കോൺഗ്രസിനെ പോലെ ബിജെപിയും അധികാരം ദുരുപയോഗം ചെയ്യുന്നു: മായാവതി

ബിജെപി മാത്രമല്ല കോൺഗ്രസും രാഷ്ട്രീയ നേട്ടത്തിനായി കള്ളം പറയുന്നു

കോൺഗ്രസിനെ പോലെ ബിജെപിയും അധികാരം ദുരുപയോഗം ചെയ്യുന്നു: മായാവതി

ലഖ്‌നൗ: ബിജെപിക്കും കോൺഗ്രസിനുമെതിരെ ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി. കോൺഗ്രസിനെ പോലെ രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി ബിജെപിയും അധികാരം ദുർവിനിയോഗം ചെയ്തുവെന്ന് മായാവതി ആരോപിച്ചു. ഇതിന്റെ പേരിൽ സാധാരണ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും മായാവതി വ്യക്തമാക്കി.

പൗരത്വ ഭേദദഗതി നിയമത്തിനെതിരെ ബിഎസ്പി പ്രതിഷേധിക്കുന്നില്ലെന്ന കോൺഗ്രസിന്റെ ആരോപണം കള്ളമാണെന്ന് മായാവതി കൂട്ടിച്ചേർത്തു.

'കോൺഗ്രസിനെ പോലെ ബിജെപിയും രാഷ്ട്രീയ വ്യക്തി താല്പര്യങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്യുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കയാണ്. ഇതിന്റെ പേരിൽ സാധാരണക്കാരുടെ ഭരണഘടന മൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും ഭീഷണിയിലാവുന്നു- മായാവതി പറഞ്ഞു.

ബിജെപിയുടെ നിരുത്തരവാദപരമായ നടപടികൾ രാജ്യത്തെ സാമ്പത്തിക പൊതു വളർച്ചയെ ബാധിച്ചു. ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവ ഉയരാൻ ഇടയാക്കി- തന്റെ 64ാം ജന്മദിനത്തിലായിരുന്നു മായാവതിയുടെ വിമർശനം.

മറ്റു പ്രതിപക്ഷ പാർട്ടികൾ സിഎഎക്കെതിരെ ശബ്ദമുയർത്തുന്നില്ലെന്ന് കോൺഗ്രസ് പറയുകയുണ്ടായി. എന്നാൽ ഇത് പച്ചക്കള്ളമാണ്. ബിജെപി മാത്രമല്ല കോൺഗ്രസും രാഷ്ട്രീയ നേട്ടത്തിനായി കള്ളം പറയുന്നു.സിഎഎക്കെതിരെ ആദ്യമായി ശബ്ദമുയർത്തിയും സമാധാനപരമായി പ്രതിഷേധിച്ചതും ബിഎസ്പിയാണെന്ന സത്യം കോൺഗ്രസ് മനസ്സിലാക്കണമെന്ന് മായാവതി പറഞ്ഞു.

Read More >>