ആനവാലില്‍ തീ, അഥവാ ബിപ്ലബ് ഹസ്റയുടെ ആനച്ചിത്രങ്ങള്‍

വന്യജീവി ഫോട്ടോഗ്രഫിയിൽ മികച്ച പ്രതിഭ തെളിയിച്ചതിൽ കർണാടക ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഈ പ്രതിഭ.

ആനവാലില്‍ തീ, അഥവാ ബിപ്ലബ് ഹസ്റയുടെ ആനച്ചിത്രങ്ങള്‍

പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയിൽ നിന്നും ബിപ്ലബ് ഹസ്‌റ പകർത്തിയ കുട്ടിയാനയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിൻഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് ഈ കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തിൽ തീ കൊളുത്തിയ ശേഷം ഓടുന്ന ആൾക്കൂട്ടത്തെയും കാണാം. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണു വേദനയോടെ പങ്കുവച്ചിരിക്കുന്നത്. അമച്വർ വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്ലബ് ഹസ്റയാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. നരകം ഇവിടെയാണ് എന്നായിരുന്നു ഈ ചിത്രത്തിനു ബിപ്ലബ് നൽകിയ തലക്കെട്ട്. ചിത്രം കാണുന്നവർക്കു മനസിൽ തോന്നുന്ന കാര്യം തന്നെയാണ് ബിപ്ലബ് തലക്കെട്ടാക്കിയതെന്നു തീർച്ച. പശ്ചിമബംഗാൾ, അസം, ബിഹാർ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഇപ്പോഴും വന്യജീവികൾക്കെതിരേ കൊടും ക്രൂരത അരങ്ങേറുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് ബിപ്ലബ് ഹസ്റ വ്യക്തമാക്കുന്നു.


കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളിൽ പെട്രോൾ നിറച്ചെറിഞ്ഞ ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുക. ആനകൾ നാട്ടിലിറങ്ങുന്നതു തടയാനെന്ന പേരിലാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്. വന്യജീവി വകുപ്പിന് ഇതുതടയാനും ഇതിനെതിരെ കാര്യമായ നടപടിയെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിപ്ലബ് കുറ്റപ്പെടുത്തുന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകരുൾപ്പെടെയുള്ളവർ ഞെട്ടലോടെയാണ് ആനക്കുട്ടിയുടേയും അമ്മയുടേയും ഈ ദയനീയാവസ്ഥ കണ്ടു ചിത്രം പങ്കുവച്ചത്. ഈ ക്രൂരതയ്ക്കെതിരെ കടുത്ത നിലപാടെടുക്കാനാണ് ഇവരുടെ തീരുമാനം. എന്തായാലും ചിത്രം ലോകമാദ്ധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ബിപ്ലബ് ഹസ്‌റ പങ്കുവെച്ച ചിത്രത്തിന് മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌ക്കാരം അദ്ദേഹത്തിനു ലഭിച്ചു.

ബങ്കൂര ജില്ലയിലാണ് ബിപ്ലബ് ജനിച്ചതും വളർന്നതും. 2000ത്തിന്റെ തുടക്കത്തിലാണ് ബിപ്ലബ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. ബിസിനസ് കുടുംബത്തിൽ നിന്നും ഫോട്ടോഗ്രഫിയിലേക്ക് ചുവടു വെച്ചപ്പോൾ അവിടെ കാണാൻ കഴിഞ്ഞത് ഫോട്ടോഗ്രഫിയോടുള്ള ബിപ്ലബിന്റെ അടങ്ങാത്ത അഭിനിവേശമാണ്. കുട്ടിക്കാലത്തേ കാടിനോടും മൃഗങ്ങളോടും അതീവ താൽപര്യമായിരുന്നു ബിപ്ലബിന്. ഈ ശ്രദ്ധയില്‍‍ നിന്ന് വികസനത്തിന്റെ നാമ്പുകൾ കാടിനേയും മൃഗങ്ങളേയും എങ്ങനെയൊക്കെ ബാധിക്കുന്നുണ്ടെന്ന് ബിപ്ലബിന് മനസ്സിലായി. പ്രത്യേകിച്ച് ആനകളെ ബാധിക്കുന്ന കാര്യങ്ങള്‍.

ലോകത്ത് ഏറ്റവും കൂടുതൽ ഏഷ്യൻ ആനകളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷെ എഴുപത് ശതമാനത്തോളം ആനകൾക്ക് മതിയായ വാസസ്ഥലം ലഭ്യമല്ല. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ആനകൾ എത്തുവാനുള്ള പ്രധാനകാരണമിതാണ്. ഇത്തരം സംഭവങ്ങൾ നടക്കുന്നത് പ്രധാനമായും ആസാം, തമിഴ്‌നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലാണ്. എന്നാൽ ഓരോവർഷവും ആനയുടെ ആക്രമണത്തിൽ നൂറു പേർ ഇന്ത്യയിൽ മരിക്കുന്നുമുണ്ട്. അതിനൊപ്പം തന്നെ മനുഷ്യരുടെ ആക്രമണത്തിൽ ആനകളും ക്രൂരമായി കൊല്ലപ്പെടുന്നുണ്ട്.

ശേഷം ഈയടുത്ത് ബിപ്ലബ് എടുത്ത മറ്റൊരു ഫോട്ടോയും മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു. ആനയും ആനക്കുട്ടിയും ഒരു റെയിൽവെ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതാണ് ചിത്രം. അസാധ്യമായത് തേടുന്നു എന്നാണ് ഇതിന് അദ്ദേഹം കൊടുത്ത ക്യാപ്ഷൻ. ആനകളുടെ ഇടത്താവളത്തിനടുത്താണ് റെയിൽവെ ട്രാക്ക് പണികഴിപ്പിട്ടുള്ളത്. എന്തു തരം വികസനമാണ് അധികാരികൾ ലക്ഷ്യമിടുന്നതെന്ന് മനസ്സിലാവുന്നില്ല- ബിപ്ലബ് തന്റെ ആശങ്ക അറിയിക്കുന്നു. വന്യജീവി ഫോട്ടോഗ്രഫിയിൽ മികച്ച പ്രതിഭ തെളിയിച്ചതിൽ കർണാടക ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഈ പ്രതിഭ. അതിന്റെ ഭാഗമായി കെനിയയിലെ മാസയ് മാര നാഷണൽ റിസേർവിലും ഇദ്ദേഹത്തിന് സന്ദർശിക്കാനായി.

ഊണും ഉറക്കവുമില്ലാതെ ഫോട്ടോഗ്രഫിക്കായി ജീവിതം ഉഴിഞ്ഞു വച്ച ബിപ്ലബ് മരണത്തെ മുന്നിൽ കണ്ട സന്ദർഭങ്ങളും ഏറെയാണ്. എന്നിരുന്നാലും ആനകൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നുകൊണ്ടേയിരിക്കും. തന്റെ ചിത്രങ്ങളിലൂടെ...

Read More >>