കാനും കാൽച്ചുവട്ടിലെ ഭൂമി പിളർത്താനും തയ്യാറെടുക്കുകയാണ്. 1935-ൽ നാസി ഭരണകാലത്തു നടപ്പാക്കിയ ന്യൂറംബർഗ് നിയമങ്ങളുടെ ഫലത്തെ ഓർമിപ്പിക്കും വിധം വിനീത വിധേയരായി നമ്മൾ ഒരിക്കൽക്കൂടി വരിനിൽക്കാൻ പോകുകയാണോ? അങ്ങനെ നമ്മൾ ചെയ്യുകയാണെങ്കിൽ, ഇന്ത്യയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യാനന്തരം നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്."- അരുന്ധതി റോയ് പറഞ്ഞു. ഔദ്യോഗികമായി അവർ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിദ്യാർഥികളും രാഷ്ട്രീയപ്പാർട്ടികളും അടക്കുന്ന ജനത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവിൽ പ്രതിഷേധിക്കുകയാണ്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ നിയമത്തിനെതിരെ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

ജാമിയ മിലിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ചേതൻ ഭഗത് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം."സമ്പദ് വ്യവസ്ഥ തകർന്നു, ജോലികൾ അപ്രത്യക്ഷമാക്കുന്നു. ഇന്റർനെറ്റ് നിർത്തുന്നു, ലൈബ്രറികളിൽ പോലീസിനെ അയയ്ക്കുന്നു. യുവാക്കൾക്ക് ക്ഷമയുണ്ടാകാം, പക്ഷേ അതിന്റെ പരിധി പരീക്ഷിക്കരുത്."- ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.

പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞദിവസം സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്‌സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്.

ഒടുവിലായി യുവനടൻ ദുൽഖർ സൽമാനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,' ദുൽഖർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Next Story
Read More >>